എം.പി വർഗീസ് പുരസ്‌കാരം ഡോ. വിന്നി വർഗീസ് എം.ടി വാസുദേവൻ നായർക്ക് സമർപ്പിക്കുന്നു.
കോഴിക്കോട്: താന്‍ എഴുത്ത് ആരംഭിച്ചത് വിനോദം എന്ന നിലയിലാണെന്ന് ജ്ഞാനപീഠജേതാവ് എം.ടി. വാസുദേവന്‍നായര്‍ പറഞ്ഞു. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷനും കര്‍ഷകസംഘടനയായ ഓഫറും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ പ്രൊഫ. എം.പി. വര്‍ഗീസ്സ്മാരക പുരസ്‌കാരം അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസില്‍നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തിന്റെ മേഖലയിലേക്ക് കടന്നതിന്റെ പ്രധാന ആകര്‍ഷണം പേള്‍ എസ്. ബക്കിനെപ്പോലുള്ളവരുടെ പുസ്തകങ്ങളുടെ സ്വാധീനവും അവ പകര്‍ന്നുനല്‍കിയ പ്രചോദനവുമാണ്. അകലത്തുനിന്നുണ്ടായ ഒരുതരം ആകര്‍ഷണം.
കുസൃതികളായ കലാലയ വിദ്യാര്‍ഥികള്‍ ‘എന്തിന് നിങ്ങള്‍ എഴുതുന്നു’ എന്ന് ചോദിച്ചപ്പോള്‍ 90 പിന്നിട്ട ഡ്യൂയിഷ് സാഹിത്യകാരന്‍ നല്‍കിയ മറുപടിയുണ്ട്, ‘നിങ്ങളെ പഠിപ്പിക്കാന്‍, നിങ്ങളെ രസിപ്പിക്കാന്‍’ എന്ന്. മൂന്ന് ജ്യേഷ്ഠന്മാര്‍ കോളേജില്‍ പഠിക്കുന്നതിനാല്‍ വീട്ടിലെ സാമ്പത്തികക്ലേശംമൂലം തനിക്ക് ഒരുവര്‍ഷം വൈകിയാണ് കോളേജില്‍ ചേരാന്‍കഴിഞ്ഞത്. കോളേജ് ലൈബ്രറി നന്നായി പ്രയോജനപ്പെടുത്തി.
ഒരുരൂപയ്ക്ക് പേള്‍ എസ്. ബക്കിന്റെ പുസ്തകവും രണ്ടു രൂപയ്ക്ക് നാനയും വാങ്ങി വായിച്ച കാലം. കോളേജിലെ സദ്യയും അതുകഴിഞ്ഞ് സൗജന്യമായി എല്ലാവര്‍ക്കും കിട്ടുന്ന സിഗരറ്റും ഉപയോഗിക്കാത്തവരുടെ സിഗരറ്റ് കൂട്ടുകാര്‍ ‘ബുക്ക്’ ചെയ്യുന്നതുമൊക്കെ ഓര്‍മ്മകളാണ്. തന്റെ ഗ്രാമത്തിന്റെ മനോഹാരിതയും പ്രത്യേകതകളും എഴുത്തിന് പ്രേരകമായിട്ടുണ്ടെന്നും എം.ടി. പറഞ്ഞു. ഡോ. വിന്നി വര്‍ഗീസ് അധ്യക്ഷത വഹിച്ചു.

പേള്‍ എസ് ബക്ക്.
യാക്കോബായ സുറിയാനിസഭ അങ്കമാലി ഭദ്രാസന പെരുമ്പാവൂര്‍ മേഖലാ മെത്രാപ്പൊലീത്തയും കോളേജ് അസോസിയേഷന്‍ ചെയര്‍മാനുമായ ഡോ. മാത്യൂസ് മോര്‍ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തി. സാഹിത്യകാരന്‍ പായിപ്ര രാധാകൃഷ്ണന്‍, ഡോ. ബോസ് മാത്യു ജോര്‍ജ്, പ്രൊഫ. സീനാ ജോണ്‍ എന്നിവരും സംസാരിച്ചു.
