കെ ഹരികുമാർ, ബിനു ഫ്രാൻസിസ്‌

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസിനും തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടർ കെ. ഹരികുമാറിനും ഐ.എ.എസ്. 2022-ലെ സെലക്ഷൻ ലിസ്റ്റിൽനിന്നാണ് നിയമനം. രണ്ടൊഴിവുകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്.

കേന്ദ്രവിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ഇരുവർക്കും സംസ്ഥാനത്ത് പുതിയ ചുമതല നൽകും. 2035 വരെ ഇരുവർക്കും സർവീസുണ്ട്. 1995-98 ബാച്ചിൽ ഗവ. ലോ കോളേജിൽ ഒന്നിച്ച് എൽഎൽ.ബി.ക്ക് ഒരേക്ലാസിൽ പഠിച്ചവരാണ് ഇരുവരും. 2006-ൽ മുനിസിപ്പൽ സെക്രട്ടറിമാരായി സർവീസിൽ കയറിയതും മാസങ്ങളുടെ വ്യത്യാസത്തിൽ ഒരേ റാങ്ക് പട്ടികയിൽ നിന്നായിരുന്നു.

ചെമ്പഴന്തി സ്വദേശിയായ ഹരികുമാർ ലോ കോളേജിലെ പഠനത്തിനുശേഷം തിരുവനന്തപുരം ജില്ലാകോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചിരുന്നു. പിന്നീട് കേരള പോലീസിൽ സബ് ഇൻസ്പെക്ടറായി. അത് ഉപേക്ഷിച്ചാണ് തദ്ദേശവകുപ്പിലെത്തിയത്.

തിരുവനന്തപുരം കാട്ടാക്കട കട്ടയക്കോട് സ്വദേശിയായ ബിനു ഫ്രാൻസിസ് കെ.എസ്.ഇ.ബി. ലീഗൽ അസിസ്റ്റന്റായാണ് സർവീസിൽ പ്രവേശിച്ചത്. മൂന്നരവർഷമായി തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറിയാണ്.