പാചക സംഘം ദോശ മടക്കുന്നു | Photo: PTI

ഒരു ദോശയ്ക്ക് എത്ര വലുപ്പം വരും? നമ്മള്‍ കഴിക്കുന്ന ദോശയുടെ വലുപ്പമാകും മനസ്സില്‍ വരുന്നത്. എന്നാല്‍ 37 മീറ്റര്‍ നീളമുള്ള ദോശയെക്കുറിച്ച് കേട്ടിട്ടുണ്ടോ? നെറ്റി ചുളിക്കേണ്ട, ലോകത്തിലെ ഏറ്റവും വലിയ ദോശ നിര്‍മിച്ച് ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ബെംഗളൂരുവിലെ ഫുഡ് പ്രോസസിങ് കമ്പനി. കൃത്യമായി പറഞ്ഞാല്‍ 123 അടി നീളത്തില്‍ ദോശ നിര്‍മിച്ചാണ് റെക്കോഡിട്ടത്. ഭീമന്‍ ദോശ നിര്‍മിച്ച പാചക സംഘത്തിന് നേതൃത്വം നല്‍കിയത് മലയാളിയാണ്. പാലാക്കാരന്‍ റെജി മാത്യു. നാഗര്‍കോവില്‍ സ്വദേശിയായ രാജേഷും പാചക സംഘത്തിലെ പ്രധാനിയായിരുന്നു.

ദോശയുണ്ടാക്കാന്‍ ഉപയോഗിച്ചത് 35 കിലോഗ്രാം മാവാണ്. ദോശ പൊടിഞ്ഞു പോകാതിരിക്കാന്‍ സഹായിക്കുന്ന കുത്തരിയുടെ മാവാണ് ഉപയോഗിച്ചത്. 75 അംഗ പാചക സംഘത്തിന്റെ ദീര്‍ഘകാലത്തെ അധ്വാനമാണ് ഈ നേട്ടത്തിന് പിന്നില്‍. ആറു മാസത്തോളമായി നൂറിലേറെ തവണ പരീക്ഷണം നടത്തിയാണ് വിജയം കൈവരിച്ചത്. സ്റ്റൗവിലെ താപനിലയും പാചക സംഘത്തിന്റെ ഐക്യവും ടൈമിങ്ങുമെല്ലാമാണ് ലോകത്തിലെ ഏറ്റവും വലിയ ദോശ നിര്‍മിക്കാന്‍ സഹായകമായതെന്ന് റെജി മാത്യു പറഞ്ഞു.

സ്റ്റൗ ചൂടായി എണ്ണ വിതറി മാവ് ഇട്ട് ദോശയായി വരാന്‍ വേണ്ടിവന്നത് 20 മിനിറ്റോളം സമയമാണ്. എം.ടി.ആര്‍. ഫുഡ്സിന്റെ 100-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ബൊമ്മസാന്ദ്രയിലെ ഫാക്ടറിയിലാണ് ഭീമന്‍ ദോശ നിര്‍മിച്ചത്. അടുക്കള ഉപകരണ രംഗത്തെ ലോമന്‍ കമ്പനിയാണ് ഇതിനായി കൂറ്റന്‍ സ്റ്റൗ ഒരുക്കിയത്.

പ്രത്യേകമായി നിര്‍മിച്ച ഇന്‍ഡക്ഷന്‍ സ്റ്റൗവാണ് ഉപയോഗിച്ചത്. ഇന്‍ഡക്ഷന്‍ ഹീറ്റിങ് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചതെന്ന് ലോമന്‍ കമ്പനി എം.ഡി. ചന്ദ്രമൗലി പറഞ്ഞു. ഭീമന്‍ ദോശ നിര്‍മിക്കാന്‍ ചന്ദ്ര മൗലിയാണ് 126 അടി നീളമുള്ള സ്റ്റൗ തയ്യാറാക്കിയത്. എം.ടി. ആറിന്റെ മുമ്പത്തെ റെക്കോഡ് 54 അടി നീളമുള്ള ദോശയായിരുന്നു.