വിദർഭയ്‌ക്കെതിരേ രഞ്ജി ട്രോഫി ഫൈനലിൽ ശ്രേയസ് അയ്യർ | PTI

മുംബൈ: ബി.സി.സി.ഐ.യുടെ സമ്മര്‍ദത്തിനു വഴങ്ങി രഞ്ജി ട്രോഫിയില്‍ കളിക്കാനിറങ്ങിയ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ക്ക് വീണ്ടും പണികിട്ടി. പുറംവേദന കടുത്തതിനാല്‍ നാലാംദിനം മുംബൈക്കൊപ്പം ഫീല്‍ഡിങ്ങിന് ഇറങ്ങിയില്ല. വിദര്‍ഭയ്‌ക്കെതിരേ ഫൈനലില്‍ രണ്ടാം ഇന്നിങ്‌സില്‍ 95 റണ്‍സ് നേടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചെങ്കിലും പുറംവേദന കൂടുതല്‍ വഷളായി.

താരത്തിന് ഐ.പി.എല്‍. സീസണിന്റെ തുടക്കവും നഷ്ടമാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുറംവേദന കാരണം ശ്രേയസ് അയ്യര്‍ കഴിഞ്ഞവര്‍ഷം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇപ്പോള്‍ രഞ്ജി ട്രോഫിയില്‍ മുംബൈ ടീമിനൊപ്പം ചേര്‍ന്നതോടെ പഴയ പ്രശ്‌നം വീണ്ടും അലട്ടി.

ഐ.പി.എലില്‍ കൊല്‍ക്കത്തയുടെ താരമാണ് ശ്രേയസ് അയ്യര്‍. സീസണ്‍ ആരംഭിക്കാന്‍ ഒന്‍പത് ദിവസം മാത്രം ബാക്കിയിരിക്കേയാണ് താരം വീണ്ടും പുറംവേദന പ്രശ്‌നത്തില്‍ പെടുന്നത്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ ഐ.പി.എലില്‍ കളിക്കുന്നതിനെതിരേ ബി.സി.സി.ഐ. അധികൃതരുടെ ഭാഗത്തുനിന്ന് താക്കീതുണ്ടായിരുന്നു. രഞ്ജി ട്രോഫിയില്‍ കളിക്കാതെ വിട്ടുനിന്നതിന് ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ ബി.സി.സി.ഐ.യുടെ വാര്‍ഷിക കരാറില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു.

ഇതോടെ നിര്‍ബന്ധിതനായ ശ്രേയസ്, രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരേ മുംബൈക്കൊപ്പം ചേരുകയായിരുന്നു. മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഏഴ് റണ്‍സ് മാത്രം നേടിയ താരം, രണ്ടാം ഇന്നിങ്‌സില്‍ 111 പന്തുകള്‍ നേരിട്ട് 95 റണ്‍സെടുത്തു. മൂന്ന് സിക്‌സും പത്ത് ഫോറും ഉള്‍പ്പെടെയാണിത്. ബി.സി.സി.ഐ. മാതൃക കാണിക്കാന്‍ താരത്തെ ബലിയാടാക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന ആരോപണം.

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിനു ശേഷം ശ്രേയസ് അയ്യര്‍ ടീമില്‍നിന്ന് വിട്ടുനിന്നിരുന്നു. പുറംവേദന പറഞ്ഞായിരുന്നു വിട്ടുനില്‍ക്കല്‍. ശ്രേയസിന് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനു ശേഷവും പരാതിയുമായി താരമെത്തിയതും ബി.സി.സി.ഐ.യെ ചൊടിപ്പിച്ചിരുന്നു. താരത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ദേശീയ ക്രിക്കറ്റ് അക്കാദമിക്കെതിരെയും ഇപ്പോള്‍ വിമര്‍ശനം ഉയരുന്നു.