ഫോർട്ട്കൊച്ചിയിലെത്തിയ വിദേശസഞ്ചാരികൾ ഷർട്ട് ധരിക്കാതെ തെരുവിലൂടെ നടക്കുന്നു.
ചുട്ടുപൊള്ളുന്ന ചൂട് ആസ്വദിക്കുകയാണ് വിദേശസഞ്ചാരികള്‍. കൊച്ചിയുടെ ചൂട് മുന്‍കൂട്ടി അറിഞ്ഞാണ് സഞ്ചാരികളുടെ വരവ്. യൂറോപ്യന്‍ രാജ്യങ്ങളെല്ലാം അതിശൈത്യത്തിന്റെ പിടിയിലാണ്. മിക്കയിടത്തും മൈനസില്‍ താഴെയാണ് തണുപ്പ്. കൊടും തണുപ്പില്‍നിന്ന് രക്ഷതേടി നാടുവിടുകയാണ് വിദേശ സഞ്ചാരികള്‍. ചൂട് കൂടുമ്പോള്‍, നമ്മള്‍ മലയാളികള്‍ മൂന്നാറിലെയും ഊട്ടിയിലേയും തണുപ്പുതേടി പോകുന്നത് പോലെയാണിത്. സാധാരണ മാര്‍ച്ച് മാസത്തില്‍ വിദേശത്തു നിന്നുള്ള സഞ്ചാരികളുടെ വരവ് കുറയും. ഇത്തവണ പക്ഷേ, കൂടുകയാണുണ്ടായത്. ‘മാര്‍ച്ച് മാസത്തില്‍ ഈ രീതിയില്‍ സഞ്ചാരികളെ കാണാറില്ല, ഇക്കുറി വരവ് കൂടിയിട്ടുണ്ട്. ഹോംസ്റ്റേകളിലും ഹോട്ടലിലുമൊക്കെ അതിഥികളുണ്ട്.’ ഹോംസ്റ്റേ ആന്‍ഡ് ടൂറിസം സൊസൈറ്റി ഡയറക്ടര്‍ എം.പി. ശിവദത്തന്‍ പറയുന്നു.
ഫോര്‍ട്ട്‌കൊച്ചിയിലെ ഹോംസ്റ്റേകളിലൊക്കെ വിദേശ സഞ്ചാരികളുണ്ട്. പകല്‍സമയത്ത് വെയിലുകൊള്ളാന്‍ ഇറങ്ങുന്ന സഞ്ചാരികളെ കാണാം. മാര്‍ച്ചില്‍ പ്രതീക്ഷിക്കാത്ത വരവാണിത്. ഫെബ്രുവരിക്കുമുന്‍പുതന്നെ സഞ്ചാരികളുടെ വരവ് നില്‍ക്കുമെന്നാണ് കരുതിയത്. ഇത് വലിയ മാറ്റമാണ്. ഹോംസ്റ്റേ സംരംഭകര്‍ക്ക് നേട്ടമാകും. ഹോംസ്റ്റേ ഓണേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി ജോസഫ് ഡൊമിനിക്ക് പറയുന്നു.
ചൂട് പാക്കേജുകള്‍
അമേരിക്ക, യു.കെ., ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളാണ് കൊച്ചിയിലേക്ക് ഇപ്പോള്‍ കൂടുതല്‍ വരുന്നത്. ഇവിടെയൊക്കെ അതിശൈത്യമാണ്. കൊച്ചി പോലുള്ള ഡെസ്റ്റിനേഷനുകളിലെ ചൂടും മാര്‍ക്കറ്റ് ചെയ്യപ്പെടുകയാണ്. ചൂടും ടൂറിസം പ്രോഡക്ടായി മാറുന്നു. ചൂട് മുന്‍കൂട്ടി പറഞ്ഞ് വന്‍കിട കമ്പനികള്‍ തയ്യാറാക്കിയ പാക്കേജുകളില്‍ ധാരാളം സഞ്ചാരികള്‍ കൊച്ചിയിലേക്ക് വരുന്നുണ്ട്. സണ്‍ ബാത്തും വിദേശികള്‍ക്ക് താത്പര്യമുള്ള കാര്യമാണ്.
ഫോര്‍ട്ട്‌കൊച്ചിയില്‍ പക്ഷേ, കടപ്പുറത്ത് സഞ്ചാരികളെ അധികം കാണുന്നില്ല. വെയിലേറ്റ് നടക്കാനാണ് അവര്‍ താത്പര്യം കാട്ടുന്നത്. യൂറോപ്യല്‍ ശൈത്യം തുടര്‍ന്നാല്‍ സഞ്ചാരികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാകും. കൊച്ചിയുടെ ടൂറിസം സീസണ്‍ ഏപ്രില്‍ വരെ തുടരാനുമിടയുണ്ട്.
