രാഹുൽ ഗാന്ധി | ഫോട്ടോ: PTI
റാഞ്ചി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയ്ക്ക് ഝാർഖണ്ഡ് കോടതിയുടെ സമൻസ്. മാർച്ച് 27-ന് നേരിട്ട് ഹാജരാകാനാണ് ചായ്ബസയിലെ എംപി-എൽ.എൽ.എ കോടതി നിർദേശിച്ചിരിക്കുന്നത്. ഏത് കൊലയാളിയ്ക്കും ബി.ജെ.പി. അധ്യക്ഷനാകാമെന്ന് 2018-ൽ രാഹുൽ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി. നേതാവ് പ്രതാബ് കത്തിയാർ ഫയൽ ചെയ്ത കേസിലാണ് കോടതി നടപടി.
കേസുമായി ബന്ധപ്പെട്ട് 2022 ഏപ്രിലിൽ ഹാജരാകാൻ കോടതി ആവശ്യപ്പെട്ടെങ്കിലും രാഹുൽ ഹാജരായിരുന്നില്ല. തുടർന്ന് നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന അപേക്ഷ ഈ വർഷം ഫെബ്രുവരി 27-ന് രാഹുൽ കോടതിയിൽ നൽകി. എന്നാൽ മാർച്ച് 14-ന് അപേക്ഷ കോടതി തള്ളി.
ഇതിനുപിന്നാലെയാണ് രാഹുലിനോട് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി ഇപ്പോൾ സമൻസ് അയച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള കോടതി നടപടി രാഹുലിനും ഇന്ത്യാ മുന്നണിയ്ക്കും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
