പ്രധാനമന്ത്രി നരേന്ദ്രമോദി | Photo: ANI

ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ദക്ഷിണേന്ത്യയില്‍ മുന്നേറ്റം ലക്ഷ്യമിട്ട് പ്രധാനമന്ത്രിയെ കളത്തിലിറക്കി ബി.ജെ.പി. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ തവണ കാര്യമായ സീറ്റൊന്നും കിട്ടാതിരുന്ന കേരളം, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ പ്രചാരണത്തിന് മോദി നേരിട്ട് നേതൃത്വം നല്‍കും.

2014ലും 2019-ലും വലിയ വിജയത്തോടെ രാജ്യത്ത് അധികാരത്തിലെത്തിയെങ്കിലും കേരളത്തില്‍ നിന്നും ഒരു എം.പിയെപ്പോലും ലോക്‌സഭയിലേക്കെത്തിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ കേരളത്തിലേക്കുള്ള വരവും ബി.ജെ.പിയുടെ പ്രചരണം കേന്ദ്രീകരിക്കുന്നതും.

ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണയോഗമാണ് കേരളത്തിലേത്. അതും കഴിഞ്ഞ തവണ വലിയ മുന്നേറ്റം നടത്തിയ പത്തനംതിട്ടയില്‍. പാര്‍ട്ടി എ ക്ലാസ് മണ്ഡലങ്ങളായി കാണുന്ന തിരുവനന്തപുരത്തോ തൃശ്ശൂരിലോ പ്രചാരണം ആരംഭിക്കാതെ പത്തനംതിട്ടയില്‍ പ്രധാനമന്ത്രിയെത്തുന്നതിന് പിന്നില്‍ ക്രിസത്യന്‍ വോട്ടുകള്‍ കൂടി ലക്ഷ്യമിട്ടാണ്. അനില്‍ ആന്റണിയുടെ സ്ഥാനാര്‍ഥിത്വവും ഇതിന്റെ ചുവടുപിടിച്ചാണ്.

2019ല്‍ കെ. സുരേന്ദ്രന്‍ മത്സരിച്ച പത്തനംതിട്ടയില്‍ ബി.ജെ.പി മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും മൂന്നുലക്ഷത്തിനടുത്ത് വോട്ട് നേടിയിരുന്നു. ശബരിമല വിഷയവും അന്ന് ബി.ജെ.പിയുടെ വോട്ട് വര്‍ധനയിലേക്ക് നയിച്ചിരുന്നു. സുരേന്ദ്രന്‍ തോറ്റിടത്ത് അനില്‍ കെ. ആന്റണിയാണ് ഇത്തവണ മത്സരരംഗത്ത്. പി.സി ജോര്‍ജ് മത്സരിച്ചേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്താണ് അപ്രതീക്ഷിതമായി അനില്‍ കളത്തിലിറങ്ങുന്നത്. ബി.ജെ.പിയില്‍ നിന്നും അകന്ന് നില്‍ക്കുന്ന ക്രിസ്ത്യന്‍ വോട്ടുകള്‍ അടുപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ വരവ് സഹായിക്കുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തില്‍ എല്‍.ഡി.എഫും-യു.ഡി.എഫും സ്വീകരിച്ച നിലപാട് മുതല്‍ ഒടുവിലത്തെ ഇന്തിഫാദ വിവാദം വരെ മണ്ഡലത്തില്‍ ബി.ജെ.പി പയറ്റുന്നുണ്ട്.

അനില്‍ ആന്റണിക്കുപുറമേ സമീപമണ്ഡലങ്ങളിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥികളും ആറ്റിങ്ങലില്‍ മത്സരിക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരന്‍, ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കര്‍ അടക്കമുള്ളവര്‍ വെള്ളിയാഴ്ച സമ്മേളനവേദിയിലുണ്ടാകും. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ പത്മജാ വേണുഗോപാലും ചടങ്ങില്‍ പങ്കെടുത്തേക്കുമെന്നും ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നുണ്ട്.

കേരളത്തിലെ പ്രചാരണത്തിന് പിന്നാലെ പ്രധാനമന്ത്രി കന്യാകുമാരിയിലെ പ്രചാരണയോഗത്തെ അഭിസംബോധന ചെയ്യും. തമിഴ്‌നാട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയുമായുള്ള തര്‍ക്കത്തില്‍ എ.ഐ.എ.ഡി.എം.കെ മുന്നണിയില്‍ നിന്നും പുറത്ത് പോയതോടെ ദ്രാവിഡമണ്ണില്‍ ബി.ജെ.പിയുടെ നില പരുങ്ങലിലാണ്. ഒപ്പമുള്ള ചെറുകക്ഷികളെ കൂട്ടുപിടിച്ച് വോട്ടുവിഹിതം വര്‍ധിപ്പിക്കാനായിരിക്കും ബി.ജെ.പി ലക്ഷ്യം. തിരഞ്ഞെടുപ്പിന് മുന്നോടിയായി പി.എം.കെയേയും നടന്‍ വിജയകാന്തിന്റെ ഡി.എം.ഡി.എം.കെയേയും മുന്നണിയുടെ ഭാഗമാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. കേന്ദ്രത്തിന്റെ വിവേചന നയങ്ങളും സംസ്ഥാനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തിക ഉപരോധവും ചൂണ്ടിക്കാട്ടി ഡി.എം.കെ രംഗത്തിറങ്ങുമ്പോള്‍ സ്വജനപക്ഷപാതവും അഴിമതിയുമാണ് ബി.ജെ.പി ആയുധമാക്കുന്നത്.

നടന്‍ ശരത് കുമാറിന്റെ ഓള്‍ ഇന്ത്യ സമത്വ മക്കള്‍ കക്ഷി തമിഴ്‌നാട്ടില്‍ ബി.ജെ.പി. സഖ്യത്തിലെത്തിച്ചതാണ് അടുത്തിടെ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്ത് ആശ്വസിക്കാനാകുന്ന ഏക രാഷ്ട്രീയ നീക്കം. തിരുനല്‍വേലി, കന്യാകുമാരി സീറ്റുകള്‍ നടന്‍ ആവശ്യപ്പെട്ടേക്കുമെന്ന് സൂചനകളുണ്ട്. കന്യാകുമാരി സിറ്റിങ് എം.എല്‍.എ വിജയധരണി ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

കേരളത്തിലേയും തമിഴ്‌നാട്ടിലേയും പ്രചാരണത്തിന് പിന്നാലെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ പ്രധാനമന്ത്രി ഹൈദരബാദിലെത്തും. മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ സംബന്ധിച്ച് ഏറെ പ്രതീക്ഷയുള്ള സംസ്ഥാനമാണ് തെലങ്കാന. സംസ്ഥാനത്തെ 17 ലോക്‌സഭാ സീറ്റുകളില്‍ നാല് സീറ്റുകള്‍ 2019-ല്‍ ബി.ജെ.പി സ്വന്തമാക്കിയിരുന്നു. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 14 ശതമാനത്തോളം വോട്ടും എട്ട് സീറ്റുകളും പാര്‍ട്ടിക്ക് സംസ്ഥാനത്തുണ്ട്.