Photo: twitter.com/KeralaBlasters

കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് അടുത്ത സീസണിലും ടീമിനൊപ്പമുണ്ടാകുമോ? ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കിടയിലെ ചൂടുള്ള ചര്‍ച്ചയാണിത്.

തുടര്‍തോല്‍വികളും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് വന്‍തുക പിഴ നല്‍കേണ്ടിവന്ന സംഭവവുമാണ് ആശാന്‍ എന്ന് ആരാധകര്‍ വിളിക്കുന്ന വുകോമാനോവിച്ച് പുറത്തുപോകുമെന്ന കഥ പ്രചരിക്കാന്‍ കാരണം. ഫുട്ബോള്‍ വൃത്തങ്ങളില്‍ ചര്‍ച്ച ചൂടുപിടിച്ചെങ്കിലും മാനേജ്മെന്റ് ഇക്കാര്യത്തില്‍ ഒരു സൂചനയും പുറത്തുവിടുന്നില്ല. ബ്ലാസ്റ്റേഴ്സും പരിശീലകനും തമ്മിലുള്ള കരാര്‍ പ്രകാരം 2025 മേയ് 31 വരെ സ്ഥാനത്ത് തുടരാം. ഏഴ് സീസണുകളില്‍ പത്ത് പരിശീലകരെ പരീക്ഷിച്ച ബ്ലാസ്റ്റേഴ്സിന്റെ ഹോട്ട് സീറ്റില്‍ മൂന്ന് സീസണുകളിലായി വുകോമാനോവിച്ച് വലിയ കുഴപ്പമില്ലാതെ മുന്നോട്ടുപോകുന്നു. ചുമതലയേറ്റ ആദ്യ സീസണില്‍ ടീമിനെ ഫൈനലിലെത്തിച്ച സെര്‍ബ് പരിശീലകന്‍ കഴിഞ്ഞസീസണില്‍ പ്ലേ ഓഫില്‍ എത്തിച്ചു. ബെംഗളൂരിനെതിരായ പ്ലേ ഓഫ് മത്സരത്തിനിടെ സുനില്‍ ഛേത്രിയുടെ വിവാദ ഗോളിനെ തുടര്‍ന്ന് ടീമിനെ പിന്‍വലിച്ചത് വിവാദമായിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നാലുകോടി രൂപ ടീമിന് പിഴ ചുമത്തി. പരിശീലകന് പത്തുമത്സരങ്ങളില്‍ വിലക്കും കിട്ടി. പിഴയുടെ കാര്യത്തില്‍ ബ്ലാസ്റ്റേഴ്സ് അന്താഷ്ട്ര തര്‍ക്കപരിഹാരകോടതിവരെ പോയെങ്കിലും ഫലമുണ്ടായില്ല. ഈ സംഭവവും ഐ.എസ്.എലിലെ തുടര്‍തോല്‍വികളും ചേര്‍ത്തുവെച്ചാണ് വുകോമാനോവിച്ച് പുറത്തുപോകുമെന്ന കഥ പ്രചരിക്കുന്നത്.

സീസണിന്റെ ആദ്യഘട്ടത്തില്‍ ലീഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടീം രണ്ടാംഘട്ടത്തിലെ ആറ് കളിയില്‍ അഞ്ചിലും തോറ്റു. അഡ്രിയാന്‍ ലൂണ, ക്വാമി പെപ്ര, സച്ചിന്‍ സുരേഷ് എന്നീ മൂന്ന് പ്രധാനതാരങ്ങളുടെ പരിക്കാണ് തിരിച്ചടിയായത്. ഇതിനൊപ്പം ജീക്സണ്‍ സിങ്, മാര്‍ക്കോ ലെസ്‌കോവിച്ച്, ദിമിത്രിയോസ് ഡയമെന്റാകോസ് തുടങ്ങിയവരും പരിക്കുകാരണം പുറത്തിരിക്കേണ്ടിവന്നു. ഈ സീസണില്‍ പരിക്കാണ് ടീമിനെ പ്രതിസന്ധിയിലാക്കിയത്. എങ്കിലും പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുന്നു. 18 കളിയില്‍ 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ടീം. ആറാം സ്ഥാനത്തുള്ള ജംഷേദ്പുര്‍ എഫ്.സി.ക്ക്. 19 കളിയില്‍ 21 പോയിന്റുണ്ട്. ഒരു ജയംകൊണ്ട് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്തും. പ്രതിരോധത്തിലെ പ്രശ്‌നങ്ങളാണ് ടീമിന് രണ്ടാംഘട്ടത്തില്‍ തിരിച്ചടിയായത്. സൂപ്പര്‍ കപ്പ് മുതലിങ്ങോട്ടുള്ള കളികളിലായി 19 ഗോളുകളാണ് ടീം വഴങ്ങിയത്.

ചിതറിക്കിടന്ന ബ്ലാസ്റ്റേഴ്സിനെ വിജയതൃഷ്ണയുള്ള സംഘമാക്കിയ പരിശീലകനെ മാനേജ്മെന്റ് എളുപ്പത്തില്‍ കൈവിടില്ല. ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കിടയില്‍ വൈകാരികബന്ധമുണ്ടാക്കാനും പരിശീലകന് കഴിഞ്ഞു.