യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും (Photo by BAY ISMOYO / POOL / AFP)

ന്യൂഡല്‍ഹി∙ സിഎഎ സംബന്ധിച്ച യുഎസിന്റെ പ്രസ്താവനയില്‍ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ. ഇന്ത്യയില്‍ സിഎഎ നടപ്പാക്കുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്ക അറിയിച്ചിരുന്നു. സിഎഎ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അമേരിക്കയുടെ പ്രസ്താവന തെറ്റിദ്ധാരണയുടെ പുറത്തുള്ളതും അനാവശ്യവുമാണെന്നും ഇന്ത്യ പ്രതികരിച്ചു.

പൗരത്വ നിയമ ഭേദഗതി പൗരത്വം നല്‍കാനുള്ളതാണ്, എടുത്തു കളയാനുള്ളതല്ല. രാജ്യങ്ങളില്ലാത്തവരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നതും മനുഷ്യാവകാശത്തെ പിന്തുണയ്ക്കുന്നതുമാണു നിയമമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യത്തെക്കുറിച്ചും മേഖലയുടെ വിഭജനപൂര്‍വ ചരിത്രത്തെക്കുറിച്ചും അറിവില്ലാതെയുള്ള പ്രതികരണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇന്ത്യയുടെ സൗഹൃദരാജ്യങ്ങള്‍ നടപടിയെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു.

സിഎഎ ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെ ബാധിക്കുമോ എന്ന ചോദ്യത്തോടു പ്രതികരിച്ച് യുഎസ് വിദേശകാര്യവക്താവ് മാത്യു മില്ലറാണ് അമേരിക്കയുടെ ആശങ്ക അറിയിച്ചത്. ഏതുതരത്തിലാണു നിയമം നടപ്പാക്കുന്നതെന്ന് യുഎസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് മില്ലര്‍ പറഞ്ഞു.

പൗരത്വ നിയമ വ്യവസ്ഥകള്‍ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ചയാണ് വിജ്ഞാപനം ചെയ്തത്. 1955ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് പുതിയ നിയമം. പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. നിയമത്തിനെതിരെ രാജ്യത്ത് വന്‍പ്രതിഷേധം നടക്കുന്നതിനിടെയാണ് യുഎസ് പ്രസ്താവന.