രാഹുൽ ഗാന്ധി |ഫോട്ടോ:PTI
മുംബൈ: കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുന്നതിനെക്കുറിച്ച് ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന ചടങ്ങിൽ വിശദീകരിച്ച് രാഹുൽ ഗാന്ധി. ഉദാഹരണങ്ങൾ നിരത്തിക്കൊണ്ടായിരുന്നു ബി.ജെ.പി അധികാര ദുർവിനിയോഗം നടത്തുന്നു എന്ന് രാഹുൽ ഗാന്ധിയുടെ പ്രസംഗം.
അധികാരത്തോടാണ് നമ്മൾ പോരാടിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ ചോദ്യം എന്താണ് അധികാരം എന്നതാണ്. ആ രാജാവിന്റെ ആത്മാവ് ഇവിഎമ്മിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും സിബിഐ, ആദായനികുതിവകുപ്പിലും കുടികൊള്ളുകയാണ് – രാഹുൽ പറഞ്ഞു.
കേന്ദ്ര ഏജൻസികളെ ഭയന്ന് പാർട്ടിയിൽ നിന്ന് മുതിർന്ന നേതാവ് ബി.ജെ.പിയിലേക്ക് ചേക്കേറിയെന്നും പിന്നീട് അദ്ദേഹം തന്നെ സോണിയാ ഗാന്ധിയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞ് കരഞ്ഞുവെന്നും രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞു. പേര് വെളിപ്പെടുത്താതെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എന്നാൽ രാഹുൽ ഗാന്ധി പറഞ്ഞത് അടുത്തിടെ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ അശോക് ചവാനെക്കുറിച്ചാണെന്നാണ് സൂചന.
സംസ്ഥാനത്ത് നിന്ന് കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് എന്റെ അമ്മയെ വിളിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു, ‘സോണിയാ ജി, എനിക്ക് ഇക്കാര്യം പറയുന്നതിൽ ലജ്ജയുണ്ട്. ഇവർക്കെതിരേ പോരാടാൻ എന്റെ കൈയിൽ അധികാരമില്ല. എനിക്ക് ജയിലിൽ പോകാനും സാധിക്കില്ല’ എന്ന്. അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല- എന്നായിരുന്നു രാഹുൽ പറഞ്ഞത്.
ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചവാന്റെ പേരിൽ കേസുകളുണ്ടായിരുന്നു. ബിജെപി പാർലമെന്റിൽ സമർപ്പിച്ച ധവളപത്രത്തിൽ ആദർശ് അഴിമതിയെക്കുറിച്ചും സൂചനയുണ്ടെന്നും ഇതാണ് ചവാൻ ബി.ജെ.പിയിലേക്ക് ചേക്കേറാൻ കാരണമെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി ആയിരിക്കെ ആദർശ് അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു ചവാന്‍ രാജിവെച്ചത്.
