ഗുജറാത്ത് സർവകലാശാലയിലുണ്ടായ തർക്കത്തിൽ നിന്ന്‌ | Photo: Twitter@saNewsDaily

അഹമ്മദാബാദ്: ഹോസ്റ്റലിൽ നിസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ​ഗുജറാത്ത് സർവകലാശാലയിലെ അഞ്ച് വിദേശ വിദ്യാർഥികൾക്ക് പരിക്ക്. ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ഉസ്‌ബെക്കിസ്താന്‍ എന്നീ രാജ്യങ്ങളിലെ വിദ്യാര്‍ഥികളെയാണ് ഹോസ്റ്റല്‍ മുറിയില്‍ നിസ്‌കരിച്ചുവെന്ന് ആരോപിച്ച് ഒരുകൂട്ടം ആളുകൾ ചേർന്ന് കയ്യേറ്റം ചെയ്തത്.

ക്യാമ്പസിൽ പള്ളിയില്ലാത്തതിനാലാണ് ഹോസ്റ്റലിൽ നിസ്കരിക്കാൻ തീരുമാനിച്ചതെന്നാണ് വിദ്യാർഥികൾ പറയുന്നത്. അതിനിടെ, ആയുധങ്ങളുമായി ഹോസ്റ്റലിലേക്ക് ഇരച്ചെത്തിയ ആൾക്കൂട്ടം ഇവരെ ആക്രമിക്കുകയായിരുന്നു. അവരുടെ മുറികളുണ്ടായിരുന്നു സാധനങ്ങളും ലാപ്ടോപ്പുകളും നശിപ്പിച്ചതായി വിദ്യാർഥികൾ പറഞ്ഞു. സുരക്ഷാ ജീവനക്കാരൻ ഇവരെ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നും വിദ്യാർഥികൾ വ്യക്തമാക്കി.

ഹോസ്റ്റലിൽ നിസ്കരിക്കാൻ ഇവർക്ക് ആരാണ് അനുവാദം നൽകിയതെന്ന് കൂട്ടത്തിൽ നിന്നും ചോദിച്ചായിരുന്നു തങ്ങൾക്കെതിരായ ആക്രമണമെന്ന് അഫ് ഗാനിൽ നിന്നുള്ള വിദ്യാർഥി പറഞ്ഞു. ‘അവർ ഞങ്ങളുടെ മുറിക്കുള്ളിൽ കയറി. ലാപ്ടോപ്പും ഫോണുകളും പുറത്തുണ്ടായിരുന്ന ബൈക്കുകളും നശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് അവർ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണ്’, വിദ്യാർഥി പറഞ്ഞു.

സംഭവത്തിൽ ​ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സംഘ്വി സംസ്ഥാനത്തെ ഉന്നത പോലീസ ഉദ്യോ​ഗസ്ഥരുമായി സംസാരിച്ചു. പ്രതികളെ എത്രയും വേ​ഗം അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അഹമ്മദാബാദ് സിറ്റി പോലീസ് കമ്മിഷണർ ജെ.എസ് മാലിക്കും അറിയിച്ചു.