പ്രതീകാത്മക ചിത്രം | Photo: Nissan USA

തമിഴ്‌നാട്ടില്‍ ഫാക്ടറിക്കായി ഇതിനകം 4000 കോടി രൂപയുടെ നിക്ഷേപപദ്ധതി വിന്‍ഫാസ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍വിപണിയില്‍ പരീക്ഷണവുമായി ചൈനീസ് കമ്പനിയായ ബി.വൈ.ഡി. രംഗത്തുണ്ട്.

കുറഞ്ഞ തീരുവയില്‍ നിബന്ധനകള്‍ക്കു വിധേയമായി വൈദ്യുതവാഹനങ്ങള്‍ നേരിട്ട് ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കുന്ന ഇന്ത്യയുടെ പുതിയ വൈദ്യുതവാഹന നയത്തില്‍ കൂടുതല്‍ വിദേശ കമ്പനികള്‍ നിക്ഷേപവുമായെത്താന്‍ സാധ്യത. അമേരിക്കന്‍ വൈദ്യുതവാഹന നിര്‍മാതാക്കളായ, ഇലോണ്‍ മസ്‌കിന്റെ ടെസ്ലയാണ് മുന്നില്‍. ചൈനീസ് കമ്പനിയായ ബി.വൈ.ഡി., വിയറ്റ്‌നാമില്‍നിന്നുള്ള വിന്‍ഫാസ്റ്റ്, അമേരിക്കന്‍ വൈദ്യുതവാഹന സ്റ്റാര്‍ട്ടപ്പായ ഫിസ്‌കര്‍ എന്നിവയ്‌ക്കെല്ലാം ഇന്ത്യന്‍ വിപണിപ്രവേശത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ നയം ഉപകരിക്കും.

കൂടാതെ യൂറോപ്പ്, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ചില കമ്പനികളുമായും ചര്‍ച്ചകള്‍ നടക്കുന്നതായി സൂചനയുണ്ട്. ഇന്ത്യയെ ആഗോള വൈദ്യുതവാഹന നിര്‍മാണകേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയനയം. ചുരുങ്ങിയത് 4,150 കോടി രൂപയുടെ നിക്ഷേപം, മൂന്നുവര്‍ഷത്തിനകം നിര്‍മാണ കേന്ദ്രം, മൂന്നുവര്‍ഷംകൊണ്ട് 25 ശതമാനവും അഞ്ചുവര്‍ഷംകൊണ്ട് 50 ശതമാനവും ഘടകങ്ങള്‍ ഇന്ത്യയില്‍നിന്നാക്കണം എന്നിങ്ങനെ നിബന്ധനകളുള്ള നയം ആഭ്യന്തര കമ്പനികളെ സംരക്ഷിച്ചുകൊണ്ടുള്ളതുകൂടിയാണ്.

ആകര്‍ഷക ഘടകങ്ങള്‍

ലോകത്തെ മൂന്നാമത്തെ വലിയ വാഹനവിപണി. ഫോസില്‍ ഇന്ധന ഉപയോഗവും അതുവഴി മലിനീകരണവും കുറയ്ക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍, കുറഞ്ഞകാലംകൊണ്ട് വൈദ്യുതവാഹനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലുള്ള മുന്നേറ്റം, നൂതന രാസസെല്ലുകള്‍, വാഹന ഘടകങ്ങള്‍ എന്നിവയുടെ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന തീരുമാനങ്ങള്‍, കുറഞ്ഞ ജി.എസ്.ടി. നിരക്ക് എന്നിവയെല്ലാം ആഗോള കമ്പനികളെ ഇന്ത്യന്‍വിപണി ആകര്‍ഷകമാക്കുന്നുണ്ട്.

ടെസ്ല മാത്രമല്ല

വാഹനം നേരിട്ട് ഇറക്കുമതി ചെയ്യുമ്പോഴുള്ള തീരുവ കുറയ്ക്കണമെന്നതായിരുന്നു ടെസ്ല ഉന്നയിച്ചിരുന്ന പ്രധാന ആവശ്യം. ഉത്പാദനം തുടങ്ങാതെ ഇതിനു തയ്യാറല്ലെന്ന നിലപാടിലായിരുന്നു ഇന്ത്യ. പുതിയ നയത്തില്‍ അഞ്ചുവര്‍ഷംവരെ 15 ശതമാനം തീരുവയില്‍ ഇറക്കുമതിക്ക് അനുമതിയുണ്ട്. ഇത് ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷ. വിയറ്റ്‌നാം കമ്പനിയായ വിന്‍ഫാസ്റ്റും ഇറക്കുമതിത്തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

തമിഴ്‌നാട്ടില്‍ ഫാക്ടറിക്കായി ഇതിനകം 4000 കോടി രൂപയുടെ നിക്ഷേപപദ്ധതി വിന്‍ഫാസ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍വിപണിയില്‍ പരീക്ഷണവുമായി ചൈനീസ് കമ്പനിയായ ബി.വൈ.ഡി. രംഗത്തുണ്ട്. അമേരിക്കയില്‍നിന്നുള്ള വൈദ്യുതവാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഫിസ്‌കറാണ് മറ്റൊന്ന്. ഹൈദരാബാദ് കേന്ദ്രീകരിച്ച് 2023 ഏപ്രിലില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി എസ്.യു.വി. വാഹന മോഡലിന്റെ പരീക്ഷണം ഇന്ത്യയില്‍ നടത്തിവരുകയാണ്. പുതിയ സാഹചര്യത്തില്‍ കമ്പനി ഇന്ത്യയില്‍ ഉത്പാദനത്തിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നാണ് സൂചന.

നേട്ടങ്ങള്‍ ഇവ

ടെസ്‌ല പോലുള്ള അന്തരാഷ്ട്ര കമ്പനികളെത്തുന്നതോടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പുതിയ സാങ്കേതികവിദ്യകള്‍ ലഭ്യമാകും. വൈദ്യുതവാഹനങ്ങള്‍ക്കുള്ള പശ്ചാത്തലസൗകര്യ വികസനം വേഗത്തിലാകും. ആഭ്യന്തര വിപണിയില്‍ മത്സരം കടുക്കുന്നത് വാഹനങ്ങളുടെ ഗുണമേന്മയും സൗകര്യങ്ങളും മെച്ചപ്പെടുത്തും. പുതിയ നിക്ഷേപത്തിനൊപ്പം തൊഴിലവസരങ്ങളും കൂടും. നയത്തിലെ വ്യവസ്ഥപ്രകാരം വാഹനഘടകനിര്‍മാണ കമ്പനികള്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നുകിട്ടും.