പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപമായി റോപ്പ്‌വേ നിര്‍മാണ പദ്ധതി ആരംഭിച്ച് ഇന്ത്യ. 5.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതി 522 കോടി രൂപ മുടക്കിയാണ് നിര്‍മിക്കുന്നത്. ലോകപ്രശസ്തമായ തവാങ് മൊണാസ്ട്രിയില്‍ നിന്ന് പെംഗ ടെങ് സോ തടാകംവരെയാണ് റോപ്പ്‌വേ വരിക. മൂന്ന് വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കും.

മാര്‍ച്ച് 15-ന് ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കരാര്‍ ക്ഷണിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. 400 വര്‍ഷം പഴക്കമുള്ള തവാങ് മൊണാസ്ട്രി രാജ്യത്തെ ഏറ്റവും വലിയ ആശ്രമമാണ്. ഏഷ്യയിലെ രണ്ടാമത്തെ വലുതും. തവാങ് നഗരത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ ചൈന, ഭൂട്ടാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ് ഈ ആശ്രമം. നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള പെംഗ ടെങ് സോ തടാകം തവാങില്‍ നഗരത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയാണ്. റോഡ് മാര്‍ഗം അരമണിക്കൂര്‍ യാത്രയുണ്ട് തവാങില്‍ നിന്ന് ഇങ്ങോട്ടേക്ക്.

റോപ്പ്‌വേ വരികയാണെങ്കില്‍ തവാങ് മൊണാസ്ട്രിയില്‍ നിന്ന് പെംഗ ടെങ് സോ തടാകത്തിലേക്ക് അഞ്ച് മിനിറ്റ് യാത്രയേ ഉണ്ടാകുകയുള്ളൂ. അരുണാചലിലെ വിനോദ സഞ്ചാര മേഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് റോപ്പ്‌വേ വരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.