പ്രതീകാത്മക ചിത്രം, 2. നരേന്ദ്ര മോദി | Photos: PTI

തിരുവനന്തപുരം: വോട്ടര്‍മാര്‍ക്ക് വാട്‌സാപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ അയക്കപ്പെട്ട തുറന്ന കത്തിനെതിരെ കെ.പി.സി.സി. കഴിഞ്ഞ ദിവസങ്ങളിലായാണ് ‘വികസിത് ഭാരത് സമ്പര്‍ക്ക്’ എന്ന ബിസിനസ് അക്കൗണ്ടില്‍നിന്ന് കത്ത് ഉള്‍പ്പെടെയുള്ള സന്ദേശം എത്തിയത്. ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ചെറുകുറിപ്പിനൊപ്പം പി.ഡി.എഫ്. രൂപത്തിലായിരുന്നു കത്ത്.

‘എന്റെ പ്രിയ കുടുംബാംഗങ്ങളേ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. പി.എം. ആവാസ് യോജന, ആയുഷ്മാന്‍ ഭാരത്, മാതൃവന്ദന യോജന തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കൂടാതെ സര്‍ക്കാര്‍ പദ്ധതികള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ അറിയിക്കാനും കത്തിലൂടെ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു.

ഇതിനെതിരെയാണ് കോണ്‍ഗ്രസിന്റെ കേരള ഘടകം രംഗത്തെത്തിയത്. മോദിയുടെ കത്ത് കേവലം രാഷ്ട്രീയ പ്രചരണമാണെന്ന് കെ.പി.സി.സി. ആരോപിച്ചു. സമൂഹമാധ്യമമായ എക്‌സില്‍ (മുമ്പ് ട്വിറ്റര്‍) വാട്ട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയെ അഭിസംബോധന ചെയ്തുകൊണ്ട് പോസ്റ്റ് ചെയ്ത കുറിപ്പിലാണ് കെ.പി.സി.സി. കടുത്ത ആരോപണം ഉന്നയിച്ചത്.

വികസിത് ഭാരത് സമ്പര്‍ക്ക് എന്ന വെരിഫൈ ചെയ്യപ്പെട്ട വാട്ട്‌സ്ആപ്പ് ‘ബിസിനസ്’ അക്കൗണ്ടില്‍ നിന്ന് പൗരന്മാര്‍ക്ക് ഓട്ടോമേറ്റഡ് സന്ദേശങ്ങള്‍ ലഭിച്ചുവെന്നും അതിനൊപ്പമുള്ള പി.ഡി.എഫ്. വെറും രാഷ്ട്രീയ പ്രചാരണമാണെന്നും കെ.പി.സി.സി. ട്വീറ്റില്‍ ആരോപിച്ചു. സര്‍ക്കാര്‍ ഡാറ്റാബേസ് ദുരുപയോഗം ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുതിരഞ്ഞെടുപ്പിന്റെ പ്രചാരണം നടത്തുന്നത്. ഇത് രാഷ്ട്രീയ പ്രചാരണത്തിനുള്ള വാട്ട്‌സ്ആപ്പിന്റെ പ്രകടമായ ദുരുപയോഗമാണെന്നും കെ.പി.സി.സി. കുറ്റപ്പെടുത്തി.

രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കായി വാട്ട്‌സ്ആപ്പ് ബിസിനസ് ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള മെറ്റയുടെ നയവും സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പോസ്റ്റ് ചെയ്തുകൊണ്ട് കോണ്‍ഗ്രസ് ഓര്‍മ്മിപ്പിച്ചു. ഇതാണ് നിങ്ങളുടെ നയമെങ്കില്‍ എങ്ങനെയാണ് ഒരു രാഷ്ട്രീയ നേതാവിന് നിങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ രാഷ്ട്രീയ പ്രചാരണം നടത്താന്‍ കഴിയുക എന്ന് ചോദിച്ച കെ.പി.സി.സി. ബി.ജെ.പിക്കായി നിങ്ങള്‍ക്ക് പ്രത്യേക നയമുണ്ടോ എന്ന പരിഹാസവും ഉന്നയിച്ചു.