പ്രതീകാത്മക ചിത്രം | Photo: Maruti Suzuki
ഇന്ത്യയിലെ ക്രോസ് ഓവര്‍ വാഹന ശ്രേണിയില്‍ ഏറ്റവുമൊടുവില്‍ എത്തിയ വാഹനമാണ് മാരുതി സുസുക്കിയുടെ ഫ്രോങ്‌സ്. വിപണിയില്‍ വന്‍ വിജയമായ ഈ മോഡലും ടൊയോട്ടയുടെ മേല്‍വിലാസത്തില്‍ എത്തുകയാണ്. ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടൈസോര്‍ എന്ന പേരില്‍ ഒരുങ്ങുന്ന ഈ വാഹനം ഏപ്രില്‍ മൂന്നാം തിയതി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. മാരുതി സുസുക്കി-ടൊയോട്ട ക്രോസ് ബാഡ്ജിങ്ങില്‍ ഒരുങ്ങുന്ന അഞ്ചാമത്തെ മോഡലാണ് അര്‍ബന്‍ ക്രൂസിയര്‍ ടൈസോര്‍.
എക്സ്റ്റീരിയര്‍ ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയായിരിക്കും ഈ വാഹനം ഒരുങ്ങുകയെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഡിസൈനില്‍ തീര്‍ത്തിരിക്കുന്ന ഹെഡ്‌ലാമ്പ് ക്ലെസ്റ്ററുകള്‍ ടൈസറില്‍ നല്‍കിയേക്കും. ഇതിനൊപ്പം പുതിയ എല്‍.ഇ.ഡി. ഡേ ടൈം റണ്ണിങ്ങ് ലാമ്പ്, ഡിസൈന്‍ മാറ്റം വരുത്തിയിട്ടുള്ള അലോയി വീലുകള്‍, പുതുക്കിയ പിന്നിലെ ബമ്പര്‍, ടെയ്ല്‍ലാമ്പ് തുടങ്ങിയ അഴിച്ചുപണികള്‍ വരുത്തിയായിരിക്കും ടൈസോര്‍ ഒരുക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
അകത്തളം ഫ്രോങ്‌സുമായി കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നതായിരിക്കും. എന്നാല്‍, നിറത്തിലും മെറ്റീരിയലിലും മാറ്റം വരുത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവ ഫ്രോങ്‌സില്‍ നിന്നും കടംകൊണ്ടവയായിരിക്കും. എന്നാല്‍, ടൊയോട്ടയുടെ ലോഗോ പതിപ്പിച്ച സ്റ്റിയറിങ്ങ് വീല്‍ ടൈസോറിന്റെ അകത്തളത്തില്‍ ഒരുങ്ങും. സീറ്റുകള്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകളും മാരുതി സുസുക്കി ഫ്രോങ്‌സില്‍ നല്‍കിയിട്ടുള്ളത് തന്നെയാണ് ടൈസോറിലും നല്‍കുക.
മെക്കാനിക്കല്‍ ഫീച്ചറും ഫ്രോങ്സ് ടൈസോറുമായി പങ്കിടും. 89.7 പി.എസ്. പവറും 113 എന്‍.എം. ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് ഡ്യുവല്‍ വി.വി.ടി. പെട്രോള്‍ എന്‍ജിന്‍, 100 പി.എസ്. പവറും 147.6 എന്‍.എം. ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിന്‍ എന്നിവയാണ് ഫ്രോങ്സിന് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എ.ജി.എസ്, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.
മാരുതി സുസുക്കി ബ്രെസയുടെ ക്രോസ് ബാഡ്ജിങ്ങ് പതിപ്പായ അര്‍ബന്‍ ക്രൂയിസര്‍ ടൊയോട്ട വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ഈ വാഹനത്തിന്റെ കൂടി പകരക്കാരനായായിരിക്കും അര്‍ബന്‍ ക്രൂയിസര്‍ ടൈസോണ്‍ എത്തുന്നത്. മാരുതി സുസുക്കി ആയിരിക്കും വാഹനം നിര്‍മിച്ച് നല്‍കുകയെന്നാണ് വിവരം. ബലേനൊ-ഗ്ലാന്‍സ, എര്‍ട്ടിഗ-റൂമിയോണ്‍, ഹൈക്രോസ്-ഇന്‍വിക്ടോ എന്നീ വാഹനങ്ങളാണ് നിലവില്‍ മാരുതി സുസുക്കി-ടൊയോട്ട സഹകരണത്തില്‍ എത്തുന്നത്.
