പ്രതീകാത്മക ചിത്രം.

പാര്‍ട്ടിവിരുദ്ധ പോസ്റ്റുകള്‍ക്ക്, ചുമതലപ്പെടുത്തുന്നവര്‍ കൃത്യമായ മറുപടി കമന്റ് ബോക്‌സില്‍ നല്‍കും. ഇത്തരം കമന്റുകള്‍ ലൈക്കുകൊണ്ട് മൂടുകയാണ് സൈബര്‍ ആര്‍മിയുടെ ചുമതല. പാര്‍ട്ടിവിരുദ്ധ പോസ്റ്റിനെക്കാള്‍ ലൈക്ക് പാര്‍ട്ടിയുടെ കമന്റിനു കിട്ടണം.

തിരഞ്ഞെടുപ്പ് കാലത്ത് സാമൂഹികമാധ്യമ പോസ്റ്റുകളും ട്രോളുകളും ആദ്യ മൂന്നുമിനിറ്റില്‍ത്തന്നെ താഴെത്തട്ടില്‍ എത്തിക്കണമെന്ന് വര്‍ഗബഹുജന സംഘടനകളുടെ ‘സൈബര്‍ ആര്‍മി’യോട് സി.പി.എം. ആദ്യ മൂന്നുമിനിറ്റില്‍ പ്രചരിപ്പിക്കാന്‍ ഓരോ സംഘടനയ്ക്കും ടാര്‍ജറ്റ് നല്‍കിയിട്ടുണ്ട്. ഇതിനായി ഓരോ സംഘടനയുടെയും സൈബര്‍ ആര്‍മിക്ക് എ.കെ.ജി. സെന്ററില്‍വെച്ച് സാങ്കേതികവിദഗ്ധരുടെ ക്ലാസ് നല്‍കി. പാര്‍ട്ടി അംഗങ്ങളും അനുഭാവികളും യാത്രാവേളകളിലടക്കം സ്മാര്‍ട്ട് ഫോണ്‍ തുറന്നുവെച്ച് ജാഗരൂകരാകണമെന്നും ആദ്യമിനിറ്റില്‍ത്തന്നെ ലൈക്കും ഷെയറും കമന്റും ചൊരിയണമെന്നുമാണ് നിര്‍ദേശം.

പാര്‍ട്ടിയുടെയും നേതാക്കളുടെയും ഔദ്യോഗികപേജുകളില്‍ വരുന്ന പോസ്റ്റുകളും ട്രോളുകളുമാണ് മൂന്നുമിനിറ്റില്‍ പ്രചരിപ്പിക്കേണ്ടത്. പാര്‍ട്ടിവിരുദ്ധ പോസ്റ്റുകള്‍ അതിവിദഗ്ധമായി കൈകാര്യം ചെയ്യണമെന്നാണ് പറഞ്ഞിരിക്കുന്നത്.

പാര്‍ട്ടിവിരുദ്ധ പോസ്റ്റുകള്‍ക്ക്, ചുമതലപ്പെടുത്തുന്നവര്‍ കൃത്യമായ മറുപടി കമന്റ് ബോക്‌സില്‍ നല്‍കും. ഇത്തരം കമന്റുകള്‍ ലൈക്കുകൊണ്ട് മൂടുകയാണ് സൈബര്‍ ആര്‍മിയുടെ ചുമതല. പാര്‍ട്ടിവിരുദ്ധ പോസ്റ്റിനെക്കാള്‍ ലൈക്ക് പാര്‍ട്ടിയുടെ കമന്റിനു കിട്ടണം. അങ്ങനെയാകുമ്പോള്‍ പോസ്റ്റിന്റെ പ്രസക്തിതന്നെ ഇല്ലാതാകും.

താഴേത്തട്ടില്‍വരെ സ്റ്റുഡിയോ സംവിധാനമടക്കം ക്രമീകരിച്ച് വിപുലമായ സാമൂഹികമാധ്യമ പ്രചാരണമാണ് ഇത്തവണ സി.പി.എം. നടത്തുന്നത്. വര്‍ഗബഹുജന സംഘടനകളുടെ വിവിധ ഘടകങ്ങള്‍ തയ്യാറാക്കുന്ന പോസ്റ്ററുകളും ചെറുവീഡിയോകളും പരസ്പരം കൈമാറി ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. പ്രാരംഭമായി സിപി.എം. 60 ചെറുവീഡിയോകളാണ് തയ്യാറാക്കുന്നത്.