വി.എസ് സുനിൽകുമാർ, സുരേഷ് ഗോപി, കെ.മുരളീധരൻ

മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ഥികളില്‍ ആരും മണ്ഡലത്തില്‍ പുതുമുഖമല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ പരാജയം അറിഞ്ഞവരാണ് ബി.ജെ.പി.യുടെ സുരേഷ് ഗോപിയും യു.ഡി.എഫിന്റെ കെ. മുരളീധരനും. കഴിഞ്ഞ തിരഞ്ഞെടുപ്പിലായിരുന്നു സുരേഷ് ഗോപിയുടെ തോല്‍വി. 1998-ല്‍ കെ. മുരളീധരന്റെയും.

തൃശ്ശൂര്‍: എല്ലാവരുടെയും ശ്രദ്ധയിപ്പോള്‍ തൃശ്ശൂരിലാണ്. ഏറ്റവുമാദ്യം തിരഞ്ഞെടുപ്പു രംഗമുണര്‍ന്നത് ഇവിടെയാണ്. ഏറ്റവുമൊടുവില്‍ വന്‍ ട്വിസ്റ്റിലൂടെ രംഗം കൊഴുത്തതുമിവിടെ.

ബി.ജെ.പി.ക്ക് സ്ഥാനാര്‍ഥിയെപ്പറ്റി തീരുമാനമെടുക്കാന്‍ താമസമുണ്ടായില്ല. ആരുവേണമെന്ന കാര്യത്തില്‍ സി.പി.ഐ. വലിയ അമാന്തം കാണിച്ചില്ല. എന്നാല്‍, കോണ്‍ഗ്രസ് അവസാനനിമിഷം സംഗതിയൊന്ന് മാറ്റിപ്പിടിച്ചു. സിറ്റിങ് എം.പി.യെ മാറ്റി. അതോടെ രംഗം കൊഴുത്തു. ശക്തന്‍തമ്പുരാന്റെ മണ്ണില്‍ ഇത്തവണ അതിശക്തമായ പോരാട്ടമാണ്. ഫലം പ്രവചനാതീതം.

മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ഥികളില്‍ ആരും മണ്ഡലത്തില്‍ പുതുമുഖമല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ പരാജയം അറിഞ്ഞവരാണ് ബി.ജെ.പി.യുടെ സുരേഷ് ഗോപിയും യു.ഡി.എഫിന്റെ കെ. മുരളീധരനും. കഴിഞ്ഞ തിരഞ്ഞെടുപ്പിലായിരുന്നു സുരേഷ് ഗോപിയുടെ തോല്‍വി. 1998-ല്‍ കെ. മുരളീധരന്റെയും.

തൃശ്ശൂര്‍ ജില്ലയില്‍നിന്ന് മൂന്നുതവണ നിയമസഭയിലേക്കെത്തുകയും ഒരുതവണ മന്ത്രിയാകുകയും ചെയ്ത എല്‍.ഡി.എഫിലെ വി.എസ്. സുനില്‍കുമാറിന് ലോക്‌സഭയിലേക്കുള്ള ആദ്യമത്സരമാണിത്. കഴിഞ്ഞതവണ സി.പി.ഐ. സ്ഥാനാര്‍ഥിക്ക് ഈ മണ്ഡലത്തില്‍ പരാജയമായിരുന്നു.

രണ്ടുതവണ പ്രധാനമന്ത്രിയെത്തി രംഗം കൊഴുപ്പിച്ചതോടെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. പ്രവര്‍ത്തകരും സ്ഥാനാര്‍ഥിയും. മണ്ഡലത്തിലെ പൊതു സ്വീകാര്യതയും പരിചയസമ്പന്നതയും വോട്ടാക്കി മാറ്റാമെന്ന ആത്മവിശ്വാസത്തിലാണ് വി.എസ്. സുനില്‍കുമാര്‍. സി.പി.ഐ.ക്ക് ശക്തമായ വേരുള്ള ജില്ലകൂടിയാണ് തൃശ്ശൂര്‍.

കെ. കരുണാകരന്റെ മകന്‍ എന്ന സ്വീകാര്യതയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍വരെയുള്ള പ്രവര്‍ത്തനമികവും വിജയത്തിനു വഴിയൊരുക്കുമെന്ന വിശ്വാസമാണ് കെ. മുരളീധരനും അണികള്‍ക്കുമുള്ളത്. ആ വിശ്വാസമാണ് മുരളീധരനെ വടകരയില്‍നിന്നുമാറ്റി തൃശ്ശൂരിലേക്ക് എത്തിച്ചതിനു പിന്നില്‍.

തൃശ്ശൂര്‍, ഒല്ലൂര്‍, പുതുക്കാട്, ഇരിങ്ങാലക്കുട മേഖലകളിലെ ക്രൈസ്തവസ്വാധീനവും നാട്ടിക, മണലൂര്‍, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ മുസ്ലിം സ്വാധീനവും പരന്നുകിടക്കുന്ന പിന്നാക്ക സമുദായങ്ങളും ജില്ലയിലെ ഹൈന്ദവ സ്വാധീനവുമാണ് തിരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കുക.

ഇതിനുപുറമേ കണ്ടുതന്നെ അറിയേണ്ട കുറെ കാര്യങ്ങളുമുണ്ട്. സര്‍ക്കാര്‍വിരുദ്ധ വികാരങ്ങളും കരുവന്നൂര്‍ പോലുള്ള സംഭവങ്ങളും വി.എസ്. സുനില്‍കുമാറിനെ ഏത് രീതിയില്‍ ബാധിക്കുമെന്നതാണ് അതിലൊന്ന്.

കേന്ദ്രസര്‍ക്കാരിനെതിരായ വികാരവും സാമുദായികവോട്ടുകളുടെ ധ്രുവീകരണവും സുരേഷ് ഗോപിക്കു ദോഷംചെയ്യുമോയെന്നത് മറ്റൊന്ന്. സഹോദരി പത്മജാ വേണുഗോപാലിന്റെ പാര്‍ട്ടിമാറ്റവും അവസാന നിമിഷമുണ്ടായ മണ്ഡലംമാറ്റവും കെ. മുരളീധരന് ഏതുതരത്തില്‍ ബാധിക്കുമെന്നതാണ് വേറൊന്ന്.

പതിനേഴ് ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ഏഴുതവണ മാത്രമാണ് കോണ്‍ഗ്രസുകാര്‍ക്ക് ഇവിടെ വിജയിക്കാനായത്. പത്തുതവണ വിജയിച്ചത് സി.പി.ഐ.യും. കെ. കരുണാകരന്‍ പരാജയമറിഞ്ഞതും തൃശ്ശൂരിലാണ്. 1996-ലാണ് സി.പി.ഐ.യിലെ വി.വി. രാഘവന്‍ കരുണാകരനെ 1480 വോട്ടിനു തോല്‍പ്പിച്ചത്.