പി.കെ. കുഞ്ഞാലിക്കുട്ടി
രാഷ്ട്രീയത്തിൽ നിലപാടാണ് പ്രധാനം. കൂടുതൽ സീറ്റ് നൽകി മുസ്‌ലിംലീഗിനെ അടർത്തിയെടുക്കാമെന്ന് ആരും കരുതേണ്ട. മതിയായ രാഷ്ട്രീയകാരണമില്ലാതെ കൂടുതൽ സീറ്റിനുവേണ്ടി ആയാറാം ഗയാറാം കളിക്കുന്ന പാർട്ടിയല്ല ലീഗ് എന്ന് മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറൽസെക്രട്ടറിയും നിയമസഭാകക്ഷി നേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി പറയുന്നു. ലോക്‌സഭാതിരഞ്ഞെടുപ്പിൽ ലീഗ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയകാഴ്ചപ്പാട് പങ്കുവെക്കുന്നു.
തിരഞ്ഞെടുപ്പിന്റെ വക്കിൽ എത്തിനിൽക്കുമ്പോഴാണ് പൗരത്വനിയമ ഭേദഗതിയുടെ ചട്ടം വിജ്ഞാപനം ചെയ്തത്. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന ലോക്‌സഭാതിരഞ്ഞെടുപ്പിനെ മുസ്‌ലിംലീഗ് എങ്ങനെ കാണുന്നു?
ഇന്ത്യയുടെ മുഖമുദ്രയായ വൈവിധ്യം വേണ്ടാ എന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതിലൂടെ രാജ്യത്ത് അരക്ഷിതാവസ്ഥയും അനിശ്ചിതത്വവുമാണുണ്ടാവുക. രാജ്യത്തിന്റെ അഖണ്ഡത ഇല്ലാതാക്കുന്ന ഇത്തരം നടപടികളിലൂടെ താത്‌കാലിക രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ കഴിഞ്ഞേക്കാം. ഇന്ന് അവർ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംസമുദായത്തെയാണ് ലക്ഷ്യമിടുന്നത്. ബാക്കി എല്ലാവരെയും ഹിന്ദുത്വ അജൻഡയിൽ അണിനിരത്താമെന്നാണ് അവർ കരുതുന്നുത്. നാളെ ഇത് മതിയാവാതെ വരും. അത്രയും വൈവിധ്യമുള്ള നാടാണിത്. മതത്തിന്റെ പേരിൽ പിറവിയെടുത്ത പാകിസ്താൻ പിന്നീട് രണ്ട് രാജ്യമായത് നമ്മൾ കണ്ടു. മതത്തിന്റെ പേരിൽ ഇന്ത്യയെ ഭിന്നിപ്പിച്ചാൽപ്പിന്നെ ജാതിയിലേക്ക് കടക്കും. പിന്നീടത് പ്രദേശത്തേക്കും നിറത്തിലേക്കും നീങ്ങും. അവിടെയും നിൽക്കില്ല. ഇതൊക്കെ തിരികെക്കൊണ്ടുവന്ന് രാജ്യത്തെ പുറകോട്ടു നയിക്കാനാണ് ചിലർ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ അത്യന്തം ഗൗരവത്തോടെയാണ് വരുന്ന തിരഞ്ഞെടുപ്പിനെ മുസ്‌ലിംലീഗ് കാണുന്നത്.
ഇത്രയേറെ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പിനെ നേരിടാൻ ഇന്ത്യ മുന്നണി ഫലപ്രദമായ മുന്നൊരുക്കം നടത്തിയെന്ന് കരുതുന്നുണ്ടോ?
ആശയപരമായി ബി.ജെ.പി.യോട് വിയോജിപ്പുള്ള രാഷ്ട്രീയപ്പാർട്ടികൾ ഏറെ ഉണ്ടെങ്കിലും എല്ലാവരെയും ഒരു മുന്നണിക്കുകീഴിൽ അണിനിരത്തുകയെന്നത് ശ്രമകരമാണ്. ഒരു കുടുംബത്തിൽ കലഹം ഉണ്ടാക്കാൻ എളുപ്പം കഴിയും. എന്തെങ്കിലും ഒന്ന് തോണ്ടിയിട്ടാൽ മതി. പക്ഷേ, കുടുംബത്തെ ഒരുമിച്ചുനിർത്താൻ ഗൃഹനാഥൻ ഏറെ കഷ്ടപ്പെടണം. ബി.ജെ.പി. കലഹം ഉണ്ടാക്കി വോട്ട് വാങ്ങുന്നു. അത് എളുപ്പം കഴിയും. എല്ലാവരെയും ഒരുമിച്ച് നിർത്തുകയെന്നതാണ് കോൺഗ്രസ് ചെയ്യുന്നത്. അത് വലിയ പ്രയാസമാണ്. വിവിധ രാഷ്ട്രീയപ്പാർട്ടികൾ, വ്യത്യസ്ത സാഹചര്യമുള്ള സംസ്ഥാനങ്ങൾ. പ്രശ്നങ്ങൾ പലത്. ഇവരെ ഒരുമിപ്പിക്കാനുള്ള പ്രയാസം ഇന്ത്യ മുന്നണി അഭിമുഖീകരിക്കുന്നുണ്ട്. എങ്കിലും ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ സഖ്യമായി. ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് മുന്നണിക്ക് പിന്തുണ നൽകും. അതുകൊണ്ടുതന്നെ ഇന്ത്യ സഖ്യം ഉയർത്തുന്ന വെല്ലുവിളി ബി.ജെ.പി.ക്ക് അവഗണിക്കാൻ കഴിയാത്തതായി മാറിയിട്ടുണ്ട്. അതുകൊണ്ടാണ് അവർ ഇപ്പോൾ ഈ വെപ്രാളം കാണിക്കുന്നത്.
ദേശീയതലത്തിൽ ഇന്ത്യമുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുമ്പോൾ, കേരളത്തിൽ സി.പി.എമ്മും കോൺഗ്രസും രണ്ടുചേരിയിലായി മത്സരിക്കുന്നു. കേരളത്തിൽ ബി.ജെ.പി.ക്ക് കടന്നുവരാൻ അവസരം ഒരുക്കുകയല്ലേ ഈ ചേരിതിരിഞ്ഞുള്ള മത്സരം?
സി.പി.എം. ഇന്ത്യമുന്നണിയിലെ ഒരു പ്രാദേശികപ്പാർട്ടി മാത്രമാണ്. ദേശീയതലത്തിൽ അവർക്ക് വലിയ സ്വാധീനമില്ല. ബി.ജെ.പി.ക്ക് പാർലമെന്റിൽ ഒരു വെല്ലുവിളിയാവണമെങ്കിൽ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ കിട്ടണം. ബി.ജെ.പി. സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിന് കൂടുതൽ സീറ്റ് കിട്ടണമെന്നത് കേരളത്തിലും പ്രസക്തം. ഇത് നന്നായി അറിയുന്നവരാണ് കേരളത്തിലെ വോട്ടർമാർ. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സി.പി.എം ഉൾപ്പെടെയുള്ള കക്ഷികൾക്ക് നിർബന്ധമായും കോൺഗ്രസിനെ പിന്തുണയ്ക്കേണ്ടിവരും. പക്ഷേ, കോൺഗ്രസിന് മതിയായ സീറ്റ് കിട്ടിയാലേ അവർ പിന്തുണച്ചിട്ടും കാര്യമുള്ളൂ എന്ന് അവർ മനസ്സിലാക്കണം. കോൺഗ്രസിന് മതിയായ സീറ്റ് നേടിക്കൊടുക്കുക എന്നതാണ് മതേതര, ജനാധിപത്യ ശക്തികളുടെ ആദ്യ മുൻഗണന. ബി.ജെ.പി.യെ തോൽപ്പിക്കാൻ എൽ.ഡി.എഫിനെ ജയിപ്പിച്ചാലും മതി എന്നത് വോട്ടർമാർക്കു മുന്നിലെ രണ്ടാമത്തെ സാധ്യത മാത്രമാണ്.
അപ്രതീക്ഷിതമായി കെ. മുരളീധരനെ തൃശ്ശൂരിലേക്ക് മാറ്റേണ്ടിവന്നത് യു.ഡി.എഫ്. സ്ഥാനാർഥിപ്പട്ടികയ്ക്ക് തിരിച്ചടിയാവുമോ?
ബി.ജെ.പി. എന്താണോ ആഗ്രഹിച്ചത് അതിന് നേരേ വിപരീതമായാണ് ഇപ്പോൾ സംഭവിച്ചത്. ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു എന്നപോലെയായി. അവർ കോൺഗ്രസിൽനിന്ന് കെ. കരുണാകരന്റെ മകൾ പത്മജയെ കൊണ്ടുപോയി. അതുണ്ടാക്കിയ പൊട്ടിത്തെറി സത്യത്തിൽ യു.ഡി.എഫിന് വലിയ അനുകൂല ഘടകമായിമാറി. ബി.ജെ.പി. കൊട്ടിഘോഷിച്ച് ഇറക്കിയ സുരേഷ്‌ഗോപി ഇപ്പോൾ അപ്രസക്തനായി.
ലീഗിന് മൂന്നാംസീറ്റിന് അർഹതയുണ്ട് എന്ന് ഒരുഘട്ടത്തിൽ സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനും എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജനും പറയു ന്നുണ്ടായിരുന്നു. പലതുകൊണ്ടും അനുകൂലസാഹചര്യമുണ്ടായിട്ടും എന്തുകൊണ്ടാണ് ലീഗ് മൂന്നാംസീറ്റിൽ വിട്ടുവീഴ്ച ചെയ്തത്?
രാജ്യം ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ കോൺഗ്രസും ലീഗും സീറ്റിൽ തർക്കിച്ച് ഭിന്നിക്കുന്നത് ശരിയല്ല. അതുകൊണ്ട് പ്രായോഗികമായി ഞങ്ങൾ രാജ്യസഭാ സീറ്റ് സ്വീകരിച്ച് വിഷയം അവസാനിപ്പിച്ചു. നേരേമറിച്ച് ജയപരാജയ സാധ്യത നോക്കാതെ തർക്കിച്ച് സീറ്റ് പിടിച്ചുവാങ്ങിയിരുന്നെങ്കിൽ 20 സീറ്റും ജയിക്കുമെന്ന ഇപ്പോഴത്തെ സാഹചര്യം നഷ്ടപ്പെടും. അങ്ങനെ സംഭവിച്ചാൽ അത് മതേതരത്വത്തിനും സമൂഹത്തിനുമാണ് നഷ്ടമുണ്ടാക്കുക. നിയമസഭയിലേക്കൊക്കെ ആവുമ്പോൾ ഇങ്ങനെ തർക്കിക്കാം. ഞാൻ നന്നായി തർക്കിച്ചിട്ടുമുണ്ട്. ഒരുപാട് സീറ്റ് ലീഗിനുവേണ്ടി വാങ്ങിയിട്ടുമുണ്ട്, ജയിച്ചിട്ടുമുണ്ട്.
ലീഗിന് മൂന്നിലപ്പുറം സീറ്റിന് അർഹതയുണ്ട് എന്ന സി.പി.എം. നേതാക്കളുടെ പ്രതികരണം ലീഗിനെ എൽ.ഡി.എഫിലേക്ക് അടർത്തിയെടുക്കാനുള്ള നീക്കമായി കാണുന്നുണ്ടോ?
മുന്നണിമാറ്റം എപ്പോഴും പ്രശ്നത്തിന്റെയും നിലപാടിന്റെയും അടിസ്ഥാനത്തിലാവണം. സീറ്റിന്റെ പേരിൽ ലീഗിനെ അടർത്തിയെടുക്കാൻ ആർക്കും കഴിയില്ല. മതിയായ കാരണമില്ലാതെ കൂടുതൽ സീറ്റ് കിട്ടും എന്നുപറഞ്ഞ് ആയാറാം ഗയാറാം കളിക്കുന്ന പാർട്ടിയല്ല മുസ്‌ലിംലീഗ്.
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ, കേന്ദ്രത്തിൽനിന്ന് ന്യായമായ വിഹിതം നേടിയെടുക്കാൻ യോജിച്ച പ്രക്ഷോഭത്തിന് പ്രതിപക്ഷം തയ്യാറായില്ല എന്നാണല്ലോ എൽ.ഡി.എഫിന്റെ ആരോപണം?
പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. ഗവർണർ പല പ്രശ്നങ്ങളും ഉണ്ടാക്കിയപ്പോൾ ഞങ്ങൾ സർക്കാരിനൊപ്പമാണ് നിന്നത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ പറയുന്നതുപോലെ പ്രവർത്തിക്കാനേ ഗവർണർക്ക് അവകാശമുള്ളൂ എന്ന് ഞാൻ നിയമസഭയിലും പുറത്തും പറഞ്ഞിട്ടുണ്ട്. കേന്ദ്രം കേരളത്തെ അവഗണിക്കുന്നത് ശരിയല്ല. കേന്ദ്രം തരാനുള്ള പണം തരണം. പക്ഷേ, തിരഞ്ഞെടുപ്പ് ഘട്ടമെത്തിയപ്പോഴാണ് അവർ യോജിച്ച പ്രക്ഷോഭത്തെക്കുറിച്ച് പറയുന്നത്. പണം കിട്ടണമെന്ന ഉദ്ദേശ്യത്തോടെയല്ല, രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ് ഇത് പറയുന്നത്.
കേരളം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ യഥാർഥകാരണം എന്താണ്?
കേന്ദ്രം പണം തരാത്തത് സാമ്പത്തികപ്രതിസന്ധിക്ക് ഒരു കാരണംമാത്രമാണ്. കടുത്ത മിസ് മാനേജ്മെന്റ് ഉണ്ട്. കേന്ദ്രത്തിന്റെ മാച്ചിങ് ഗ്രാന്റ് വാങ്ങിക്കുന്നതിൽ തികഞ്ഞ പരാജയമായി. അതാണ് മിസ് മാനേജ്മെന്റ് എന്ന് പറയുന്നത്. കേന്ദ്ര പദ്ധതികളുടെ മാച്ചിങ് ഗ്രാന്റ് കൊടുത്താൽ പലതിന്റെയും പണം പിൻവലിക്കാം. അത് ചെയ്യാത്തതാണ് ഒരു പ്രശ്നം.
കെ.എം.എം.എലിൽനിന്ന് പണം കൈപ്പറ്റിയവരുടെ പട്ടികയിൽ താങ്കളും ഉൾപ്പെടും എന്ന വാർത്ത വന്നപ്പോൾ അങ്ങ് പറഞ്ഞല്ലോ, ഞാൻ പണം കൈകൊണ്ട് തൊട്ടിട്ടില്ല എന്ന്. എന്താണ് സത്യത്തിൽ ഉദ്ദേശിച്ചത്?
ഞാൻ പറയുമ്പോൾ സത്യമേ പറയാറുള്ളൂ. ഇത്രയും കാലത്തെ രാഷ്ട്രീയജീവിതത്തിൽ അങ്ങനെയൊരു ആരോപണം ഇതുവരെയുണ്ടായിട്ടില്ല. എന്റെ കുടുംബ പശ്ചാത്തലം അറിയുന്നവർക്ക് അത് മനസ്സിലാവും. ആരിൽനിന്നും പണം എനിക്കുവേണ്ടി വാങ്ങിച്ചിട്ടില്ല. പാർട്ടിക്കുവേണ്ടി ഫണ്ട് സമാഹരിച്ചിട്ടുണ്ട്. അതിന് രസീതും കൊടുക്കും. ആരോപണം ഉന്നയിക്കുന്നവർ തെളിവ് ഹാജരാക്കട്ടെ.
സമസ്തയുമായുള്ള അഭിപ്രായവ്യത്യാസം മുസ്‌ലിംലീഗ് സ്ഥാനാർഥികളുടെ ജയസാധ്യതയെ ബാധിക്കുമോ?
സമസ്തയും മുസ്‌ലിംലീഗുമായി ഒരു അഭിപ്രായവ്യത്യാസവുമില്ല. ഇതെല്ലാം ചിലർ പറഞ്ഞുണ്ടാക്കുന്ന പ്രശ്നം മാത്രമാണ്. സമസ്തയ്ക്ക് എല്ലാകാലത്തും ഒരേ നയമാണ്. സമസ്തയിലുള്ള ചില ആളുകൾക്ക് അഭിപ്രായവ്യത്യാസം ഉണ്ടാവാം. അത് സമസ്തയുടെ നിലപാടല്ല. സമസ്തയെന്നാൽ ഞങ്ങളൊക്കെയാണ്. സമസ്തയ്ക്ക് ഒരു ലീഗ് വിരുദ്ധതയും ഇല്ല.
