Representational Image | Photo: AP

ആഴ്ചയുടെ തുടക്കത്തില്‍ 15 ശതമാനം വരെ ഇടിവ് നേരിട്ട റെയില്‍ ഓഹരികള്‍ വ്യാഴാഴ്ചയിലെ വ്യാപാരത്തിനിടെ കുതിപ്പ് രേഖപ്പെടുത്തി. റൈറ്റ്‌സ്, ഐഎഫ്ആര്‍സി, ആര്‍വിഎന്‍എല്‍. ഇര്‍കോണ്‍ തുടങ്ങിയ ഓഹരികള്‍ ദിനവ്യാപാരത്തിനിടെ 11 ശതമാനംവരെ ഉയര്‍ന്നു.

റൈറ്റ്‌സ് 10 ശതമാനത്തിലധികം ഉയര്‍ന്ന് 649 രൂപയിലെത്തി. നവരത്‌ന വിഭാഗത്തില്‍പ്പെട്ട ഈ കമ്പനിയുടെ ഓഹരി കഴിഞ്ഞവര്‍ഷം 87 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. അതേസമയം, സമാന കാലയളവില്‍ 408 ശതമാനം ഉയര്‍ന്ന ഐആര്‍എഫ്‌സിയുടെ ഓഹരി വില വ്യാഴാഴ്ച 10 ശതമാനം കുതിപ്പ് രേഖപ്പെടുത്തി.

റെയില്‍ടെല്‍, ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍, ആര്‍വിഎന്‍എല്‍ എന്നീ ഓഹരികള്‍ 10 ശതമാനംവരെ ഉയര്‍ന്നു. കഴിഞ്ഞ വ്യാപാരദിനത്തില്‍ എട്ട് ശതമാനത്തിലധികം ഇടിവ് നേരിട്ട ടെക്‌സ്മാകോ റെയില്‍, ടിറ്റാഗര്‍ റെയില്‍, ജൂപ്പിറ്റര്‍ വാഗണ്‍സ് എന്നീ ഓഹരികള്‍ 10 ശതമാനംവരെ നേട്ടമുണ്ടാക്കി. ഐആര്‍സിടിസിയാകട്ടെ രണ്ട് ശതമാനവും ഉയര്‍ന്നു.

പുതിയ റെയില്‍ പ്രൊജക്ടുകള്‍, സര്‍ക്കാരിന്റെ മൂലധന ചെലവിലെ വര്‍ധന, മികച്ച ഓര്‍ഡര്‍ ബുക്ക് എന്നിവ റെയില്‍ കമ്പനികളുടെ കുതിപ്പിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഓരോ തിരുത്തലും ഓഹരികള്‍ സമാഹരിക്കാനുള്ള അവസരമാക്കാം.