Photo: facebook.com/PAMuhammadRiyas
സാഹസിക ടൂറിസത്തിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജ് തിരുവനന്തപുരത്ത് തയ്യാറാവുന്നു. ആക്കുളത്തെ ടൂറിസം വില്ലേജിലാണ് സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയതെന്ന ഖ്യാതിയുമായി പുതിയ ഗ്ലാസ് ബ്രിഡ്ജ് തയ്യാറായിരിക്കുന്നത്. കൃത്രിമ മഞ്ഞും ചാറ്റല്‍ മഴയ്ക്കും പുറമെ എല്‍.ഇ.ഡി സ്‌ക്രീനിന്റെ സഹായത്തോടെ പാലത്തില്‍ വിള്ളല്‍ വീഴുന്ന അനുഭവവും ഈ ഗ്ലാസ് ബ്രിഡ്ജില്‍ ഒരുക്കും.
75 അടി ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പാലത്തിന് 52 മീറ്റര്‍ നീളമാണുള്ളത്. ഗ്ലാസ് ബ്രിഡ്ജില്‍ നിന്നുനോക്കിയാല്‍ സഞ്ചാരികള്‍ക്ക് ആക്കുളം കായലും മനോഹരമായ ഭൂപ്രകൃതിയും കാണാന്‍ കഴിയും. 2023 മേയ് മാസത്തില്‍ ആയിരുന്നു മന്ത്രി മുഹമ്മദ് റിയാസ് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിഡ്ജ് പ്രഖ്യാപനം നടത്തിയത്. വിവിധ കാരണങ്ങളാല്‍ നിര്‍മ്മാണം വൈകുകയായിരുന്നു.
ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സാഹസിക വിനോദസഞ്ചാര പദ്ധതിയുടെ രണ്ടാംഘട്ടമായാണ് കണ്ണാടിപ്പാലം ഒരുങ്ങുന്നത്. ഇതിനൊപ്പം ടോയ് ട്രെയിന്‍ സര്‍വീസ്, വെര്‍ച്വല്‍ റിയാലിറ്റി സോണ്‍, പെറ്റ്‌സ് പാര്‍ക്ക്, മഡ് റെയ്‌സ് കോഴ്‌സ് എന്നിവയും ആരംഭിക്കും. വിനോദസഞ്ചാര വകുപ്പിന് കീഴില്‍ വരുന്ന സംസ്ഥാനത്തെ ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജ് കൂടിയാണിത്.

2022 അവസാനത്തോടെയാണ് ആക്കുളം സാഹസിക വിനോദസഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം തുടങ്ങിയത്. സാഹസിക റൈഡുകള്‍ക്കൊപ്പം ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക്കല്‍ ഫയര്‍ ഫൗണ്ടെയ്നും ഇവിടെ തയ്യാറാണ്. ആറുമാസത്തിനുള്ളില്‍ ഒരുലക്ഷത്തിലേറെ സഞ്ചാരികളെത്തുകയും ഒരു കോടിയിലെറെ വരുമാനം ലഭിക്കുകയും ചെയ്തു.
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേര്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായാണ് ആക്കുളം വിനോദസഞ്ചാരകേന്ദ്രത്തിന്റെ നടത്തിപ്പും പരിപാലനവും.
