നരേന്ദ്രമോദി | Photo: ANI

വരുന്ന അഞ്ചുവര്‍ഷത്തില്‍ ഇന്ത്യയുടെ അടിസ്ഥാനസൗകര്യങ്ങള്‍ പുതിയ ഉയരം കുറിക്കും. അടുത്ത അഞ്ചുവര്‍ഷം ഇന്ത്യന്‍ റെയില്‍വേ വിപ്ലവത്തിന്റേതായിരിക്കും.

ന്യൂഡല്‍ഹി: താന്‍ 2029 -ലെ തിരഞ്ഞെടുപ്പിനല്ല, 2047 ലേക്കാണ് തയ്യാറെടുക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലേക്ക് തയ്യാറെടുപ്പ് തുടങ്ങിയോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു ദേശീയ മാധ്യമം നടത്തിയ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു മോദി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം പ്രധാനമന്ത്രി പങ്കെടുത്ത ആദ്യ പൊതുപരിപാടിയിലായിരുന്നു പരാമര്‍ശം.

അഴിമതിക്കെതിരെ കര്‍ശനവും അചഞ്ചലവുമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി.) മോദി പ്രകീര്‍ത്തിച്ചു. ഇ.ഡിയുടെ നടപടികളെ പ്രതിപക്ഷത്തിന് ഭയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ഇതുപോലൊരു കോണ്‍ക്ലേവില്‍ പങ്കെടുക്കുമ്പോള്‍ വലിയ ഹെഡ്ലൈനിനുള്ള സാധ്യത ഞാനുണ്ടാക്കുമെന്ന് നിങ്ങള്‍ കരുതും. എന്നാല്‍, ഞാന്‍ പ്രവര്‍ത്തിക്കുന്നത് ഡെഡ്ലൈനുകളിലാണ്, ഹെഡ്ലൈനുകളിലല്ല’, മോദി പറഞ്ഞു.

2014 മുതല്‍ 680 തവണ തന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. രാജ്യത്തെ മറ്റെല്ലാ പ്രധാനമന്ത്രിമാരുടേയും സന്ദര്‍ശനങ്ങള്‍ കൂട്ടിയാലുള്ളതിനേക്കാള്‍ തവണ താന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പോയിട്ടുണ്ട്. വരുന്ന അഞ്ചുവര്‍ഷത്തില്‍ ഇന്ത്യയുടെ അടിസ്ഥാനസൗകര്യങ്ങള്‍ പുതിയ ഉയരം കുറിക്കും.

അടുത്ത അഞ്ചുവര്‍ഷം ഇന്ത്യന്‍ റെയില്‍വേ വിപ്ലവത്തിന്റേതായിരിക്കും. പ്രതിരോധ കയറ്റുമതിയില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നും ബഹിരാകാശമേഖലയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു.