1. ഷാജി 2. പ്രതീകാത്മകചിത്രം
കൊച്ചി: കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ കോഴ ആരോപണം നേരിട്ട് ജീവനൊടുക്കിയ മാര്‍ഗംകളി വിധികര്‍ത്താവ് പി.എന്‍. ഷാജിയെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചതായി ദൃക്സാക്ഷികള്‍. കേസിലെ രണ്ടും മൂന്നും പ്രതികളും നൃത്തപരിശീലകരുമായ കാസര്‍കോട് സ്വദേശി ജോമെറ്റ് മൈക്കിള്‍, മലപ്പുറം സ്വദേശി സൂരജ് എന്നിവരാണ് എസ്.എഫ്.ഐ.ക്കെതിരേ രംഗത്തുവന്നത്.
എസ്.എഫ്.ഐ. നേതാവ് അഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സെനറ്റ് ഹാളിന്റെ അകത്ത് മറ്റൊരുമുറിയിലേക്ക് ഷാജിയെ കൂട്ടിക്കൊണ്ടുപോയത്. ‘നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്’ അഞ്ജു ചോദിച്ചു. ഷാജിയുടെ ബയോഡേറ്റ വായിച്ച് കളിയാക്കി. അഞ്ജുവാണ് അടിക്കെടാ ഇവനെയെന്ന് പറഞ്ഞത്. ക്രിക്കറ്റ് ബാറ്റ്, ഹോക്കിസ്റ്റിക് തുടങ്ങിയവ അവിടെ ഉണ്ടായിരുന്നു.
‘എന്നെ ആവശ്യമില്ലാത്ത പ്രശ്‌നത്തില്‍ കുരുക്കരുത്, ജീവിക്കാന്‍ വഴിയില്ല, ആത്മഹത്യചെയ്യുമെ’ന്ന് ഇതിനിടെ ഷാജി പറഞ്ഞതായും ദൃക്സാക്ഷികള്‍ പറഞ്ഞു.
അഞ്ജു ഷാജിയെ മര്‍ദിച്ചില്ല. പക്ഷേ അവരാണ് നേതൃത്വം നല്‍കിയത്. നന്ദന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം. ഷാജിയെ മര്‍ദിക്കുന്നതിന് ഞങ്ങള്‍ ദൃക്സാക്ഷികളാണ്. ഞങ്ങള്‍ക്കും മര്‍ദനമേറ്റു. ഇതിനിടെ രക്തസമ്മര്‍ദം കുറയുന്നതായി ഷാജി പറഞ്ഞെങ്കിലും അവരത് ഗൗനിച്ചില്ലെന്നു ജോമെറ്റ് മൈക്കിളും സൂരജും പറഞ്ഞു. അഭിഭാഷകന്റെ അടുത്തെത്തിയപ്പോഴാണ് ഇരുവരും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
നൃത്താധ്യാപകര്‍ക്ക് മുന്‍കൂര്‍ജാമ്യം
കൊച്ചി: കേരള സര്‍വകലാശാലാ കലോത്സവ കോഴക്കേസില്‍ രണ്ടും മൂന്നും പ്രതികളായ നൃത്തപരിശീലകര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. കാസര്‍കോട് സ്വദേശി ജോമെറ്റ് മൈക്കിള്‍, മലപ്പുറം സ്വദേശി സൂരജ് എന്നിവര്‍ക്കാണ് കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതില്ലെന്നു വിലയിരുത്തി ജസ്റ്റിസ് സി.എസ്. ഡയസ് മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. ഹര്‍ജിക്കാര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന വിശ്വാസവഞ്ചനക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കിലെന്നു വിലയിരുത്തിയാണ് ഉത്തരവ്.ഹര്‍ജിക്കാര്‍ പരിശീലിപ്പിച്ച ടീമിനായിരുന്നു കലോത്സവത്തില്‍ മാര്‍ഗംകളിയില്‍ ഒന്നാംസ്ഥാനം. ഇവര്‍ വിധികര്‍ത്താവിന് കോഴ നല്‍കിയെന്ന പരാതിയെത്തുടര്‍ന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. എന്നാല്‍, ആരോപണം തെറ്റാണെന്നും രാഷ്ട്രീയസമ്മര്‍ദമാണ് കേസിന് പിന്നിലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.
ഹര്‍ജിക്കാരുടെ റോള്‍ എന്താണെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഹര്‍ജിക്കാരുടെ സ്വാധീനത്തിലാണ് തിരിമറി നടന്നതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. എന്നാല്‍, വിധികര്‍ത്താവിനെ നിയമിച്ചത് സര്‍വകലാശാല അല്ലേയെന്ന് കോടതി ആരാഞ്ഞു. അപ്പോള്‍ ഹര്‍ജിക്കാര്‍ക്കെതിരേ വിശ്വാസവഞ്ചനക്കുറ്റം എങ്ങനെ നിലനില്‍ക്കുമെന്നും ചോദിച്ചു. തുടര്‍ന്നാണ് മുന്‍കൂര്‍ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.
ഹര്‍ജിക്കാര്‍ ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണോദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. അറസ്റ്റുചെയ്താല്‍ അന്നുതന്നെ ബന്ധപ്പെട്ട കോടതിയില്‍ ഹാജരാക്കി 50,000 രൂപയുടെ ബോണ്ടിലും തുല്യ തുകയുടെ രണ്ട് ആള്‍ജാമ്യത്തിലും പ്രതികളെ വിട്ടയക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഷാജിയുടെ ആത്മഹത്യ: ഗവര്‍ണര്‍ക്ക് പരാതി നല്‍കി ബന്ധുക്കള്‍
കണ്ണൂര്‍: കേരള സര്‍വകലാശാല കലോത്സവത്തില്‍ കോഴ ആരോപണം നേരിട്ട വിധികര്‍ത്താവ് പി.എന്‍. ഷാജി (ഷാജി പൂത്തട്ട) ജീവനൊടുക്കിയ സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി നല്‍കി ബന്ധുക്കള്‍. നീതിയുക്തവും പക്ഷപാതരഹിതവുമായ അന്വേഷണമാവശ്യപ്പെട്ടാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. കോഴ ആരോപണത്തില്‍ രാഷ്ട്രീയതാത്പര്യങ്ങളുണ്ടെന്ന് സംശയിക്കുന്നതായും അതിനാല്‍ നിയമനടപടികളില്‍ പക്ഷപാതിത്വം ഉണ്ടാകുമെന്ന് ഭയക്കുന്നതായും പരാതിയില്‍ പറയുന്നു.
അന്വേഷണം തുടങ്ങി
കേരളസര്‍വകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തിലും തുടര്‍ന്ന് വിധികര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിലും സര്‍വകലാശാല നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. മാര്‍ഗംകളി മത്സരത്തിനിടെ ഉയര്‍ന്ന കോഴയാരോപണവും വിധികര്‍ത്താവ് പി.എന്‍. ഷാജിയുടെ മരണവും പ്രത്യേകമായിട്ടാവും അന്വേഷിക്കുക. വിധികര്‍ത്തക്കളെ മര്‍ദിച്ചിട്ടില്ലെന്ന് വിദ്യാര്‍ഥി യൂണിയന്‍ അറിയിച്ചു. വിധികര്‍ത്താക്കളുടെ ഫോണ്‍ പരിശോധിക്കുകയും കാര്യങ്ങള്‍ ചോദിക്കുകയുംമാത്രമാണ് ചെയ്തത്. ഷാജിയെ എസ്.എഫ്.ഐ.ക്കാര്‍ ക്രൂരമായി മര്‍ദിച്ചെന്ന് ഒപ്പമുണ്ടായിരുന്ന നൃത്താധ്യാപകനായ ജോമെറ്റ് മൈക്കിള്‍ ആരോപിച്ചിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline: 1056, 0471-2552056)
