1.ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് തിരികെ പോകുന്ന മമത ബാനർജി | ചിത്രം: പി.ടി.ഐ., 2. എസ്.എസ്.കെ.എം. ആശുപത്രിയുടെ ഡയറക്ടർ ഡോ. മണിമോയ് ബാൻധോപാധ്യായ് മാധ്യമങ്ങളെ കാണുന്നു.
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി വീണത് പിന്നില്‍നിന്നുള്ള ശക്തമായ തള്ളലിനെത്തുടര്‍ന്നെന്ന് ചികിത്സിച്ച ഡോക്ടര്‍. തൊട്ടുപിന്നാലെ ഇക്കാര്യം തള്ളി തൃണമൂല്‍ നേതാക്കള്‍ രംഗത്തെത്തി. അവരെ ആരും തള്ളിയിട്ടില്ലെന്നും ഡോക്ടറുടെ പരാമര്‍ശം ആശുപത്രി അധികൃതര്‍ തിരുത്തുമെന്നും നേതാക്കള്‍ പറഞ്ഞു.
പിന്നില്‍ നിന്നുണ്ടായ ശക്തിമായ തള്ളിലാണ് മമത വീണതെന്ന് അവരെ ചികിത്സിച്ച കൊല്‍ക്കത്തയിലെ എസ്.എസ്.കെ.എം. ആശുപത്രിയുടെ ഡയറക്ടര്‍ ഡോ. മണിമോയ് ബാന്‍ധോപാധ്യായാണ് മാധ്യമങ്ങളോട് പറഞ്ഞത്. വ്യാഴാഴ്ച വൈകുന്നേരം വീട്ടില്‍വെച്ചാണ് അപകടം ഉണ്ടായത്. വീഴ്ചയില്‍ മമതയ്ക്ക് തലയില്‍ വലിയ മുറിവുണ്ടായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് കാളിഘട്ടിലെ വീട്ടില്‍ കാലുതെന്നി വീണപ്പോള്‍ ഫര്‍ണിച്ചറില്‍ തലയിടിച്ചാണ് മുറിവുണ്ടായത്. മമതയുടെ നെറ്റിയില്‍ മുറിവേറ്റ് രക്തം ഒഴുകുന്നതിന്റെ ചിത്രത്തോടൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് ഹാന്‍ഡിലിലൂടെയാണ് വിവരം പങ്കുവെച്ചത്. നെറ്റിയില്‍ ഗുരുതരമുറിവേറ്റ് രക്തംവാര്‍ന്ന നിലയിലാണ് മമതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെ മമത അപകടനില തരണം ചെയ്തുവെന്നും വീട്ടിലേക്ക് തിരിച്ചെത്തിയതായും അവര്‍ എക്സിലൂടെ അറിയിച്ചു.
മുറിവ് തലയിലായതിനാല്‍ ഒബ്സര്‍വേഷനില്‍ തുടരാന്‍ പറഞ്ഞുവെങ്കിലും മമത വീട്ടില്‍പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്ന് ഡോ. മണിമോയ് പറഞ്ഞു. മമതയെ ഡിസ്ചാര്‍ജ് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡോ. മണിമോയ്. നെറ്റിയില്‍ മൂന്ന് തുന്നലുണ്ട്. ഇ.സി.ജി., സി.ടി. സ്‌കാന്‍ എന്നീ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. മുറിവ് ഭേദമാകുന്നതുവരെ പരിശോധനകള്‍ തുടരും. പിന്നില്‍ നിന്നുണ്ടായ ശക്തമായ ഉന്തലിലാണ് മമത വീണതെന്നും ഡോ. മണിമോയ് പറഞ്ഞു.
അനന്തരവനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയടക്കമുള്ള കുടുംബാംഗങ്ങളും നേതാക്കളും മമതയെ ആശുപത്രിയിലേക്കും തിരിച്ചും അനുഗമിച്ചിരുന്നു. അപകടകാരണം പാര്‍ട്ടി വെളിപ്പെടുത്തിയില്ലെങ്കിലും ഒരു പരിപാടി കഴിഞ്ഞ് മടങ്ങിയെത്തിയ മമത വീടിനകത്ത് വീണാണ് പരിക്കേറ്റതെന്നാണ് സഹോദരന്‍ കാര്‍ത്തിക് ബാനര്‍ജി മാധ്യമങ്ങളോട് പ്രതികരിച്ചത്. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് മമതയെ ആശുപത്രിയിലെത്തി കണ്ടിരുന്നു.
അതേസമയം, മമതയെ ആരും പിന്നില്‍ നിന്നും തള്ളിയിട്ടില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. മമതയെ ആരെങ്കിലും പിന്നില്‍ നിന്നും തള്ളി എന്നല്ല ഡോ. മണിമോയ് ഉദ്ദേശിച്ചത്. തിരുത്തിയ വാര്‍ത്താക്കുറിപ്പ് ആശുപത്രി അധികൃതര്‍ ഉടന്‍ പുറത്തുവിടുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
