സുപ്രീംകോടതി | ഫയൽചിത്രം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വ്യാഴാഴ്ച(മാര്‍ച്ച് 21)യ്ക്കുള്ളില്‍ വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം മാര്‍ച്ച് 21-ന് വൈകിട്ട് അഞ്ചുമണിക്ക് മുന്‍പായി ഫയല്‍ചെയ്യണമെന്നാണ് സുപ്രീം കോടതി എസ്.ബി.ഐ. ചെയര്‍മാന് നിര്‍ദേശം നല്‍കിയത്. എസ്.ബി.ഐ.യില്‍നിന്ന് വിവരങ്ങള്‍ ലഭിക്കുന്നതനുസരിച്ച് ഇതെല്ലാം വെബ്‌സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ആവശ്യപ്പെട്ടു.

ഓരോ ബോണ്ടിന്റെയും ‘സീരിയല്‍ നമ്പര്‍’ അടക്കമുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ എസ്.ബി.ഐ. കൈമാറിയ വിവരങ്ങള്‍ പൂര്‍ണമല്ലെന്ന് ആരോപിച്ചുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട് ബാങ്കിന്റെ കൈവശമുള്ള എല്ലാവിവരങ്ങളും പുറത്തുവിടണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും കോടതി പറഞ്ഞു.

ഏതൊക്കെ വിവരങ്ങളാണ് വെളിപ്പെടുത്തേണ്ടത് അത് വെളിപ്പെടുത്താമെന്നാണ് എസ്.ബി.ഐയുടെ നിലപാട്. എന്നാല്‍, ഇത് ഒരിക്കലും ഉചിതമായി തോന്നുന്നില്ല. എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാല്‍ അത് എല്ലാ വിവരങ്ങളുമാണ്. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവരേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട് നേരത്തെ എസ്.ബി.ഐ. പുറത്തുവിട്ട വിവരങ്ങള്‍ പൂര്‍ണമല്ലെന്ന് കാാണിച്ച് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ആരെല്ലാം ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് ബോണ്ട് നല്‍കിയതെന്ന് വ്യക്തമാക്കുന്ന പ്രത്യേക നമ്പറുകള്‍ ഉള്‍പ്പെടെ വെളിപ്പെടുത്തണമെന്നായിരുന്നു ആവശ്യം. ഇതുസംബന്ധിച്ചാണ് സുപ്രീംകോടതി തിങ്കളാഴ്ച വ്യക്തത വരുത്തിയത്.