ശശി തരൂർ | Photo: PTI

തിരുവനന്തപുരം: ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ പാര്‍ലമെന്റിലെത്തിയിട്ട് കൂടുതല്‍ ഒന്നും ചെയ്യാനില്ലെന്ന് എംപിയും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂര്‍. ‘അവരെ അങ്ങോട്ട് വിടുന്നത് വെറും വേസ്റ്റാണ്. ബിജെപിയും അവര്‍ക്ക് എതിര് നില്‍ക്കുന്നവരും തമ്മിലുള്ള മത്സരമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടക്കുന്നത്’ തരൂര്‍ പറഞ്ഞു.

കേന്ദ്ര വിഷയങ്ങളില്‍ സിപിഎമ്മിന്‌ പ്രസക്തിയില്ല. ഈ തിരഞ്ഞെടുപ്പ് ഭാരതത്തിന്റെ ആത്മാവിന് വേണ്ടിയുള്ള സംഘര്‍ഷമാണ്. മതേതരത്വം വെറും മുദ്രാവാക്യമല്ല. കേരളം ഇതിന്റെ മാതൃകയാണ്. കേരളത്തെപ്പോലെ ഭാരതവുമാകണം. ഹിന്ദുരാഷ്ട്രം കൊണ്ടുവരലാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ജനങ്ങളുടെ ശബ്ദമായി പാര്‍ലമെന്റില്‍ മാറുമെന്നും തരൂര്‍ പറഞ്ഞു.

തന്റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് ആര്‍ക്കും സംശയം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ രണ്ടക്കമെന്ന് പ്രധാനമന്ത്രി പറഞ്ഞത് രണ്ട് പൂജ്യമാണ്. ഒരു സംസ്ഥാനത്തും ബി.ജെ.പിക്ക് സീറ്റ് കൂടുതല്‍ ലഭിക്കില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

എന്‍ഡിഎയില്‍ നിന്ന് പുറത്താക്കിയ പാര്‍ട്ടികളെ ഇപ്പോള്‍ ബിജെപി കെഞ്ചിവിളിക്കുകയാണ്..400 പോയിട്ട് 300 സീറ്റ് പോലും ഇത്തവണ അവര്‍ക്ക് കിട്ടില്ല. ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടാനുള്ള സാധ്യത വളരെക്കുറവാണ്. 2004-ലെ ഫലം ആവര്‍ത്തിക്കാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.