ഹ്യുണ്ടായി ക്രെറ്റ എൻലൈൻ

പുതിയ ഹ്യുണ്ടായ് ക്രെറ്റ വില്പനയില്‍ കമ്പനിയെപ്പോലും അദ്ഭുതപ്പെടുത്തി ജൈത്രയാത്ര തുടരുകയാണ്. പിന്നാലെയാണ് പെര്‍ഫോമന്‍സ് വിഭാഗത്തില്‍ എന്‍ എന്ന ടാഗ് ലൈനോടെ ക്രെറ്റ എന്‍ ലൈനുമായി എത്തുന്നത്. കാഴ്ചയില്‍ കൂടുതല്‍ ചടുലഭാവമാണ് എന്‍ ലൈനിന്റെ പ്രത്യേകത. പിന്നെ ചില മിനുക്കുപണികളും. ഇതിനുമുന്‍പ് ഐ 20-യും വെന്യുവുമെല്ലാം എന്‍ ലൈനിലെത്തിയതിനു പിന്നാലെയാണ് പുതിയ സൂപ്പര്‍ ബംബര്‍ ഹിറ്റിനും പുതുരൂപവുമായി കൊറിയന്‍ കമ്പനി എത്തുന്നത്. എന്‍ ലൈനിലെ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ക്രെറ്റയ്ക്കും അപ്പുറം

ഈ വര്‍ഷം തുടക്കത്തിലാണ് ക്രെറ്റയുടെ ഫെയ്‌സ് ലിഫ്റ്റ് പതിപ്പ് പുറത്തിറക്കുന്നത്. രണ്ടുമാസത്തിനുള്ളില്‍ തന്നെയാണ് എന്‍ ലൈനും വരുന്നത്. കാഴ്ചയുടെ പുതുമയാണ് പ്രധാനം. പരമ്പരാഗത എന്‍ ലൈനില്‍ തുടരുന്ന ചുവന്ന വരകള്‍ ആവോളമുണ്ട്. ഒപ്പം എന്‍ ലൈന്‍ ബാഡ്ജിങ്ങും. പുതിയ ബംബറുകള്‍, സൈഡ് സ്‌കര്‍ട്ടുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയില്‍ കണ്ണുടക്കും. പിന്നിലെ സ്‌പോയ്ലറും ഇരട്ട എക്‌സ്‌ഹോസ്റ്റും ചെറുപ്പക്കാരെ ആകർഷിക്കും.

നിറങ്ങളിലും പുതുമയുണ്ട്

അകത്തളത്തില്‍ കറുപ്പിനാണ് അഴക്. ഒപ്പം ചുവപ്പു കൂടി മേമ്പൊടിയാകുമ്പോള്‍ കലക്കും. ചുവന്ന ആംന്പിയന്റ് ലൈറ്റിങും സ്റ്റിയറിങ് വീലും ഗിയര്‍ ലിവറിലും മെറ്റല്‍ പെഡലുകളിലുമെല്ലാം എന്‍ ലൈന്‍ ബാഡ്ജിങ്ങുമുണ്ട്. സീറ്റുകളിലെ കറുത്ത ലെതറെറ്റ് അപ്‌ഹോള്‍സറിയില്‍ ചുവന്ന ആക്‌സന്റുകളും കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിങ്ങും സഹിതം ലോഗോയുമുണ്ട്.

വലിയ പനോരമിക് റൂഫ്, തണുപ്പിക്കുന്ന മുന്‍ സീറ്റുകള്‍, ഇന്‍സ്ട്രുമെന്റേഷനും ഇന്‍ഫോടെയ്ന്‍മെന്റിനുമായി ഡ്യുവല്‍ 10.25 ഇഞ്ച് സ്‌ക്രീനുകള്‍, ഡ്യുവല്‍ ഡാഷ് ക്യാം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ബോസില്‍നിന്നുള്ള 8 സ്പീക്കര്‍ ഓഡിയോ സിസ്റ്റം തുടങ്ങിയവയെല്ലാം ഉള്‍ക്കൊണ്ടിട്ടുണ്ട്. 6 എയര്‍ബാഗുകള്‍, ഓള്‍വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, 360 ഡിഗ്രി ക്യാമറകള്‍, ടി.പി.എം.എസ്., ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ലെവല്‍ 2 അഡാസ് എന്നിവയെല്ലാം സുരക്ഷയ്ക്കുമുണ്ട്.

കരുത്തില്‍ കേമന്‍

158 ബി.എച്ച്.പി. കരുത്തില്‍ പരമാവധി 253 എന്‍.എം. ടോര്‍ക്കുവരെ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് നെഞ്ചിനകത്ത്. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ് വാഹനത്തിലുള്ളത്. ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട് എന്നീ ഡ്രൈവ് മോഡുകളും സ്‌നോ, സാന്‍ഡ്, മഡ് എന്നീ ട്രാക്ഷന്‍ മോഡുകളും വരുന്നുണ്ട്.

ഡ്രൈവിങ് ആസ്വാദ്യം

ഡല്‍ഹി – മുംബൈ എക്‌സ്പ്രസ് പാതയില്‍ ഇരുനൂറിനരികിലേക്കൊക്കെ സൂചി കുതിച്ചുകയറുമ്പോഴും അകത്ത് ഒന്നുമറിയുന്നുണ്ടായിരുന്നില്ല. അത്രയ്ക്കുണ്ട് ഡ്രൈവിങ് സുഖം. 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്റെ ട്യൂണിങ് കിറുകൃത്യമാണ്. 7 സ്പീഡ് ഡി.സി.ടി. ഓട്ടോമാറ്റിക് മോഡല്‍ ഓടിക്കുമ്പോള്‍ ഗിയര്‍ ഷിഫ്റ്റിങ്ങൊക്കെ പെര്‍ഫെക്ടാണ്. ഈ കുതിരയെ നിയന്ത്രിക്കണമെങ്കില്‍ ഗിയര്‍ ലിവര്‍ സ്‌പോര്‍ട്ട് മോഡിലേക്ക് മാറ്റാം. സ്റ്റാന്‍ഡേര്‍ഡ് ക്രെറ്റയില്‍നിന്നുള്ള വ്യത്യാസം സസ്‌പെന്‍ഷനിലും സ്റ്റിയറിങ് വീലിലുമാണ്. കോര്‍ണറിങ്ങില്‍ സ്റ്റിയറിങ് വീലിന്റെ ഫീല്‍ ഒന്നു വേറെ തന്നെയാണ്. 18.2 കിലോമീറ്റര്‍ മൈലേജാണ് കമ്പനി പറയുന്നത്. വില വരുന്നത് എക്‌സ് ഷോറൂമില്‍ 16,82,300 രൂപയാണ്.