ഇ.പി ജയരാജൻ

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ ആരോപണങ്ങൾ തള്ളി കടുത്തഭാഷയിൽ പ്രതികരിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ. സതീശനെ പോലെ ബിസിനസുകാരനല്ല താനെന്നും രാജീവ് ചന്ദ്രശേഖറുമായി ബിസിനസ്സ് ബന്ധമില്ലെന്നും ഇപി വ്യക്തമാക്കി. തനിയ്ക്ക് ബിസിനസ് ഉണ്ടെങ്കിൽ അത് മുഴുവൻ സതീശന് സൗജന്യമായി എഴുതിക്കൊടുക്കാമെന്നു പറഞ്ഞ ജയരാജൻ, പ്രതിപക്ഷ നേതാവ് ഇരിക്കുന്ന സ്ഥാനം മനസ്സിലാക്കി പ്രവർത്തിക്കണമെന്നും വിമർശിച്ചു.

എനിയ്ക്ക് ബിസിനസ് ഉണ്ടെങ്കിൽ അത് മുഴുവൻ സതീശന് സൗജന്യമായി എഴുതിക്കൊടുക്കാം. സതീശൻ സ്റ്റാമ്പ് പേപ്പറുമായി വന്നാൽ മതി. എന്റെ ഭാര്യ ഒരു ബിസിനസ്സിലും ഇല്ല. അവർ ഒരു കമ്പനിയിൽ ഷെയർ ഹോൾഡർ മാത്രമാണ്. ഭാര്യയുടെ പേരിലുള്ള എല്ലാ ബിസിനസ്സുകളും സതീശന്റെ ഭാര്യയുടെ പേരിൽ എഴുതിക്കൊടുക്കാം. ഞാൻ കൈരളി ചാനലിന്റെ ഷെയർ ഹോൾഡർ ആണ്. അതാണ് എന്റെ പേരിലുള്ള ഏക ഷെയർ. സതീശനെ പോലെ ഒരു ബിസിനസ് മാനല്ല ഞാൻ. രാജീവ് ചന്ദ്രശേഖറിനെ ഇന്നുവരെ അടുത്തുകണ്ടിട്ടില്ല. ഫോണിൽ പോലും സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ചിത്രം മാത്രമാണ് കണ്ടിട്ടുള്ളത്.

വിഡി സതീശനെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. 150 കോടി രൂപ മത്സ്യപ്പെട്ടിയിൽ കടത്തിയെന്ന് നിയമസഭയിൽ പി.വി. അൻവർ പറഞ്ഞപ്പോൾ സതീശൻ അതിനെ എതിർത്ത് എന്തെങ്കിലും പറഞ്ഞോ? സതീശന് എന്താണ് പ്രതികരിക്കാൻ കഴിയാത്തത്? കള്ളപ്പണം കൊണ്ടുവന്ന് അതിനുമുകളിൽ ഇരിക്കുന്ന ആളാണ് സതീശൻ. ആ പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളത്. വീട് നിർമാണവും വിദേശ ഫണ്ട് പിരിവും ഉൾപ്പെടെ ഇതിന് അപ്പുറത്ത് ഇനിയും കാര്യങ്ങൾ ഉണ്ട്- ജയരാജൻ പറഞ്ഞു.

ഇ.പി. ജയരാജനെതിരെ കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ജയരാജനും കുടുംബത്തിനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് പാർട്ണർഷിപ്പുണ്ടെന്നും തിരുവനന്തപുരത്തെ സ്ഥാനാർഥിയായ ചന്ദ്രശേഖറിനോട് ജയരാജന് പ്രത്യേക മമതയുണ്ടെന്നുമായിരുന്നു സതീശൻ പറഞ്ഞത്.

ബിജെപി സ്ഥാനാര്‍ഥികള്‍ മികച്ചതെന്ന പ്രസ്താവന നടത്തിയത് ജാഗ്രതയ്ക്ക് വേണ്ടിയാണെന്നും ഇ.പി പറഞ്ഞു. ബിജെപി കേന്ദ്രമന്ത്രിമാരെ കൊണ്ടുവന്ന് മത്സരിപ്പിക്കുന്നത് ഇമേജ് കൂട്ടാനാണ്. പത്മജയെ സിപിഎമ്മിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടില്ല. പത്മജയെ ക്ഷണിച്ചെങ്കില്‍ സിപിഎമ്മിലേക്കല്ലേ വരേണ്ടത്. അവര്‍ പോയത് ബിജെപിയിലേക്കല്ലേ. ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചുളള ചോദ്യത്തിന് അദ്ദേഹത്തെ അറിയില്ലെന്നും ഇ.പി പറഞ്ഞു.