സ്‌കോഡ എപ്പിക് | Photo: Skoda Auto
ഇ എന്ന അക്ഷരത്തില്‍ ആരംഭിച്ച് ക്യൂ എന്ന അക്ഷരത്തില്‍ അവസാനിക്കുന്ന തരത്തിലാണ് എപ്പിക് എന്ന പേര് നല്‍കിയിരിക്കുന്നത്.
ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ വാഹന നിരയിലേക്ക് എത്തുന്ന പുതിയ ഇലക്ട്രിക് മോഡലിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി. കോംപാക്ട് എസ്.യു.വി. ശ്രേണിയിലേക്ക് 2025-ല്‍ എത്തുന്ന ഈ വാഹനം എപ്പിക് എന്ന പേരിലായിരിക്കും അവതരിപ്പിക്കുക. യൂറോപ്യന്‍ വിപണികളില്‍ സ്‌കോഡ എത്തിച്ചിട്ടുള്ള കാമിക്കിനും ഫോക്‌സ്‌വാഗണ്‍ ഇറക്കിയിട്ടുള്ള ടി ക്രോസിനും പകരമായിരിക്കും എപ്പിക് ഇലക്ട്രിക് എത്തുകയെന്നാണ് വിലയിരുത്തലുകള്‍. ഇന്ത്യയിലേക്കും ഈ വാഹനത്തെ പരിഗണിച്ചേക്കും.
സ്‌കോഡ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പേര് നല്‍കുന്നതില്‍ പാലിക്കുന്ന കീഴ്‌വഴക്കം ഈ വാഹനത്തിന്റെ കാര്യത്തിലും പിന്തുടര്‍ന്നിട്ടുണ്ട്. ഇ എന്ന അക്ഷരത്തില്‍ ആരംഭിച്ച് ക്യൂ എന്ന അക്ഷരത്തില്‍ അവസാനിക്കുന്ന തരത്തിലാണ് എപ്പിക് (Epiq)എന്ന പേര് നല്‍കിയിരിക്കുന്നത്. യൂറോപ്യന്‍ വിപണിയില്‍ 25,000 യൂറോ (22.5 ലക്ഷം രൂപ) ആയിരിക്കും ഈ വാഹനത്തിന്റെ വില. ഭാവിയില്‍ ഇതിലും കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് വാഹനങ്ങളും സ്‌കോഡ പുറത്തിറക്കുമെന്നാണ് വിലയിരുത്തല്‍.

സ്‌കോഡയുടെ ന്യൂജനറേഷന്‍ ഡിസൈന്‍ ലാംഗ്വേജ് അനുസരിച്ചാണ് എപ്പിക് ഒരുക്കിയിരിക്കുന്നത്. വീതി കുറഞ്ഞ ഗ്രില്ല്, ഫ്‌ളൈയിങ്ങ് ആരോ ലോഗോയ്ക്ക് പകരം സ്‌കോഡ എന്ന ബാഡ്ജിങ്ങ് നല്‍കിയിരിക്കുന്ന വിശാലമായ ബോണറ്റ്, ടി ഷേപ്പില്‍ ഒരുങ്ങിയിട്ടുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്‍ എന്നിവയാണ് മുന്‍വശത്തെ ഡിസൈന്‍ സവിശേഷത. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേകം ഒരുക്കിയിട്ടുള്ള അലോയി വീലുകളും സ്‌ട്രോങ്ങ് ഷോള്‍ഡര്‍ ലൈനുകളുമാണ് വശങ്ങള്‍ക്ക് എസ്.യു.വി. ഭാവം നല്‍കുന്നത്.
അഞ്ച് സീറ്റ് ലേഔട്ടുമായി ലളിതമായ രൂപകല്‍പ്പനയിലാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. അത്യാവശ്യ വിവരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, നിലവിലെ സ്‌കോഡ വാഹനങ്ങളിലേതിന് സമാനമായ ഡാഷ്‌ബോര്‍ഡ് ഡിസൈന്‍, സ്‌കോഡ ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ള സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ അകത്തളത്തെ അലങ്കരിക്കുന്ന ഡിസൈനുകള്‍.

മെക്കാനിക്കല്‍ ഫീച്ചറുകളില്‍ ഇന്ത്യയില്‍ ഇന്നുള്ള ഇലക്ട്രിക് വാഹനങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്ന മോഡലായിരിക്കും എപ്പിക്ക്. 38 കിലോവാട്ട് മുതല്‍ 56 കിലോവാട്ട് വരെ ശേഷിയുള്ള ബാറ്ററിയായിരിക്കും എപ്പിക്കില്‍ നല്‍കുക. സിംഗിള്‍ മോട്ടോര്‍ മോഡലാണ് ഈ ഇലക്ട്രിക് എസ്.യു.വി. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള റേഞ്ച് ആയിരിക്കും എപ്പിക്കിന് ഉണ്ടാകുക. ഡിജിറ്റല്‍ കീ ഉള്‍പ്പെടെയുള്ള പുതുതലമുറ ഫീച്ചറുകളും ഈ ഇ.വിയില്‍ നൽകും.
