Shigeichi Negishi | Photo: X.com/Matt Alt
കരോക്കെ സംഗീതം ആസ്വദിക്കാത്തവരായി ആരും ഉണ്ടാവില്ല. ഗായകരുടെ ശബ്ദമില്ലാതെ പശ്ചാത്തല സംഗീതം മാത്രം അതിനൊപ്പം നമുക്കും പാടാം. വിവാഹ ആഘോഷങ്ങളിലും, കോളേജിലും, വിനോദയാത്രകളിലും തുടങ്ങി കരോക്കെ ഗാനങ്ങള്‍ക്കൊപ്പം തങ്ങളുടെ പാടാനുള്ള കഴിവ് പരീക്ഷിച്ചു നോക്കാത്തവര്‍ കുറവായിരിക്കും. കരോക്കെ സൗകര്യമുള്ള ബ്ലൂടൂത്ത് സ്പീക്കറുകളും മറ്റ് ഉപകരണങ്ങളും ഇന്ന് സുലഭമായി വിപണിയിലുണ്ട്.
ആദ്യമായി ഒരു കരോക്കെ ഉപകരണത്തിന് രൂപം നല്‍കിയ ജാപ്പനീസ് സംരംഭകനും എഞ്ചിനീയറുമായ ഷിഗെയ്ചി നെഗിഷി ഇക്കഴിഞ്ഞ ജനുവരി 26 നാണ് അന്തരിച്ചത്. നൂറ് വയസായിരുന്നു. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്. ഈ സാഹചര്യത്തിലാണ് കരോക്കെ സംഗീതത്തിന്റെ ചരിത്രവും ചര്‍ച്ചയാവുന്നത്.
എന്താണ് കരോക്കെ ?
ശൂന്യം (empty) എന്നര്‍ത്ഥമുള്ള കര എന്ന ജാപ്പനീസ് വാക്കും ഓര്‍ക്കസ്ട്ര എന്നര്‍ത്ഥമുള്ള ഓകെസുറ്റോറ എന്ന ജാപ്പനീസ് വാക്കും ചേര്‍ന്നാണ് കരോക്കെ എന്ന വാക്ക് രൂപപ്പെട്ടത്. ഒരു പാട്ടിന്റെ ഗായകരുടെ ശബ്ദം അഥവാ വോക്കല്‍ ഭാഗം ഇല്ലാതെ ഉപകരണ ശബ്ദങ്ങള്‍ മാത്രമുള്ള സംഗീത ഉള്ളടക്കത്തെയാണ് കരോക്കെ എന്ന് വിളിക്കുന്നത്. ഒരുകാലത്ത് എഴുതിയും പ്രിന്റ് ചെയ്തുമുള്ള വരികള്‍ നോക്കിയാണ് കരോക്കെ സംഗീതത്തിനൊപ്പം ആളുകള്‍ പാട്ടുകള്‍ പാടിയിരുന്നത്. ഇന്ന് പാട്ടിന്റെ വരികള്‍ പ്രദര്‍ശിപ്പിക്കുന്ന വീഡിയോ കരോക്കെകളും ലഭ്യമാണ്.
ഷിഗെയ്ചി നെഗിഷിയുടെ കരോക്കെ യന്ത്രം
ജപ്പാനിലെ ടോക്യോയില്‍ 1923 നവംബര്‍ 29 നാണ് നെഗിഷിയുടെ ജനനം. സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു നെഗിഷിയുടെ പിതാവ്, അമ്മയ്ക്ക് പുകയില ഉല്പന്നങ്ങള്‍ വില്‍ക്കുന്ന ഒരു കടയും. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദധാരിയായ നെഗിഷി രണ്ടാം ലോക മഹായുദ്ധകാലത്ത് ജാപ്പനീസ് സൈന്യത്തില്‍ പ്രവര്‍ത്തിക്കുകയും ജപ്പാന്റെ പരാജയത്തിന് പിന്നാലെ യുദ്ധത്തടവുകാരനായി രണ്ട് വര്‍ഷക്കാലം സിംഗപ്പൂരിലെ തടവറയില്‍ കഴിയുകയും ചെയ്തു. 1947 ല്‍ ജയില്‍ മോചിതനായ അദ്ദേഹം 1956 ലാണ് ഒരു ഇലക്ട്രോണിക്‌സ് ഉപകരണ കമ്പനി സ്ഥാപിച്ചത്.
വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സ്റ്റീരിയോ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായിരുന്നു അത്. നല്ലൊരു സംഗീതാസ്വാദകനായ നെഗിഷിയ്ക്ക് പാട്ടുപാടാനും ഇഷ്ടമായിരുന്നു. ജാപ്പനീസ് റേഡിയോയിലെ സംഗീതപരിപാടികളുടെ സ്ഥിരം ശ്രോതാവായിരുന്നു നെഗിഷി. പാട്ട് പാടാന്‍ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും തന്റെ പാട്ട് കുറേക്കൂടി ഭംഗിയാവണമെങ്കില്‍ പശ്ചാത്തല സംഗീതം കൂടി വേണമെന്ന് നെഗിഷിക്ക് തോന്നി. അങ്ങനെയാണ്, ആദ്യ കരോക്കെ ഉപകരണം ജന്മമെടുക്കുന്നത്.
തന്റെ കമ്പനിയിലെ എഞ്ചിനീയറോട്, കാസറ്റ് പ്ലെയറും, മൈക്രോഫോണും ഒരു മിക്‌സിങ് സര്‍ക്യൂട്ടും സ്പീക്കറും ചേര്‍ത്ത് ഒരു ഉപകരണം നിര്‍മിക്കാമോ എന്ന് നെഗിഷി ചോദിച്ചു. കാറുകള്‍ക്ക് വേണ്ടി സ്റ്റീരിയോ മ്യൂസിക് പ്ലെയര്‍ നിര്‍മിക്കുന്ന കമ്പനിയിലെ എഞ്ചിനീയര്‍ക്ക് അതിന് എന്ത് പ്രയാസം ! ‘ അത് വളരെ എളുപ്പമാണ്’ എന്നായിരുന്നു മറുപടി.
അങ്ങനെ ഒരു കാര്‍ സ്റ്റീരിയോ ഉപകരണത്തില്‍ ഒരു മൈക്ക് ഇന്‍പുട്ട് ടെര്‍മിനല്‍ സ്ഥാപിച്ചു. ശേഷം ജാപ്പനീസ് ഗായകനായ യോഷിയോ കോഡാമയുടെ ‘മുജോ നോ യൂമെ’ എന്ന ഇന്‍സ്ട്രുമെന്റല്‍ സംഗീതത്തിന്റെ ടേപ്പ് സ്റ്റീരിയോയില്‍ വെച്ച് ആ സംഗീതത്തിനൊപ്പം മൈക്ക് ഉപയോഗിച്ച് പാട്ടുപാടി. പശ്ചാത്തല സംഗീതത്തിനൊപ്പം അദ്ദേഹം തന്റെ ശബ്ദവും ആദ്യമായി കേട്ടു.
കരോക്കെ ഉപകരണം എന്ന ആശയം താന്‍ എങ്ങനെ യാഥാര്‍ത്ഥ്യമാക്കിയെന്ന് ചില അഭിമുഖങ്ങളില്‍ അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഓള്‍-ജപ്പാന്‍ കരോക്കെ ഇന്‍ഡസ്ട്രിയലിസ്റ്റ് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച ഒരു വിവരണത്തിലും ആ കഥ വിശദീകരിക്കുന്നുണ്ട്. 2020 ല്‍ പുറത്തിറങ്ങിയ മാറ്റ് ആള്‍ട്ടിന്റെ ‘പ്യുവര്‍ ഇന്‍വെന്‍ഷന്‍: ഹൗ ജപ്പാന്‍ മേഡ് ദി മോഡേണ്‍ വേള്‍ഡ്’ എന്ന പുസ്തകത്തില്‍ നല്‍കിയ അഭിമുഖത്തിലും നെഗിഷി ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.
സ്പാര്‍ക്കോ ബോക്‌സ്
‘സ്പാര്‍ക്കോ ബോക്‌സ്’ എന്ന പേരിലാണ് നെഗിഷി നിര്‍മിച്ച ഉപകരണം വിറ്റഴിക്കപ്പെട്ടത്. പാട്ടിന്റെ വരികളെഴുതിയ കാര്‍ഡുകളും ഒപ്പം നല്‍കി. ജപ്പാനിലുടനീളം 8000 ഉപകരണങ്ങള്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമായും ബാറുകളിലും റെസ്‌റ്റോറന്റുകളിലുമാണ് അത് സ്ഥാപിച്ചിരുന്നത്. 1970 കള്‍ ആയപ്പോഴേക്കും സ്പാര്‍ക്ക് ബോക്‌സിന് നിരവധി എതിരാളികള്‍ രംഗപ്രവേശം ചെയ്തുകഴിഞ്ഞിരുന്നു. അതോടെ നെഗിഷി സ്പാര്‍ക്കോ ബോക്‌സിന്റെ നിര്‍മാണവും വില്‍പനയും അവസാനിപ്പിച്ചു.
എന്നാല്‍ കരോക്കെ യന്ത്രങ്ങളുടെ സ്രഷ്ടാവ് എന്ന നിലയില്‍ നെഗിഷിയെയോ മറ്റേതെങ്കിലും വ്യക്തിയെയോ ഓള്‍-ജപ്പാന്‍ കരോക്കെ ഇന്‍ഡസ്ട്രിയലിസ്റ്റ് അസോസിയേഷന്‍ പ്രത്യേകമായി പരിഗണിക്കുന്നില്ല. 1960 കള്‍ മുതല്‍ 1970 കള്‍ വരെ കരോക്കെ ഉപകരണങ്ങള്‍ സ്വന്തമായി നിര്‍മിച്ച വിവിധ വ്യക്തികള്‍ക്ക് ഒന്നാകെയാണ് ആ കണ്ടെത്തലിനുള്ള ക്രെഡിറ്റ് നല്‍കുന്നത്.
അക്കൂട്ടത്തില്‍ പ്രശസ്തനായ മറ്റൊരു വ്യക്തിയാണ് സംഗീതജ്ഞനും വ്യവസായിയുമായ ഡൈസൂക് ഇനോ. 1971 ലാണ് അദ്ദേഹം തന്റെ ‘ജൂക്ക് മെഷീന്‍’ അവതരിപ്പിച്ചത്. കാര്‍ സ്റ്റീരിയോ അടിസ്ഥാനമാക്കിയുള്ള ജൂക്ക് മെഷീന്‍ അന്ന് വലിയ പ്രചാരം നേടി.
നെഗിഷിയെ പോലെ ഇനോയും തങ്ങളുടെ കണ്ടെത്തലില്‍ പേറ്റന്റ് നേടിയിരുന്നില്ല. മ്യൂസിക് പ്ലെയറുകള്‍ ഉള്‍പ്പടെ ഒട്ടനവധി ഇലക്ട്രോണിക് ഉപകരണങ്ങളുടെ ബ്രാന്‍ഡുകള്‍ ജന്മമെടുത്ത ജപ്പാനില്‍ പിന്നീട് വിവിധ കമ്പനികള്‍ കരോക്കെ ഉപകരണങ്ങളുമായി വിപണിയിലെത്തി. 1980 കളില്‍ പുറത്തിറങ്ങിയ കരോക്കെ ബോക്‌സുകള്‍ ബാറുകളും, റസ്റ്റോറന്റുകളും വിട്ട് ആളുകളുടെ സ്വകാര്യമുറികളില്‍ ഇടം പിടിച്ചു.
നമ്മുടെ നാട്ടിലേത് പോലെയല്ല, ഇപ്പോഴും ജപ്പാനില്‍ കരോക്കെ വലിയൊരു വിപണിയാണ്. ഇന്ന് ജപ്പാനില്‍ 8000 ല്‍ അധികം കരോക്കെ ബോക്‌സ് വേദികളുണ്ട്. 1,31,500 ബാറുകളില്‍ കരോക്കെ യന്ത്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു. ഓള്‍-ജപ്പാന്‍ കരോക്കെ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം 2022-ല്‍ 38790 കോടി യെന്‍ (21405.08 കോടി ഡോളര്‍) മൂല്യമുള്ള ഒരു വിപണിയാണിത്.
