അരവിന്ദ് കെജ്രിവാൾ | Photo: ANI
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം. ഡൽഹി റോസ് അവന്യു കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. 15,000 ജാമ്യതുകയുടേയും ഒരുലക്ഷം രൂപയുടെ ആൾജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചത്.
ഇ.ഡി.യുടെ ഹർജിയിൽ ശനിയാഴ്ച നേരിട്ട് ഹാജരാകണമെന്ന് മജിസ്‌ട്രേറ്റ് കോടതി നേരത്തെ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടിരുന്നു. സമൻസ് നൽകിയിട്ടും തുടർച്ചയായി കെജ്‌രിവാൾ ഹാജരാകുന്നില്ലെന്നായിരുന്നു ഇ.ഡി.യുടെ പരാതി. ഇതുവരെ ഇ.ഡി.യുടെ എട്ട് സമൻസുകളയച്ചിട്ടും അദ്ദേഹം ഹാജരായിരുന്നില്ല.
ഇതേ കേസുമായി ബന്ധപ്പെട്ട് ബി.ആർ.എസ്. നേതാവുംതെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ. കവിതയെ ഇ.ഡി. വെള്ളിയാഴ്ച അറസ്റ്റുചെയ്തിരുന്നു. വെള്ളിയാഴ്ച ഹൈദരാബാദിലെ കവിതയുടെ വീട്ടിൽ നടന്ന റെയ്ഡിനൊടുവിൽ വൈകീട്ട് അഞ്ചരയോടെയായിരുന്നു അറസ്റ്റ്. അവരെ രാത്രി എട്ടരയോടെ വിമാനമാർഗം ഡൽഹിയിലേക്ക് കൊണ്ടുപോയി.
2021-22 വർഷം മദ്യവിൽപ്പനയ്ക്കുള്ള ലൈസൻസ് അനുവദിക്കാൻ പണം വാങ്ങിയെന്നാണ് കെജ്‌രിവാളിനെതിരായ ആരോപണം. പിന്നീട് നയം ഡൽഹി സർക്കാർ പിൻവലിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. അറസ്റ്റ് ചെയ്ത ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇപ്പോഴും ജയിലിലാണ്.
