Photo: PTI
ന്യൂഡല്‍ഹി: ആവേശപ്പോരില്‍ ഒടുവില്‍ ജയം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വനിത ടീമിനൊപ്പം. വെള്ളിയാഴ്ചത്തെ എലിമിനേറ്റര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചു റണ്‍സിന് കീഴടക്കിയായിരുന്നു ആര്‍സിബിയുടെ ഫൈനല്‍ പ്രവേശനം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് ആര്‍സിബിയുടെ എതിരാളികള്‍.
ആര്‍സിബി ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് ആറു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്ന മുംബൈക്ക് ആറു റണ്‍സ് മാത്രമേ സ്വന്തമാക്കാനായുള്ളൂ. ആര്‍സിബിക്കായി അവസാന ഓവര്‍ എറിഞ്ഞ ആശ ശോഭനയുടെ കണിശതയാര്‍ന്ന ബൗളിങ്ങാണ് ടീമിനെ തുണച്ചത്.
നാറ്റ് സ്‌കിവര്‍ ബ്രണ്ട് (17 പന്തില്‍ 23), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (30 പന്തില്‍ 33), അമേലിയ കെര്‍ (25 പന്തില്‍ പുറത്താകാതെ 27) എന്നിവരുടെ പ്രകടനങ്ങള്‍ക്കൊന്നും മുംബൈയെ വിജയത്തിലെത്തിക്കാനായില്ല. 18-ാം ഓവറില്‍ ഹര്‍മന്‍പ്രീത് പുറത്തായത് മത്സരത്തില്‍ നിര്‍ണായകമായി.
നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ ആറുവിക്കറ്റിനാണ് 135 റണ്‍സിലെത്തിയത്. ബാറ്റിങ് തിരഞ്ഞെടുത്ത ബാംഗ്ലൂര്‍ തുടക്കത്തിലെ വന്‍ തകര്‍ച്ചയില്‍നിന്ന് കരകയറിയാണ് മാന്യമായ സ്‌കോറില്‍ എത്തിയത്. നാല് ഓവറില്‍ മൂന്നിന് 24 എന്നനിലയില്‍ തകര്‍ന്നിടത്തുനിന്ന് തിരിച്ചുവരികയായിരുന്നു. സോഫി ഡിവൈന്‍ (10), ക്യാപ്റ്റന്‍ സ്മൃതി മന്ദാന (10), ദിശ കസത്ത് (0) എന്നിവരാണ് മടങ്ങിയത്. വണ്‍ഡൗണായി എത്തിയ എലിസ് പെറി 50 പന്തില്‍ 66 റണ്‍സുമായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. വിക്കറ്റുകള്‍ നിലംപൊത്തുമ്പോഴും മികച്ച ഷോട്ടുകളുമായി കളംനിറഞ്ഞ എലിസ് പെറിയുടെ ഇന്നിങ്സില്‍ എട്ടു ഫോറും ഒരു സിക്‌സുമുണ്ട്. പെറി പിടിച്ചുനിന്നതോടെ റണ്‍റേറ്റ് ഉയര്‍ന്നു. അവസാന ഓവറിലെ രണ്ടാംപന്തിലാണ് പെറി മടങ്ങിയത്.
റിച്ച ഘോഷ് (19 പന്തില്‍ 14), സോഫി മോളിനെക്‌സ് (11) എന്നിവരും വലിയ സംഭാവനയില്ലാതെ മടങ്ങിയതോടെ മധ്യ ഓവറുകളിലും റണ്ണിന് ക്ഷാമമായി. 15 ഓവറില്‍ 84 റണ്‍സില്‍ എത്തിയതേയുള്ളൂ.
അവസാന ഘട്ടത്തില്‍ ജോര്‍ജിയ വേര്‍ഹാമിന്റെ (18*) വെടിക്കെട്ടും ശ്രദ്ധേയമായി. 10 പന്തുമാത്രം നേരിട്ട വേര്‍ഹാം ഒരു സിക്‌സും ഒരു ഫോറും നേടി.
അവസാന പന്തില്‍ സിക്‌സോടെയാണ് വേര്‍ഹാം ഇന്നിങ്സ് അവസാനിപ്പിച്ചത്. ആറാം വിക്കറ്റില്‍ പെറിയും വേര്‍ഹാമും ചേര്‍ന്ന് 26 പന്തില്‍ 42 റണ്‍സ് ചേര്‍ത്തതോടെ ഇന്നിങ്സിന് ഉറപ്പായി. പെറിയും മോളിനെക്‌സും ചേര്‍ന്ന് 35 പന്തില്‍ 35 റണ്‍സ് നേടിയിരുന്നു. മുംബൈക്കുവേണ്ടി ഹെയ്ലി മാത്യൂസ്, നാറ്റ് സ്‌കിവര്‍ ബ്രണ്ട്, സൈക ഇസാഖ് എന്നിവര്‍ രണ്ടുവിക്കറ്റുവീതം നേടി.
