Photo: twitter.com/IPL

മുംബൈ: രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഐപിഎല്‍ 17-ാം സീസണിന്റെ രണ്ടാംപാദ മത്സരങ്ങള്‍ ഇന്ത്യയ്ക്ക് പുറത്ത് നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടാം പകുതിയിലെ മത്സരങ്ങള്‍ യുഎഇയില്‍ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ആരായാന്‍ ഏതാനും ഉദ്യോഗസ്ഥരെ ബിസിസിഐ യുഎഇയിലേക്ക് അയച്ചിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനിടെ ചില ഫ്രാഞ്ചൈസികള്‍ കളിക്കാരോട് പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. 2009-ല്‍ പൊതു തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഐപിഎല്‍ സീസണ്‍ ദക്ഷിണാഫ്രിക്കയിലായിരുന്നു സംഘടിപ്പിച്ചത്. 2014-ലെ പൊതു തിരഞ്ഞെടുപ്പിന്റെ സമയത്ത് ഐപിഎല്ലിന്റെ ആദ്യ പകുതി മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മാര്‍ച്ച് 22-നാണ് ഐപിഎല്‍ 17-ാം സീസണിന് തുടക്കമാകുന്നത്. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ആദ്യഘട്ടത്തില്‍ ഏപ്രില്‍ ഏഴു വരെയുള്ള മത്സരക്രമം മാത്രമാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്..

ശനിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നായിരുന്നു റിപ്പോര്‍ട്ട്. ഏപ്രില്‍ 19-ന് ആരംഭിച്ച് ജൂണ്‍ ഒന്നു വരെ ഏഴ് ഘട്ടങ്ങളിലായിട്ടായിട്ടാണ് 543 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ഏപ്രില്‍ 19-ന് ആണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടം ഏപ്രില്‍ 26-ന് നടക്കും. മേയ് ഏഴിനാണ് മൂന്നാംഘട്ടം. മേയ് 13-ന് നാലാം ഘട്ടവും മേയ് 20-ന് അഞ്ചാം ഘട്ടവും നടക്കും. മേയ് 26-ന് ആണ് ആറാം ഘട്ടം. ജൂണ്‍ ഒന്നിന് ഏഴാം ഘട്ടത്തോടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം, എന്നീ നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.