Screengrab Courtesy: twitter.com/gharkekalesh
ബെംഗളൂരു: വീടിനുസമീപം കാര്‍ പാര്‍ക്ക് ചെയ്തതിന് ദമ്പതിമാര്‍ക്ക് നേരേ അയല്‍ക്കാരുടെ ആക്രമണം. ബെംഗളൂരു ദൊഡ്ഡനകുണ്ഡിയില്‍ താമസിക്കുന്ന സഹിഷ്ണു, ഭാര്യ രോഹിണി എന്നിവരെയാണ് അയല്‍ക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
അയല്‍ക്കാരുടെ വീടിനടുത്തുള്ള പൊതുസ്ഥലത്ത് ദമ്പതിമാര്‍ കാര്‍ നിര്‍ത്തിയിട്ടതാണ് തര്‍ക്കത്തിന് കാരണം. തുടര്‍ന്ന് ഇവര്‍ വീട്ടില്‍നിന്നിറങ്ങി ദമ്പതിമാരെ ആക്രമിക്കുകയായിരുന്നു. സഹിഷ്ണുവിനെയാണ് ഇവര്‍ ആദ്യം മര്‍ദിച്ചത്. സഹിഷ്ണുവിന്റെ ഭാര്യ രോഹിണി മര്‍ദനദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ സംഘത്തിലുണ്ടായിരുന്ന സ്ത്രീ ഇവര്‍ക്ക് നേരേ തിരിഞ്ഞു. തുടര്‍ന്ന് ഇവര്‍ രോഹിണിയെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.
സമീപത്തെ കെട്ടിടത്തില്‍നിന്ന് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മറ്റൊരാള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് ഇടപെട്ടത്. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരേ കേസെടുത്തെന്നും ഇവരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
മര്‍ദനത്തിനിരയായ ദമ്പതിമാര്‍ കര്‍ണാടകയിലെ ബെലഗാവി സ്വദേശികളാണ്. സംഭവം നടന്നതിന്റെ തലേദിവസമാണ് ഇരുവരും ബെംഗളൂരുവിലേക്ക് താമസം മാറിയത്.
