കേതൻ ഇനാംദാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം |ഫോട്ടോ:facebook.com/Ketan Inamdar

അഹമ്മദാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് തൊട്ടുമുന്നില്‍ നില്‍ക്കെ ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടിയായി പാര്‍ട്ടി എംഎല്‍എ രാജിവെച്ചു. പഴയ പാര്‍ട്ടി പ്രവര്‍ത്തകരെ ബിജെപി അവഗണിക്കുന്നു, ആത്മാഭിമാനത്തേക്കാള്‍ വലുതല്ല ഒന്നുമെന്ന് പറഞ്ഞുകൊണ്ട് കേതന്‍ ഇനാംദാറാണ് എംഎല്‍എ സ്ഥാനം രാജിവെച്ചത്.

തന്റെ നീക്കം സമ്മര്‍ദ തന്ത്രമല്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വഡോദര മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി രഞ്ജന്‍ ഭട്ടിന്റെ വിജയം ഉറപ്പാക്കാന്‍ താന്‍ പ്രവര്‍ത്തിക്കുമെന്നും ഇനാംദാര്‍ പറഞ്ഞു. വഡോദരയിലെ സാല്‍വി മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് ഇയാള്‍.

മൂന്ന് തവണ ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കേതന്‍ ഇനാംദാര്‍ സ്പീക്കര്‍ ശങ്കര്‍ ചൗധരിക്ക് രാജിക്കത്ത് കൈമാറി. ഉള്‍വിളി വന്നതിനെ തുടര്‍ന്നാണ് താന്‍ രാജിവെക്കുന്നതെന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2020-ല്‍ ഇയാള്‍ രാജി പ്രഖ്യാപിച്ചിരുന്നെങ്കിലും സ്പീക്കര്‍ സ്വീകരിച്ചിരുന്നില്ല.

‘സമ്മര്‍ദ തന്ത്രമല്ല തന്റെ രാജിക്ക് പിന്നിലെന്നും കുറച്ച് കാലമായി ദീര്‍ഘകാലം പാര്‍ട്ടിയുമായി ബന്ധമുള്ളവരെ ശ്രദ്ധിക്കാന്‍ പാര്‍ട്ടിക്ക് പറ്റുന്നില്ലെന്ന് എനിക്ക് തോന്നി. പാര്‍ട്ടി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. 2020ലും ഞാന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ആത്മാഭിമാനത്തേക്കാള്‍ വലുതല്ല ഒന്നും. ഇത് കേതന്‍ ഇനാംദാറിന്റെ മാത്രമല്ല, ഓരോ പാര്‍ട്ടി പ്രവര്‍ത്തകന്റെയും ശബ്ദമാണ്. പഴയ പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിക്കരുതെന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്’ രാജിക്ക് ശേഷം കേതന്‍ പറഞ്ഞു.