അഭിഷേക് ബച്ചനും സച്ചിനുമൊപ്പം അമിതാഭ് ബച്ചൻ | photo: x/@SrBachchan
മുംബൈ: നടന്‍ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് വാർത്തകൾ കഴിഞ്ഞദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. കാലില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് മുംബൈ കോലില ബെന്‍ ആശുപത്രിയില്‍ താരം ചികിത്സയിലാണെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അമിതാഭ് ബച്ചൻ.
പ്രചരിച്ച വാർത്തകൾ തെറ്റാണെന്നാണ് താരം വെളിപ്പെടുത്തിയത്. ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ഫൈനൽ മത്സരം കാണാൻ താനെയിലെ ദാദോജി കൊണ്ടദേവ് സ്റ്റേഡിയത്തിൽ മകൻ അഭിഷേക് ബച്ചനൊപ്പം താരം കഴിഞ്ഞ ദിവസം എത്തുകയും ചെയ്തു. സച്ചിനൊപ്പമിരുന്നാണ് അമിതാഭ് ബച്ചൻ മത്സരം കണ്ടത്.
മത്സരത്തിനിടെ അമിതാഭ് ബച്ചനോട് തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആരാധകൻ തിരക്കിയപ്പോഴാണ് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. മത്സരത്തിന് ശേഷം ശനിയാഴ്ച പുലർച്ചെ രണ്ട് മണിക്ക് ബ്ലോഗിലൂടെ ഫെെനലിനെക്കുറിച്ചുള്ള അനുഭവവും നടൻ പങ്കുവെച്ചിരുന്നു. സ്‌റ്റേഡിയത്തിന് പുറത്ത് ആൾക്കൂട്ടം തടിച്ചുകൂടിയതോടെ ഒരു മണിക്കൂറിലധികം പ്രവേശന കവാടത്തിൽ കുടുങ്ങിയെന്നും താരം പറഞ്ഞു.
ബച്ചന്റെ രോഗവിവരത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വ്യാപക പ്രചരണങ്ങൾ നടന്നുവെങ്കിലും അദ്ദേഹത്തിൻ്റെ കുടുംബമോ സുഹൃത്തുക്കളോ പ്രതികരിച്ചിരുന്നില്ല. പതിവു ചെക്കപ്പുകൾക്കായാണ് ബച്ചൻ ആശുപത്രിയിൽ എത്തിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
