ഗോവ | Photo: AFP
ഗോവയിലെത്തുന്ന വലിയൊരു വിഭാഗം വിനോദസഞ്ചാരികളും വാടകയ്ക്ക് കാറും ബൈക്കുമെടുത്താണ് കാഴ്ചകള്‍ കാണാനായി ചുറ്റിക്കറങ്ങാറുള്ളത്. തിരിച്ചറിയല്‍ രേഖകളും ലൈസന്‍സുകളുമെല്ലാം സമര്‍പ്പിച്ചാല്‍ എളുപ്പത്തില്‍ തന്നെ ഗോവയില്‍ വാഹനങ്ങള്‍ വാടകയ്ക്ക് കിട്ടാറുമുണ്ട്. എന്നാല്‍ ഇനി ഇവിടെ വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ ഒരു കടമ്പകൂടെ കടക്കണം. പോലീസിന്റെ ഒരു സത്യവാങ്മൂലം ഒപ്പിട്ടു നല്‍കണം.
ഗോവ പോലീസാണ് വിനോദസഞ്ചാരികള്‍ക്ക് വാഹനം നല്‍കുമ്പോള്‍ ഈ സത്യവാങ്മൂലം നിര്‍ബന്ധമാക്കിയത്. ഗോവയില്‍ വാഹനമോടിക്കുമ്പോള്‍ ട്രാഫിക് നിയമങ്ങള്‍ പരിപൂര്‍ണമായും പാലിക്കും എന്ന സത്യവാങ്മൂലമാണ് ഒപ്പിട്ട് നല്‍കേണ്ടത്. ടൂറിസ്റ്റുകള്‍ വാടകയ്‌ക്കെടുക്കുന്ന വാഹനങ്ങള്‍ അശ്രദ്ധമായി ഓടിച്ച് റോഡപകടങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് പോലീസ് ഈ പുതിയ നിയമം ഏര്‍പ്പെടുത്തിയത്. ഇത് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ഗോവന്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഗോവയില്‍ അപകടത്തില്‍പ്പെടുന്ന വാഹനങ്ങളില്‍ വലിയൊരു വിഭാഗവും വാടകയ്ക്ക് നല്‍കുന്ന വാഹനങ്ങളാണെന്ന് പോലീസ് വ്യക്തമാക്കി. ഇതോടെയാണ് പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. നിയമങ്ങള്‍ എല്ലാം പാലിച്ച് തന്നെയാണ് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതെന്ന് ഉറപ്പുവരുത്താനായി ഏജന്‍സികളില്‍ നിരന്തരം പരിശോധനകള്‍ നടത്തുമെന്നും ഗോവന്‍ വ്യക്തമാക്കി.
കാറുകള്‍ക്കും ബൈക്കുകള്‍ക്കും വെവ്വേറെ സത്യവാങ്മൂലമായിരിക്കും നല്‍കേണ്ടിവരിക. ഇതില്‍ വാഹനമോടിക്കുമ്പോള്‍ പാലിക്കേണ്ട പത്ത് പ്രധാന നിയമങ്ങളും അവ പാലിച്ചില്ലെങ്കിലുള്ള ശിക്ഷകളും രേഖപ്പെടുത്തിയിരിക്കും.വാഹനം വാടകയ്ക്ക് എടുക്കുന്നവര്‍ ഇതില്‍ വ്യക്തിപരമായ വിവരങ്ങള്‍ ഉള്‍പ്പടെ ചേര്‍ത്തശേഷമാണ് ഒപ്പുവെച്ച് നല്‍കേണ്ടത്. ഇതിന്റെ ഒരു കോപ്പി വാടകയ്ക്ക് എടുക്കുന്നയാള്‍ സൂക്ഷിച്ച് വെക്കണം.
ഈ സത്യവാങ്മൂലമില്ലാതെ വാഹനവുമായി പുറത്തിറങ്ങുന്ന വിനോദസഞ്ചാരികളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും ഗോവന്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന ഏജന്‍സികളെ നിയന്ത്രിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി വാടക കാറുകളില്‍ സ്പീഡ് ഗവര്‍ണറുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
