യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്ഫഡ് സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ച ഇന്ത്യൻ സമുദ്രത്തിലെ സൂപ്പർഹൈവേയുടെ ചിത്രം | Photo: twitter.com/UniofOxford

ഗ്രേറ്റ് ബാരിയർ റീഫടക്കമുള്ള പവിഴപ്പുറ്റുകളുടെ ഭാവിയെ കുറിച്ചുള്ള ആശങ്കകള്‍ ലോകമെമ്പാടും ഉയരുമ്പോള്‍ പ്രതീക്ഷയാവുകയാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ അതിരഹസ്യമായൊരു ‘സൂപ്പർ ഹൈവേ’. മനുഷ്യർക്ക് സഞ്ചരിക്കാനുള്ള സൂപ്പർ ഹൈവേയുടെ കാര്യമല്ല പറയുന്നത്. ലാർവകളെ വഹിക്കുന്ന സമുദ്രജലപ്രവാഹ പാതകളാണ് സമുദ്രാന്തത്തിലെ ഈ സൂപ്പർഹെെവേകൾ. ദശലക്ഷണക്കിന് സ്ക്വയർ കിലോമീറ്റർ ദൂരമകലെ വരെ കോറൽ ലാർവകളെത്തി അവിടം പുതിയ പവിഴപ്പുറ്റുകൾ രൂപപ്പെടുമെന്നതാണ് ഈ സൂപ്പർഹൈവേയുടെ പാരിസ്ഥിതിക പ്രാധാന്യം. പവിഴപ്പുറ്റുകളെ വീണ്ടെടുക്കാനുള്ള ഗവേഷകരുടെ അന്വേഷണങ്ങളിൽ ഈ സൂപ്പർഹൈവേയുടെ കണ്ടെത്തൽ നിർണ്ണായകമാവുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

കോറല്‍ എഗ്ഗുകളും സ്‌പേമുകളും ഒന്നുചേര്‍ന്നുണ്ടാവുന്ന എംബ്രിയോയാണ് കോറല്‍ ലാര്‍വയായി മാറുന്നത്. പ്ലാനുലയെന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ദിവസങ്ങളോളം, ചിലപ്പോള്‍ ആഴ്ചകളോളം സമുദ്രോപരിതലത്തില്‍ ഈ പ്ലാനുലകള്‍ ഒഴുകിനടക്കും. മെല്ലെ ഇത് കടലിന് അടിയിലേക്കുമെത്തും. കല്ലും മണ്ണുമൊക്കെയടങ്ങുന്ന അടിത്തട്ടില്‍ എത്തിച്ചേരുന്ന പ്ലാനുലയാണ് പിന്നീട് പുതിയ പവിഴപ്പുറ്റ് കോളനിയായി രൂപപ്പെടുന്നത്. വര്‍ഷത്തില്‍ നാലിഞ്ച് വലിപ്പത്തിലാകും ഇവ വളരുകയെന്നാണ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ സീഷെല്‍സ് ദ്വീപിനു സമീപം സ്ഥിതി ചെയ്യുന്ന പവിഴപ്പുറ്റ് ശേഖരങ്ങളിലൊന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള സഞ്ചാരത്തിന് ലാര്‍വകള്‍ ഇത്തരമൊരു സൂപ്പര്‍ഹൈവെയെയാണ് ആശ്രയിക്കുന്നത്. ഈ കണ്ടെത്തലാണ് സമുദ്രത്തിനടിയിലെ ലാർവ സൂപ്പർഹൈവേ എന്ന പ്രതിഭാസത്തെ തിരിച്ചറിയുന്നതിലെത്തിച്ചത്.. സീഷെൽസ് ദ്വീപുകൾക്ക് സമീപത്തായുള്ള 19 പവിഴപ്പുറ്റ് ശേഖരങ്ങളെയാണ് ​ഗവേഷകർ ഇതിനായി പഠിച്ചത്.

സമീപകാലത്ത് നടത്തിയ വിശകലനങ്ങളില്‍ പവിഴപ്പുറ്റുകളുടെ ജീന്‍ ഫ്‌ളോയുടെ തെളിവുകളും ഗവേഷകര്‍ക്ക് ശേഖരിക്കാനായി. കോറല്‍ ലാര്‍വകള്‍ ഈ പാതയിലൂടെ സഞ്ചരിച്ചു എന്ന് സാക്ഷ്യപ്പെടുത്തുന്ന വിവരങ്ങളാണ് ജീൻഫ്ലോ പഠനത്തിലൂടെ വെളിവായത്. പവിഴപ്പുറ്റുകളുടെ സജീവമായ പുനരുജ്ജീവനപ്രവര്‍ത്തനങ്ങള്‍ക്ക് ഈ വിവരങ്ങൾ ഉപയോഗപ്രദമാകുമെന്നാണ് ഗവേഷകരുടെ ശുഭപ്രതീക്ഷ.

കോറല്‍ ബ്ലീച്ചിങ്ങിലൂടെ ലോകമെമ്പാടുമുള്ള പവിഴപ്പുറ്റുകള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ മാറ്റവും ഇവ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. എല്‍നിനോ പ്രതിഭാസം നാശത്തിന്റെ തീവ്രത കൂട്ടുന്നു. പവിഴപ്പുറ്റുകളുടെ പുനരുജ്ജീവനം കോറല്‍ ലാര്‍വകളുടെ വ്യാപനത്തിലൂടെ സാധ്യമാക്കാമെന്ന പ്രതീക്ഷയിലാണ് ഇപ്പോൽ ഗവേഷക ലോകം.