നരേന്ദ്രമോദി, അമിത്ഷാ, രാഹുൽഗാന്ധി, മല്ലികാർജുൻ ഗാർഗെ,സീതാറാം യെച്ചൂരി, അരവിന്ദ് കെജ്രിവാൾ.

ന്യൂഡല്‍ഹി: രാജ്യം ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഏഴ് ഘട്ടങ്ങളിലായിട്ടായിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 19 ന് ആരംഭിച്ച് ജൂണ്‍ ഒന്നു വരെ ഏഴ് ഘട്ടങ്ങളിലായിട്ടായിട്ടാണ് 543 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. ജൂണ്‍ നാലിന് ആണ് വോട്ടെണ്ണല്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ്‌ വാര്‍ത്താ സമ്മേളനത്തില്‍ തീയതി പ്രഖ്യാപിച്ചത്‌. ഒറ്റ ഘട്ടമായിട്ട് നടക്കുന്ന കേരളത്തില്‍ ഏപ്രില്‍ 26 ന് ആണ് വിധിയെഴുത്ത്.

ഏപ്രില്‍ 19 ന് ആണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടം ഏപ്രില്‍ 26 ന് നടക്കും. മേയ് ഏഴിനാണ് മൂന്നാംഘട്ടം. മേയ് 13 ന് നാലാം ഘട്ടവും മേയ് 20 ന് അഞ്ചാം ഘട്ടവും നടക്കും. മേയ് 26 ന് ആണ് ആറാം ഘട്ടം. ജൂണ്‍ ഒന്നിന് ഏഴാം ഘട്ടത്തോടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം, എന്നീ നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. കഴിഞ്ഞ തവണയും ഏഴ് ഘട്ടങ്ങളിലായിട്ടായിരുന്നു വോട്ടെടുപ്പ്.

ഇത്തവണ ആകെ 96.88 കോടി വോട്ടര്‍മാരാണ് 2024 ല്‍ വോട്ടുചെയ്യുക. ഇതില്‍ പുരുഷ വോട്ടര്‍മാരുടെ എണ്ണം 49.72 കോടിയാണ്. 47.15 കോടി സ്ത്രീവോട്ടര്‍മാരുമുണ്ട്. 48044 ട്രാന്‍സ്ജന്‍ഡേഴ്‌സ് വോട്ടര്‍മാരും 1.82 കോടി കന്നിവോട്ടര്‍മാരും ഇത്തവണ വോട്ടുചെയ്യാനെത്തുമെന്നാണ് കണക്ക് കൂട്ടുന്നത്. 19.74 കോടിയാണ് യുവ വോട്ടര്‍മാരുടെ എണ്ണം. ഭിന്നശേഷി വോട്ടര്‍മാരായി 88.35 ലക്ഷം പേരുണ്ട്. എണ്‍പത് വയസ്സ് കഴിഞ്ഞ വോട്ടര്‍മാര്‍ 1.85 കോടിയാണ്. നൂറ് വയസ്സ് കഴിഞ്ഞവരായി 238791 പേരുമുണ്ട്. തിരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജമാണ് രാജ്യമെന്നും 10.05 ലക്ഷം പോളിങ് സ്‌റ്റേഷനുകളും ഒന്നരക്കോടി പോളിങ് ഉദ്യോഗസ്ഥരും ഒരുങ്ങിക്കഴിഞ്ഞുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ

അരുണാചല്‍ പ്രദേശ്, ആന്തമാന്‍ ആന്‍ഡ് നിക്കോബര്‍ ദ്വീപ്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, ദമാന്‍ ദിയു, ഡല്‍ഹി, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഹരിയാന, കേരള, ലക്ഷദ്വീപ്, ലഡാക്ക്, മിസോറം, മേഘാലയ, നാഗാലന്‍ഡ്, പുതുച്ചേരി, സിക്കിം, തമിഴ്‌നാട്, പഞ്ചാബ്, തെലങ്കാന, ഉത്തരാഖാണ്ഡ് സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ്.

കര്‍ണാടക, രാജസ്ഥാൻ, ത്രിപുര, മണിപ്പുര്‍ എന്നിവിടങ്ങളില്‍ രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കും. ഛത്തീസ്ഗഢ്, അസം എന്നീ സംസ്ഥാനങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ്. ഒഡിഷ, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നാല് ഘട്ടങ്ങളിലായിട്ടായിരിക്കും തിരഞ്ഞെടുപ്പ്. അതേസമയം ജമ്മു ആന്‍ഡ് കശ്മീര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ അഞ്ചു ഘട്ടങ്ങളായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക. അതേസമയം ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഏഴ് ഘട്ടങ്ങളായും വിധിയെഴുത്തുണ്ടാവും.

തത്സമയ വിവരണങ്ങള്‍…