പ്രതീകാത്മക ചിത്രം

പിടിച്ചെടുത്ത സ്രാവുകളുടെ ശരീരഭാഗങ്ങളില്‍ 65 ശതമാനവും തമിഴ്നാട്ടില്‍നിന്നാണ്. കര്‍ണാടക, ഗുജറാത്ത്, കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.

ചെന്നൈ: രാജ്യത്ത് 2010-22 കാലയളവില്‍ പിടിച്ചെടുത്തത് 16,000 കിലോഗ്രാമോളം വരുന്ന സ്രാവിന്‍ചിറകുകള്‍ എന്ന് റിപ്പോര്‍ട്ട്. നെറ്റ്ഡ് ഇന്‍ ഇല്ലീഗല്‍ വൈല്‍ഡ്ലൈഫ് ട്രേഡ് എന്ന റിപ്പോര്‍ട്ട് ഡബ്ല്യു.ഡബ്ല്യു.എഫ്. ഇന്ത്യയും ട്രാഫിക് ഇന്ത്യയെന്ന ആഗോള വന്യജീവി കടത്ത് നിരീക്ഷണ സംഘടനയും സംയുക്തമായാണ് പുറത്തിറക്കിയത്. തമിഴ്നാടാണ് സ്രാവുമായി ബന്ധപ്പെട്ട വ്യാപാരത്തില്‍ മുന്നില്‍.

പിടിച്ചെടുത്ത സ്രാവുകളുടെ ശരീരഭാഗങ്ങളില്‍ 65 ശതമാനവും തമിഴ്നാട്ടില്‍നിന്നാണ്. കര്‍ണാടക, ഗുജറാത്ത്, കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. സ്രാവ് ചിറക് വ്യാപാരത്തിന് രാജ്യത്ത് നിരോധനമുണ്ടെങ്കിലും ഫലപ്രദമായി നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല.

സ്രാവിന്റെ ചിറകുകള്‍ക്ക് മാത്രമല്ല, എല്ലിനും പല്ലിനും വിപണിയില്‍ ഡിമാന്‍ഡുണ്ട്. 2,445 പല്ലുകളാണ് ഇക്കാലയളവില്‍ പിടികൂടിയത്. 15,839.5 കിലോഗ്രാം വരുന്ന സ്രാവ് ചിറകുകളും പിടികൂടാനായി. ഷാര്‍ക്ക് ഫിന്‍ സൂപ്പിന് വേണ്ടിയാണ് സ്രാവിന്‍ ചിറകുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ 15 കോടി വിലമതിക്കുന്നവയാണ് ഈ ശരീരഭാഗങ്ങളെന്ന് വിദഗ്ധര്‍ പറയുന്നു.

പിടികൂടിയവയില്‍ 60 ശതമാനം വരുന്ന ശരീരഭാഗങ്ങളും അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ടുള്ളതാണ്. സിങ്കപ്പൂര്‍ (24%), ഹോങ് കോങ് (18 %), ശ്രീലങ്ക (12%) എന്നിങ്ങനെയാണ് കയറ്റുമതി കണക്ക്. സ്രാവിന്റെ മാംസം ആഹാരത്തിനായും ചര്‍മം തുകലിനായുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. രാജ്യത്ത് 160 ഇനം സ്രാവുകളെ കാണാന്‍ കഴിയുമെന്നാണ് ഡബ്ല്യു.ഡബ്ല്യു.എഫ്. – ഇന്ത്യയിലെ വിദഗ്ധര്‍ പറയുന്നത്. ആവാസവ്യവസ്ഥയില്‍ പ്രധാന പങ്കുവഹിക്കുന്നവര്‍ കൂടിയാണ് സ്രാവുകള്‍.