Photo | twitter.com/MohammadKaif

ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിന് വേദിയായ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ പിച്ച് ഇന്ത്യക്കുവേണ്ടി ഒരുക്കിയതാണെന്ന് ആരോപിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഇന്ത്യന്‍ ടീമിന് അനുകൂലമാവുന്ന വിധത്തില്‍ വേഗം കുറഞ്ഞ പിച്ചാണ് ബി.സി.സി.ഐ. ക്യുറേറ്റര്‍മാര്‍ ഒരുക്കിയതെന്ന ആരോപണമാണ് കൈഫ് ഉയര്‍ത്തിയത്.

കഴിഞ്ഞവര്‍ഷം നവംബര്‍ 19-ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. ബാറ്റിങ്ങില്‍ പരാജയപ്പെട്ട ഇന്ത്യ, ആറു വിക്കറ്റിനാണ് അന്ന് തോറ്റത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ക്ക് 240 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഓസ്‌ട്രേലിയ ഇത് ട്രാവിസ് ഹെഡിന്റെ സെഞ്ചുറി ബലത്തില്‍ 43 ഓവറില്‍ത്തന്നെ മറികടന്നു.

ഫൈനലിലെ പിച്ച് സംബന്ധിച്ചുള്ള തീരുമാനങ്ങളില്‍ ബി.സി.സി.സി.ഐ.യുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഐ.സി.സി.യുടെ പിച്ച് കണ്‍സല്‍ട്ടന്റായ ആന്‍ഡി അറ്റിന്‍ക്‌സണെ മാറ്റിനിര്‍ത്തിയിരുന്നു. ഫൈനലിന് തൊട്ടുമുന്‍പാണ് മാറ്റിയത്. ഈ വിവാദം നിലനില്‍ക്കുമ്പോഴാണ് കൈഫിന്റെ കൂടി ആരോപണം.

‘മൂന്ന് ദിവസമായി ഞാനവിടെയുണ്ടായിരുന്നു. ഫൈനലിന് മൂന്ന് ദിവസം മുമ്പ് വരെയുള്ള ദിവസങ്ങളില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പിച്ച് വിലയിരുത്തിയിരുന്നു. എല്ലാ ദിവസവും ഒരു മണിക്കൂറോളം പിച്ചിനടുക്കല്‍ വന്നുനില്‍ക്കും. പിച്ചിന്റെ നിറം മാറ്റിയതായി ഞാന്‍ കണ്ടു. പിച്ചില്‍ വെള്ളമൊഴിക്കുകയോ ട്രാക്കില്‍ പുല്ലൊരുക്കുകയോ ചെയ്തില്ല. ഓസ്‌ട്രേലിയയ്ക്ക് സ്ലോ ട്രാക്ക് നല്‍കുകയായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ജനം വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും ഇതാണ് സത്യം’- കൈഫ് പറഞ്ഞു.

പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെ കണ്ട് ഇന്ത്യ വേഗം കുറഞ്ഞ പിച്ചൊരുക്കിയതാണ് ഇന്ത്യക്ക് പറ്റിയ അബദ്ധം. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയില്‍നിന്ന് പരാജയം ഏറ്റുവാങ്ങിയതില്‍നിന്ന് പാഠം പഠിച്ചാണ് പാറ്റ് കമ്മിന്‍സും സംഘവും ഫൈനലിലെത്തിയത്. സ്ലോ പിച്ചില്‍ ആദ്യം ബാറ്റു ചെയ്യുക എന്നത് ദുഷ്‌കരമാണെന്ന് ഓസ്‌ട്രേലിയ മനസ്സിലാക്കിയിരുന്നു. ഫൈനല്‍ പോലൊരു മത്സരത്തില്‍ ഓസ്‌ട്രേലിയ ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുത്തതിന്റെ കാരണം അതാണെന്നും കൈഫ് പറഞ്ഞു.