Navjot Singh Sidhu | Photo: ANI

ന്യൂഡല്‍ഹി: ഒരു ദശാബ്ദത്തിനു ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കമന്ററി ബോക്‌സിലേക്ക് മടങ്ങിവരാന്‍ മുന്‍ താരം നവ്‌ജ്യോത് സിങ് സിദ്ദു. ഈ വരുന്ന ഐ.പി.എല്‍. സീസണില്‍ കമന്ററി നടത്തുന്നതിനായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റ് ടീമിന്റെ ഭാഗമായി സിദ്ദു പ്രവര്‍ത്തിക്കും. കമന്ററി രംഗത്തെ ഇന്ത്യയിലെ എക്കാലത്തെയും മുന്‍നിര പേരുകളിലൊരാളാണ് സിദ്ദുവിന്റേത്.

1999 മുതല്‍ 2014-15 വരെ സിദ്ദു കമന്ററി രംഗത്തുണ്ടായിരുന്നു. ഐ.പി.എലിന്റെ ആദ്യ ഘട്ടങ്ങളില്‍ സിദ്ദു കമന്ററി രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. സിദ്ദുവിന്റെ സ്വതസിദ്ധമായ കമന്ററികള്‍ അക്കാലത്ത് വലിയ തോതില്‍ സ്വീകരിക്കപ്പെട്ടു. കമന്ററി രംഗത്ത് ‘സിദ്ദുയിസം’ എന്ന വാക്ക് തന്നെ രൂപപ്പെട്ടു. ഒരു ടൂര്‍ണമെന്റിന് 60-70 ലക്ഷം രൂപ വരെയാണ് സിദ്ദു തുടക്കത്തില്‍ വാങ്ങിക്കൊണ്ടിരുന്നത്. ഐ.പി.എലിലെത്തിയതോടെ ഒരു കളിക്ക് 25 ലക്ഷം രൂപ എന്ന തോതില്‍ വാങ്ങാന്‍ തുടങ്ങി.

ക്രിക്കറ്റിനോട് പരമമായ സ്‌നേഹമെന്നാണ് സിദ്ദുവിന്റെ നിലപാട്. നമുക്ക് ഇഷ്ടമുള്ളതുതന്നെ നമ്മുടെ ജോലിയായി മാറുക എന്നതില്‍ക്കവിഞ്ഞ മറ്റൊന്നില്ല. താറാവ് ഒരിക്കലും നീന്തല്‍ മറക്കില്ലല്ലോ. വെള്ളത്തില്‍ മത്സ്യമൊഴുകുന്നതുപോലെ കമന്ററി നടത്തുമെന്നാണ് സിദ്ദു പ്രായം 60-ലും തികഞ്ഞ ആത്മവിശ്വാസത്തോടെ വ്യക്തമാക്കുന്നത്.

1983 മുതല്‍ 1998 വരെയുള്ള 15 വര്‍ഷം ഇന്ത്യന്‍ ദേശീയ ടീമിനുവേണ്ടി കളിച്ചിട്ടുണ്ട് സിദ്ദു. 51 ടെസ്റ്റുകളും 136 ഏകദിനങ്ങളും കളിച്ച സിദ്ദു, യഥാക്രമം 3202, 4413 റണ്‍സും നേടിയിട്ടുണ്ട്. 15 സെഞ്ചുറികളും 48 അര്‍ധ സെഞ്ചുറികളും സിദ്ദുവിന്റെ പേരിലുണ്ട്.