Photo | PTI
ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കാണ് പ്രഥമ മുന്‍ഗണന നല്‍കുന്നതെന്ന് ഇന്ത്യയുടെ പുതുമുഖ ദേശീയ താരവും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ ധ്രുവ് ജുറേല്‍. കുട്ടിയായിരിക്കുമ്പോഴും ഈ ചോദ്യം നേരിട്ടിട്ടുണ്ട്. 200 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കണമെന്നാണ് അന്ന് ആഗ്രഹം പറഞ്ഞിരുന്നത്. പിന്നീടാണ് 200 ടെസ്റ്റ് എന്നത് വളരെ കൂടുതലാണെന്ന് മനസ്സിലായതെന്നും ജുറേല്‍ വ്യക്തമാക്കി.
‘ടെസ്റ്റ് മത്സരങ്ങള്‍ക്കാണ് എപ്പോഴും ആദ്യ മുന്‍ഗണന. കുട്ടിയായിരുന്നപ്പോഴും ഇതേ ചോദ്യം നേരിടുകയും അന്ന് 200 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കണമെന്നാണ് ആഗ്രഹമെന്ന് പറയുകയും ചെയ്തിരുന്നു. 200 ടെസ്റ്റുകള്‍ എന്നതൊക്കെ വളരെ കൂടുതലാണെന്ന് പിന്നീടാണ് മനസ്സിലായത് (ചിരിക്കുന്നു)’- ജുറേല്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ധ്രുവ് ജുറേലിന്റെ അരങ്ങേറ്റം. മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യയുടെ ഭാവി പ്രതീക്ഷയായി ഉയരാന്‍ ജുറേലിന് കഴിഞ്ഞു. റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ ജുറേല്‍ നേടിയ 90 റണ്‍സ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. ഇന്ത്യ ഏറ്റവും ആവശ്യപ്പെടുന്ന സന്ദര്‍ഭത്തില്‍ അതിനനുയോജ്യമായി കളിക്കാന്‍ കഴിയും എന്നതാണ് ജുറേല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ മനസ്സിലാക്കിത്തന്നത്.
മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോനിയുമായുള്ള താരതമ്യത്തെക്കുറിച്ചും ജുറേല്‍ പ്രതികരിച്ചു. അടുത്ത ധോനിയാവുമെന്നാണ് എല്ലാവരും പറയുന്നത്. ധോനിയാവുക എന്നത് കടുപ്പമേറിയതാണെന്നും ലോക ക്രിക്കറ്റില്‍ ധോനി കൈവരിച്ച നേട്ടം എത്തിപ്പിടിക്കാന്‍ ആര്‍ക്കും കഴിയുമെന്ന് കരുതുന്നില്ലെന്നും ജുറേല്‍ വ്യക്തമാക്കി. ധോനി വളരെ ചെറുപ്പം മതുല്‍ത്തന്നെ തന്റെ ആരാധനാപാത്രമാണെന്നും ജുറേല്‍ പറഞ്ഞു. ഐ.പി.എലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ ജുറേല്‍, പുതിയ സീസണിനായുള്ള കാത്തിരിപ്പിലാണ്.
