Photo: twitter.com/ChampionsLeague

സൂറിച്ച്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങളുടെ നറുക്കെടുപ്പ് കഴിഞ്ഞതോടെ ഫുട്‌ബോള്‍ ആരാധകരെ കാത്തിരിക്കുന്നത് തീപാറും പോരാട്ടങ്ങള്‍.

നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് 14 തവണ ജേതാക്കളായ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡാണ് എതിരാളികള്‍. ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന പോരാട്ടമാണിത്. കഴിഞ്ഞ തവണ സെമിയില്‍ ഇരു പാദങ്ങളിലുമായി റയലിനെ 5-ന് തകര്‍ത്തായിരുന്നു സിറ്റിയുടെ ഫൈനലിലേക്കുള്ള മുന്നേറ്റവും കിരീട വിജയവും.

നാലു വര്‍ഷത്തിനുശേഷം ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്ന ബാഴ്‌സലോണ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയെ നേരിടും. ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ സാധിക്കാത്ത പിഎസ്ജി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ക്ലബ്ബിലെ അവസാന സീസണില്‍ കിരീടം നേടാമെന്ന പ്രതീക്ഷയിലാണ്.

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണലിന് ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കും അത്‌ലറ്റിക്കോ മാഡ്രിഡിന് ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡുമാണ് എതിരാളികള്‍. ഏപ്രില്‍ ഒമ്പതിന് ആദ്യ പാദ മത്സരങ്ങളും 16-ന് രണ്ടാം പാദ മത്സരങ്ങളും ഹോം, എവേ വിഭാഗങ്ങളിലായി നടക്കും.