അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ജെപി നഡ്ഡ |ഫോട്ടോ:PTI
ലോക്സഭയില്‍ തനിച്ച് 370 സീറ്റുകള്‍, മുന്നണിയായി 400-ലേറെ. ഇങ്ങനെയൊരു ലക്ഷ്യം നരേന്ദ്രമോദി പ്രഖ്യാപിച്ചത് എന്തിനെന്ന് പല വ്യാഖ്യാനങ്ങളുമുണ്ടാകാം. പക്ഷേ, അത് സാധ്യമാണോ എന്നതാണ് കൗതുകകരമായ ചോദ്യം. വലിയ ലക്ഷ്യങ്ങള്‍ നല്‍കി പ്രവര്‍ത്തകരെ ത്രസിപ്പിക്കുന്നത് മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ പതിവുതന്ത്രമാണ് 543 അംഗ ലോകസഭയിൽ ഇതുവരെയുള്ള വലിയ വിജയം 1984-ല്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റേതാണ്. പാര്‍ട്ടിക്ക് 414 സീറ്റ് ലഭിച്ചു. 2019-ല്‍ 437 സീറ്റില്‍ മത്സരിച്ച ബി.ജെ.പി. 303 എണ്ണം നേടി; എന്‍.ഡി.എ 353-ഉം. എഴുപതോളം സീറ്റുകളില്‍ക്കൂടി വിജയിച്ചാലേ ബി.ജെ.പി.ക്ക് പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാനാകൂ. 1984-ലെ കോണ്‍ഗ്രസിന് പ്രധാനപ്പെട്ട ഒരു സംസ്ഥാനത്തും പ്രാതിനിധ്യമില്ലാതിരുന്നില്ല. എന്നാല്‍, ബി.ജെ.പിയാകട്ടെ ആകെ 84 അംഗങ്ങളെ തിരഞ്ഞെടുക്കുന്ന ആന്ധ്ര, തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ സംപൂജ്യരാണ്.
ഉരുക്കു കോട്ടകള്‍
രണ്ടിലേറെ എം.പി.മാരുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പി.ക്ക് തനിച്ച് മുഴുവന്‍ സീറ്റുകളും കിട്ടിയ സംസ്ഥാനങ്ങള്‍ ഗുജറാത്ത് (26), ഹരിയാണ (10), ഹിമാചല്‍പ്രദേശ് (4), ഡല്‍ഹി(7), ഉത്തരാഖണ്ഡ്(5) എന്നിവിടങ്ങളാണ്. ഇവയില്‍ ഗുജറാത്തും ഉത്തരാഖണ്ഡും ഈ നേട്ടം ആവര്‍ത്തിക്കാന്‍ ഏറ്റവും സാധ്യതയുള്ള സംസ്ഥാനങ്ങളാണ്.
ഹിമാചലില്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പിലെയും നിയമസഭയിലെയും തോല്‍വികള്‍ കരിനിഴലാണ്. പക്ഷേ, കോണ്‍ഗ്രസില്‍ അടുത്തിടെയുണ്ടായ വിഭാഗീയത ബി.ജെ.പി.ക്കു ഗുണമാകും. ഡല്‍ഹിയില്‍ എ.എ.പി.-കോണ്‍ഗ്രസ് സഖ്യമാണ് ഭീഷണി. 2019-ല്‍ ബി.ജെ.പി. നേടിയ 57 ശതമാനം വോട്ടിനൊപ്പം അന്ന് തനിച്ചുമത്സരിച്ച ഈ പാര്‍ട്ടികളുടെ വോട്ടുവിഹിതം എത്തില്ല. എങ്കിലും കടുത്ത മത്സരം പ്രതീക്ഷിക്കാം. ഹരിയാണയില്‍ മുഖ്യമന്ത്രിയെ മാറ്റി പരീക്ഷിച്ചത് ചുരുങ്ങിയത് ലോക്സഭാ മത്സരത്തെ ബാധിക്കില്ലെന്ന് പാര്‍ട്ടി കരുതുന്നു. ചെറിയവ്യത്യാസത്തിന് നൂറുശതമാനം നഷ്ടപ്പെട്ട അഞ്ച് മുഖ്യ സംസ്ഥാനങ്ങളുണ്ട്. രാജസ്ഥാന്‍ (24), മധ്യപ്രദേശ് (28), കര്‍ണാടക (25), ഝാര്‍ഖണ്ഡ് (11), ഛത്തിസ്ഗഢ് (9) എന്നിവ. 2019-ല്‍ ആകെയുള്ള 25ല്‍ 24 സീറ്റ് നേടിയ ബി.ജെ.പി.ക്ക് രാജസ്ഥാനില്‍ ഹാട്രിക് വിജയം അകലെയല്ല. ഇവിടെ സഖ്യകക്ഷിയായ ആര്‍.എല്‍.പിയാണ് അവശേഷിച്ച ഏക സീറ്റ് നേടിയതെങ്കിലും ഇപ്പോള്‍ അവര്‍ സഖ്യത്തിലില്ല.
മധ്യപ്രദേശില്‍ കഴിഞ്ഞതവണ നഷ്ടമായ ചിന്ത്വാഡ മാത്രമാണ് വെല്ലുവിളി. കമല്‍നാഥിന്റെ ആടിക്കളിമൂലം കോണ്‍ഗ്രസിനാണ് ഇവിടെ തലവേദനയേറെ.
ഛത്തീസ്ഗഢില്‍ രണ്ടുസീറ്റാണ് നഷ്ടമായത്. ഭൂപേഷ് ബാഘേലിനെയുള്‍പ്പെടെ ഇറക്കി കോണ്‍ഗ്രസ് ആഞ്ഞുപിടിക്കുന്നുണ്ടെങ്കിലും മേല്‍ക്കൈ ബി.ജെ.പി.ക്കു തന്നെയാണ്. ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറനെ അറസ്റ്റുചെയ്തത് തിരിച്ചടിയാകാതെ നോക്കണമെന്ന പ്രശ്‌നം പാര്‍ട്ടി നേരിടുന്നു.
കര്‍ണാടകയില്‍ സംസ്ഥാന ഭരണം കോണ്‍ഗ്രസിനാണെങ്കിലും ലോക്സഭയിലേക്ക് വ്യത്യസ്തമായ ഫലം സാധാരണമാണ്. ജെ.ഡി.എസുമായുള്ള സഖ്യവും ബി.ജെ.പി.ക്കുണ്ട്. ഒരു തരംഗമുണ്ടെങ്കില്‍ത്തന്നെ ഇത്രയും സംസ്ഥാനങ്ങളില്‍നിന്ന് പരമാവധി ഏഴുസീറ്റുകള്‍ കൂടിയേ അധികമായി നേടാനുള്ളൂ.
| മേഖല | ആകെ | ബിജെപി |
| ഉത്തരേന്ത്യ | 220 | 159 |
| പടിഞ്ഞാറന്‍ ഇന്ത്യ | 103 | 75 |
| വടക്കുകിഴക്കന്‍ ഇന്ത്യ | 25 | 14 |
| കിഴക്കന്‍ ഇന്ത്യ | 64 | 26 |
| ദക്ഷിണേന്ത്യ | 131 | 29 |
| ആകെ | 543 | 303 |
കരുതലോടെ സഖ്യങ്ങള്‍
ഉത്തര്‍പ്രദേശ്:
ഏറ്റവുമധികം എം.പി.മാരെ തിരഞ്ഞെടുക്കുന്ന യു.പി.യില്‍ 80-ല്‍ 62 സീറ്റുകളാണ് കഴിഞ്ഞതവണ ബി.ജെ.പി.ക്കു ലഭിച്ചത്. 78 മണ്ഡലങ്ങളിലാണു മത്സരിച്ചത്. സഖ്യകക്ഷിയായ അപ്നാദളിന് രണ്ടുസീറ്റും കിട്ടി. ഇത്തവണ ആര്‍.എല്‍.ഡി. ബി.ജെ.പി.ക്കൊപ്പമാണ്. മറ്റു ചില ചെറുകക്ഷികളുമുണ്ട്. ഇവര്‍ക്കെല്ലാം സീറ്റുകള്‍ നല്‍കിയാല്‍ 2019-ലെയത്ര സീറ്റുകളില്‍ മത്സരിക്കാനാവില്ല. എസ്.പി.യും കോണ്‍ഗ്രസും ഇക്കുറി സഖ്യത്തിലാണ്. എന്നാല്‍, പത്ത് സീറ്റുകള്‍ നേടിയിരുന്ന ബി.എസ്.പി. തനിച്ചുനില്‍ക്കുന്നത് ബി.ജെ.പി.ക്കു സഹായകരമാകാം. അനുകൂല തരംഗമുണ്ടായാല്‍ സഖ്യകക്ഷികള്‍ക്കു പുറമെ 70-ഓളം സീറ്റുകള്‍ നേടാനാകുമെന്നാണ് കണക്കുകൂട്ടല്‍.
മഹാരാഷ്ട്ര:
48 സീറ്റുകളില്‍ ബി.ജെ.പി.-ശിവസേന സഖ്യം കഴിഞ്ഞതവണ 41 സീറ്റ് നേടി. 25 മണ്ഡലങ്ങളില്‍ പോരാടിയ ബി.ജെ.പി.ക്ക് 23 ഇടത്ത് വിജയിക്കാനായി. ശിവസേനയിലെ പിളര്‍പ്പുമൂലം മത്സരിക്കാന്‍ ഇക്കുറി കൂടുതല്‍ സീറ്റുകള്‍ ബി.ജെ.പി.ക്ക് ലഭിച്ചേക്കും.
ബിഹാര്‍:
40-ല്‍ 17 സീറ്റാണ് ബി.ജെ.പി.ക്കു ലഭിച്ചത്. 39-ഉം എന്‍.ഡി.എ.ക്കു കിട്ടിയെങ്കിലും ജെ.ഡി.യു.വും എല്‍.ജെ.പി.യുമാണ് അവ പങ്കിട്ടെടുത്തത്. നിതീഷ്‌കുമാറിന്റെ കളംമാറ്റങ്ങള്‍ വോട്ടര്‍മാരെ മടുപ്പിച്ചിരിക്കുമോയെന്ന ഭയം ബി.ജെ.പി.ക്കുണ്ട്.
പഞ്ചാബ്:
പ്രതീക്ഷയ്ക്കു വകയില്ല. പഴയ ജമ്മു-കശ്മീരില്‍ മൂന്നുസീറ്റ് നേടിയെങ്കിലും ലഡാക്കില്‍ ഇക്കുറി എളുപ്പമാകില്ല.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍:
25 സീറ്റുകളില്‍ 14 എണ്ണമാണ് 2019-ല്‍ ബി.ജെ.പി.ക്കു ലഭിച്ചത്. ഒമ്പത് സീറ്റു കിട്ടിയ അസമില്‍നിന്ന് നാല് സീറ്റുകൂടി കിട്ടുമെന്നാണ് കണക്കുകൂട്ടല്‍. എങ്കിലും പൗരത്വനിയമ പ്രക്ഷോഭത്തിന്റെ നിഴല്‍ വീണുകിടക്കുന്നുണ്ട്.
പ്രതീക്ഷയുടെ കിഴക്ക്:
ഉത്തരേന്ത്യയിലെ 220 സീറ്റുകളില്‍ 159 എണ്ണമാണ് ഇപ്പോള്‍ ബി.ജെ.പി.ക്കുള്ളത്. ഗുജറാത്തും രാജസ്ഥാനും മഹാരാഷ്ട്രയും ഗോവയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളുമുള്ള പടിഞ്ഞാറന്‍ ഇന്ത്യയില്‍ 103-ല്‍ 75 സീറ്റുണ്ട്. ശക്തമായ ഭരണാനുകൂല വികാരമുണ്ടായാല്‍ ഇവിടങ്ങളിലും വടക്കുകിഴക്കിലും കൂടി 25 സീറ്റുകളാണ് അധികം നേടാനാവുക. ഒഡിഷ, ബംഗാള്‍ എന്നീ കിഴക്കന്‍ സംസ്ഥാനങ്ങളും ദക്ഷിണേന്ത്യയും കനിഞ്ഞാല്‍ മാത്രമേ 370 എന്ന ലക്ഷ്യത്തിലെത്താനാകൂ.
ഒഡിഷ:
21 സീറ്റുള്ള ഒഡിഷയില്‍ കഴിഞ്ഞതവണ എട്ടുസീറ്റ് കിട്ടിയിരുന്നു. ബി.ജെ.ഡി.യുമായുള്ള ബന്ധം എങ്ങനെ ഉരുത്തിരിയുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇവിടത്തെ സാധ്യതകള്‍.
ബംഗാള്‍:
42-ല്‍ 18 സീറ്റുകള്‍ കഴിഞ്ഞതവണ നേടിയതാണ് ബി.ജെ.പി.യെ മുന്നൂറ് കടക്കാന്‍ തുണച്ചത്. ഇക്കുറി ഏഴുസീറ്റുവരെ അധികം നേടുമെന്ന് ചില സര്‍വേകളുണ്ട്. കിഴക്കന്‍ സംസ്ഥാനങ്ങളിലെ 64 സീറ്റുകളില്‍ 26 മാത്രമാണ് ബി.ജെ.പി.ക്കുള്ളത്. ഈ രണ്ട് സംസ്ഥാനങ്ങളിലും പരമാവധി സീറ്റുകള്‍ക്ക് ശ്രമമുണ്ടാകും.
തെക്കിന്റെ പ്രതിരോധം:
മുന്‍തവണ പാര്‍ട്ടിക്കു ലഭിച്ച 303-ല്‍ കര്‍ണാടകയിലെ 25-ഉം തെലങ്കാനയിലെ നാലും ഉള്‍പ്പെടുന്നു. ഇവയ്ക്കു പുറമേ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് മുപ്പതോളം സീറ്റുകള്‍കൂടി കിട്ടിയാല്‍ 370 എന്ന മാന്ത്രികസംഖ്യയിലെത്താന്‍ ബി.ജെ.പി.ക്കാവും.
ആന്ധ്രാപ്രദേശ്:
ടി.ഡി.പി. സഖ്യത്തില്‍ ആറുസീറ്റില്‍ മത്സരിക്കുന്നു.
തെലങ്കാന:
ബി.ആര്‍.എസ്. നേതാവ് കവിതയെ ഇ.ഡി. അറസ്റ്റുചെയ്തത് ബി.ജെ.പി.യുടെ തന്ത്രപരമായ നീക്കമായി കരുതുന്നു. ബി.ആര്‍.എസ്. വീണ്ടും കളത്തില്‍ വരുന്നത് തങ്ങള്‍ക്ക് ഗുണമാകുമെന്നാണ് കണക്കുകൂട്ടല്‍. 17 എം.പി.മാരെ തിരഞ്ഞെടുക്കുന്ന തെലങ്കാനയാണ് തെക്ക് കാവിപ്പടയുടെ വലിയ പ്രതീക്ഷ.
തമിഴ്നാട്:
ലോക്സഭയിലേക്ക് സീറ്റുകളോ കാര്യമായ വോട്ടുവിഹിതമോ ബി.ജെ.പി.ക്കില്ല. എന്നാല്‍, ശക്തമായ പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്.
കേരളം
