ജോഫ്ര ആര്‍ച്ചർ

ബെംഗളൂരു∙ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഇലവനു വേണ്ടി പന്തെറിഞ്ഞ് ഇംഗ്ലിഷ് പേസ് ബോളർ ജോഫ്ര ആർച്ചർ. ഇന്ത്യയില്‍ പ്രീസീസൺ പര്യടനത്തിലുള്ള ഇംഗ്ലണ്ട് കൗണ്ടി ടീം സസെക്സിനൊപ്പമാണ് ആർച്ചർ എത്തിയത്. പരിശീലന മത്സരത്തിൽ കർണാടക ടീമിനു വേണ്ടി പന്തെറിഞ്ഞ ആർച്ചർ രണ്ടു വിക്കറ്റുകളും വീഴ്ത്തി. സസെക്സ് ടീമാണു താരം പന്തെറിയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

പൂർണ ഫിറ്റനസ് വീണ്ടെടുത്ത് ക്രിക്കറ്റിലേക്കു മടങ്ങിവരാനുള്ള ഒരുക്കത്തിലാണ് ആർച്ചര്‍. 2023 മേയ്ക്കു ശേഷം ആർച്ചർ കളിക്കാനിറങ്ങിയിട്ടില്ല. 28 വയസ്സുകാരനായ താരം കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ പങ്കെടുത്തിരുന്നില്ല. 2022 ലെ മെഗാലേലത്തിൽ എട്ടു കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് ആർച്ചറെ സ്വന്തമാക്കിയിരുന്നു.

എന്നാൽ പരുക്കു കാരണം താരത്തിന് സീസൺ പൂർണമായും നഷ്ടപ്പെട്ടു. കഴിഞ്ഞ സീസണിൽ ഏതാനും മത്സരങ്ങൾ കളിച്ച താരം പരുക്കിനെ തുടർന്നു നാട്ടിലേക്കു മടങ്ങി. 2024ലെ ലേലത്തിനു മുന്നോടിയായി ആർച്ചറെ മുംബൈ റിലീസ് ചെയ്തിരുന്നു. ഏകദിന ലോകകപ്പിൽ റിസർവ് താരമായി ആർച്ചര്‍ ഇംഗ്ലണ്ട് ടീമിനൊപ്പമുണ്ടായിരുന്നു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനു വേണ്ടിയും ആർച്ചർ കളിച്ചിട്ടുണ്ട്.