മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ

പാറശ്ശാല: ബാങ്കില്‍ അടയ്ക്കുന്നതിനായി പണവുമായെത്തിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ കബളിപ്പിച്ച് ബാഗില്‍നിന്ന് പണം മോഷ്ടിച്ചു. കളിയിക്കാവിളയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കളിയിക്കാവിള പനങ്കാല സ്വദേശിയായ ശ്രീപ്രകാശിന്റെ ബാഗില്‍ നിന്നാണ് 1.46 ലക്ഷം രൂപ മോഷണം പോയത്. പാറശ്ശാല ഓട്ടോ സ്റ്റാന്‍ഡിന് സമീപത്തെ എസ്.ബി.ഐ ബാങ്കിന് മുന്നില്‍ ബുധനാഴ്ച വൈകീട്ട് മൂന്നര മണിയോടെയായിരുന്നു സംഭവം.

ധനകാര്യ സ്ഥാപനത്തിലെ പണം ബാങ്കില്‍ അടയ്ക്കുന്നതിനായി ശ്രീപ്രകാശ് പാറശ്ശാല പെട്രോള്‍ പമ്പിന് മുന്നിലെ എസ്.ബി.ഐ ശാഖയില്‍ ആദ്യം എത്തിയിരുന്നു. എന്നാല്‍, സാങ്കേതിക തടസ്സം മൂലം പണം അടയ്ക്കുവാന്‍ സാധിക്കാത്തതിനാല്‍ യുവാവ് ഓട്ടോ സ്റ്റാന്‍ഡിന് സമീപത്തെ എസ്.ബി.ഐ ശാഖയിലും എത്തി. ഇവിടെയും സെര്‍വര്‍ സംബന്ധമായ തകരാര്‍ മൂലം പണം അടയ്ക്കുന്നതിന് നാല് മണി കഴിയുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം ബാങ്കിന് പുറത്തെത്തി ഫോണില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കവെയാണ് പണം നഷ്ടമായത്.

ഫോണില്‍ സംസാരിച്ചുകൊണ്ട് നിന്ന ശ്രീപ്രകാശിന്റെ അടുത്ത് തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്ന ഒരാളെത്തി നെയ്യാറ്റിന്‍കരയിലേക്കുളള വഴി ചോദിക്കുകയും ഇത് പറഞ്ഞ് കൊടുക്കുന്ന സമയത്ത് പിന്നില്‍നിന്ന വ്യക്തി യുവാവിന്റെ ബാഗ് തുറന്ന് പണവുമെടുത്ത് കടന്ന് കളയുകയുമായിരുന്നു. ബാങ്കില്‍ അടയ്ക്കുന്നതിനായി പണം എടുക്കുവാന്‍ നോക്കിയപ്പോഴാണ് പണം നഷ്ടമായതായി യുവാവ് മനസ്സിലാക്കിയത്. തുടര്‍ന്ന് ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന രീതി കണ്ടെത്തിയത്. യുവാവിന്റെ പരാതിയില്‍ പാറശ്ശാല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.