പ്രതീകാത്മക ചിത്രം | ഫോട്ടോ: PTI

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ബോണ്ടിലൂടെ 2019-നും 2024-നുമിടയില്‍ പാര്‍ട്ടികള്‍ക്ക് ഏറ്റവുംകൂടുതല്‍ പണം സംഭാവന നല്‍കിയ ആദ്യ അഞ്ച് കമ്പനികളില്‍ മൂന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ആദായ നികുതി വകുപ്പിന്റെയും അന്വേഷണം നേരിടുന്നവര്‍.

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസ്, ഇന്‍ഫ്രാസ്‌ട്രെക്ചര്‍ സ്ഥാപനമായ മേഘാ എന്‍ജീനിയറിങ് ലിമിറ്റഡ്, ഖനന ഭീമന്മാരായ വേദാന്ത എന്നിവര്‍ ഇതിലുള്‍പ്പെടും. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച 2019നും 2024നും ഇടയില്‍ തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയവരുടെ പട്ടികയില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് ലിമിറ്റഡാണ് മുന്‍നിരയില്‍. 1368 കോടി രൂപയുടെ ബോണ്ടുകളാണ് സ്ഥാപനം വാങ്ങിയത്. 2019-ന്റെ തുടക്കത്തില്‍ ഈ സ്ഥാപനത്തിനെതിരെ ഇ.ഡി.കള്ളപ്പണം വെളുപ്പിക്കല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ആ വര്‍ഷം ജൂലായിയില്‍ കമ്പനിയുടെ 250 കോടിരൂപയുടെ ആസ്തി ഇ.ഡി. കണ്ടുകെട്ടുകയും ചെയ്തു. 2022 ഏപ്രില്‍ രണ്ടിന് സ്ഥാപനത്തിന്റെ 409.92 കോടിയുടെ ജംഗമ ആസ്തികളും ഇ.ഡി.കണ്ടുകെട്ടിയിട്ടുണ്ട്. അഞ്ചു ദിവസത്തിന് ശേഷം ഏപ്രില്‍ ഏഴിന് ഫ്യൂച്ചര്‍ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് ലിമിറ്റഡ് 100 കോടി രൂപയുടെ തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വാങ്ങി എന്നതും ശ്രദ്ധേയമാണ്.

രണ്ടാം സ്ഥാനത്തുള്ള മേഘാ എന്‍ജിനിയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ 896 കോടിയുടെ ബോണ്ടുകളാണ് വാങ്ങിയത്. ഹൈദരാബാദ് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. തെലങ്കാന സര്‍ക്കാരിന്റെ ഡാം, തുരങ്ക പദ്ധതികളില്‍ ഇവര്‍ പങ്കാളികളാണ്. 2019 ഒക്ടോബറില്‍ ആദായ നികുതി വകുപ്പ് കമ്പനിയുടെ ഓഫീസുകളില്‍ റെയ്ഡ് നടത്തിയിരുന്നു. പിന്നാലെ ഇ.ഡിയുടെ അന്വേഷണവും ഉണ്ടായി. ആ വര്‍ഷം ഏപ്രിലില്‍ കമ്പനി 50 കോടിയുടെ ബോണ്ടുകള്‍ വാങ്ങിയിരുന്നു.

ചൈനീസ് ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ BYD യുമായി ചേര്‍ന്ന് മേഘാ എന്‍ജിനിയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഒരു ഇലക്ട്രിക് വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിരസിച്ചിരുന്നു.

അനില്‍ അഗര്‍വാളിന്റെ വേദാന്ത ഗ്രൂപ്പ് ബോണ്ട് വാങ്ങിയവരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണുള്ളത്. 376 കോടി രൂപയുടെ ബോണ്ടുകളാണ് ഇവര്‍ വാങ്ങിയത്. 2019-ലാണ് ആദ്യ ഗഡു വാങ്ങിയത്. 2018-ല്‍ ചില ചൈനീസ് പൗരന്മാര്‍ക്ക് നിയമവിരുദ്ധമായി വിസ നല്‍കിയതുമായി ബന്ധപ്പെട്ട് വേദാന്ത ഗ്രൂപ്പിനെതിരെ തെളിവുകളുണ്ടെന്ന് ഇ.ഡി.ആരോപിച്ചിരുന്നു.

ബോണ്ടുകള്‍ വാങ്ങിയ മറ്റു നിരവധി കമ്പനികളും ഇ.ഡിയടക്കമുള്ള ഏജന്‍സികളുടെ അന്വേഷണം നേരിടുന്നവരാണ്. ടിഡിപി എംപിയായിരുന്ന സി.എം.രമേശിന്റെ ഉടമസ്ഥതയിലുള്ള ഋതിക് പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് 45 കോടിയുടെ ബോണ്ടുകളാണ് വാങ്ങിയിട്ടുള്ളത്. 2018 ഒക്ടോബറില്‍ ആദായ നികുതി വകുപ്പ് രമേശിന്റെ കമ്പനിയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. 100 കോടിയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ ആരോപണം. തൊട്ടുടുത്ത മാസം രമേശ് ബിജെപിയില്‍ ചേരുകയുണ്ടായി.