Photo | twitter.com/CricCrazyJohns

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് പുറത്തിറക്കിയ വീഡിയോ വൈറലാവുന്നു. സാമൂഹിക മാധ്യമങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഒരു സോഫയില്‍ ഇരിക്കുന്ന രംഗമാണ് വലിയ തോതിൽ പ്രചാരണത്തിനിടയാക്കിയത്.

ടീം ഉടമ നിത അംബാനി, സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ വീഡിയോയിലുണ്ട്. വീഡിയോയുടെ അവസാന ഭാഗങ്ങളിലാണ് രോഹിത് ശര്‍മയും ഹര്‍ദിക് പാണ്ഡ്യയും ഒരുമിച്ചുവരുന്ന ഭാഗമുള്ളത്. വീഡിയോയില്‍ ഇരുവരും സോഫയില്‍ അകന്നിരിക്കുന്നത് സംബന്ധിച്ച് ചിലര്‍ സംശയമുന്നയിക്കുന്നു.

ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് രോഹിത്തിനെ മാറ്റി ഹര്‍ദിക്കിനെ ചുമതലപ്പെടുത്തിയത് നേരത്തേ ആരാധകര്‍ക്കിടയിലും മറ്റും വലിയ അനിഷ്ടങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അതേ സമയം തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളില്ലെന്നാണ് ഹര്‍ദിക്കിന്റെ നിലപാട്. രോഹിതിന്റെ അനുഭവ സമ്പത്ത്‌ സീസണിലുടനീളം ടീമിന് മുതല്‍ക്കൂട്ടാവുമെന്നാണ് ഹര്‍ദിക് വിശ്വസിക്കുന്നത്.