ലാഷ് മുഛലും സ്മൃതി മന്ദാനയും | Photo: instagram/ Palaash Muchhal

വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കിരീടനേട്ടത്തിന് പിന്നാലെ സ്മൃതി മന്ദാനയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സുഹൃത്തും സംഗീത സംവിധായകനുമായ പലാഷ് മുഛലിനൊപ്പം സ്മൃതി കപ്പും പിടിച്ച് നില്‍ക്കുന്നതാണ് ചിത്രം. പലാഷ് തന്നെയാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ബോളിവുഡ് ഗായിക പലക് മുഛലിന്റെ സഹോദരന്‍ കൂടിയായ പലാഷുമായി സ്മൃതി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ‘ഈ സാല കപ്പ് നംദു’ എന്ന ക്യാപ്ഷനോടെയാണ് പലാഷ് ചിത്രം പോസ്റ്റ് ചെയ്തത്. സ്മൃതിക്കും എലിസ് പെറിക്കുമൊപ്പമുള്ള ചിത്രവും പലാഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്. പലാഷിന്റെ മാതാപിതാക്കളും ഫൈനല്‍ കാണാനെത്തിയിരുന്നു. ഇരുവര്‍ക്കുമൊപ്പം സ്മൃതി നില്‍ക്കുന്ന ചിത്രവും പലാഷ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ സ്മൃതിയുടെ 27-ാം പിറന്നാള്‍ ആഘോഷിക്കാന്‍ പലാഷ് ബംഗ്ലാദേശിലേക്ക് പറന്നിരുന്നു. ആ സമയത്ത് ഇന്ത്യന്‍ ടീമിനൊപ്പം ബംഗ്ലാദേശ് പര്യടനത്തിലായിരുന്നു സ്മൃതി. കഴിഞ്ഞ ജൂലൈയില്‍ സ്മൃതിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് പലാഷ് കുറിച്ചത് ‘4’ എന്നാണ്. ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയിട്ട് നാല് വര്‍ഷമായി എന്നതാണ് പലാഷ് ഈ പോസ്റ്റ്കൊണ്ട് ഉദ്ദേശിച്ചതെന്ന് അന്ന് ആരാധകര്‍ കമന്റ് ചെയ്തിരുന്നു.

നേരത്തേയും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. പലാഷിന്റെ പിറന്നാള്‍ ആഘോഷത്തിനെത്തിയ സ്മൃതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രണ്ട് വര്‍ഷം മുമ്പ് നടന്ന പലകിന്റെ വിവാഹവേളയിലും നിറസാന്നിധ്യമായിരുന്നു സ്മൃതി.

സ്മൃതിപലാഷ് എന്ന പേരില്‍ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടും നിലവിലുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഒരുമിച്ചുപോയ യാത്രയില്‍ നിന്നെടുത്ത ചിത്രങ്ങളുമെല്ലാം ഇതില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്മൃതിയുടെ ആരാധകരാണ് ഈ അക്കൗണ്ടിന് പിന്നില്‍.

പ്രൊഫഷണല്‍ ഗായകനും സംഗീത സംവിധായകനുമാണ് 28-കാരനായ പലാഷ്. സീഫൈവില്‍ സംപ്രേക്ഷണം ചെയ്ത അര്‍ഥ് എന്ന വെബ് സീരീസും പലാഷ് സംവിധാനം ചെയ്തിട്ടുണ്ട്. രാജ്പാല്‍ യാദവും റുബീന ദിലകും അഭിനയിച്ച ഈ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരവും പലാഷ് നേടി.