ഹ്യുണ്ടായി ക്രെറ്റ എൻലൈൻ | Photo: Hyundai India

  • ടോര്‍ബോ മോഡലിനൊപ്പം മാനുവല്‍ ഗിയര്‍ബോക്‌സ് നല്‍കിയതും എന്‍ലൈന്‍ സവിശേഷതയായാണ്.

ഹ്യുണ്ടായി ഇന്ത്യയുടെ പെര്‍ഫോമെന്‍സ് വാഹനനിര വലുതാക്കി ക്രെറ്റയുടെ എന്‍ലൈന്‍ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. ഐ20, വെന്യൂ എന്നീ വാഹനങ്ങള്‍ മാത്രമുണ്ടായിരുന്ന എന്‍ലൈന്‍ ശ്രേണിയിലേക്കാണ് ക്രെറ്റയും എത്തിയിരിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ എന്‍8, എന്‍10 എന്നീ രണ്ട് വേരിയന്റുകളിലായി എത്തുന്ന ക്രെറ്റ എന്‍ലൈനിന് 16.82 ലക്ഷം രൂപ മുതല്‍ 20.29 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

ഡബ്ല്യു.ആര്‍.സി. മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ വാഹനത്തിന്റെ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ടോര്‍ബോ മോഡലിനൊപ്പം മാനുവല്‍ ഗിയര്‍ബോക്‌സ് നല്‍കിയതും എന്‍ലൈന്‍ സവിശേഷതയായാണ്. ഇതിനൊപ്പം വാഹനത്തിന്റെ പുറത്തും അകത്തുമായി എന്‍ലൈന്‍ ഫീച്ചറുകളും നല്‍കിയാണ് ഈ വാഹനത്തിന് സ്‌പോര്‍ട്ടി ഭാവം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വിപണിയില്‍ എത്തിച്ച ഈ വാഹനത്തിന്റെ ബുക്കിങ്ങ് കഴിഞ്ഞ മാസം തന്നെ ആരംഭിച്ചിരുന്നു. വരും മാസങ്ങളില്‍ വിതരണം ആരംഭിക്കും.

പെര്‍ഫോമെന്‍സിന് കൂടുതല്‍ പ്രധാന്യം നല്‍കുന്നതിനായി സ്റ്റിയറിങ്ങ് ഡൈനാമിക്‌സ്, സസ്‌പെന്‍ഷന്‍ സംവിധാനം, എക്‌സ്‌ഹോസ്റ്റ് എന്നിവയില്‍ ആവശ്യമായി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍, റെഗുലര്‍ ക്രെറ്റയില്‍ കരുത്ത് പകരുന്ന എന്‍ജിന്‍ തന്നെയാണ് ഈ മോഡലിലും നല്‍കുന്നത്. 160 പി.എസ്. പവറും 253 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് എന്‍ലൈനിലുമുള്ളത്. ഏഴ് സ്പീഡ് ഡി.സി.ടിക്കൊപ്പം ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും.

ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള എന്‍ലൈന്‍ ഗ്രില്ലാണ് പ്രധാനമാറ്റം ഒരുക്കുന്നത്. എന്‍ലൈന്‍ ബാഡ്ജിങ്ങിനൊപ്പം ലോഗോയുടെ പൊസിഷനിലും മാറ്റം വരുത്തിയിട്ടുണ്ട്. എയര്‍ഡാമിന് ചുറ്റിലും ആവരണമൊരുക്കുന്ന രീതിയിലാണ് സ്‌കിഡ് പ്ലേറ്റ് നല്‍കിയിരിക്കുന്നത്. ബമ്പറിന്റെ രണ്ട് വശങ്ങളിലുമായി എന്‍ലൈന്‍ സിഗ്നേച്ചര്‍ ഡിസൈനായ ചുവപ്പ് ലൈനും നല്‍കിയിട്ടുണ്ട്. ക്വാഡ് ബീം ഹെഡ്‌ലാമ്പ്, എല്‍ ഷേപ്പ് ഡി.ആര്‍.എല്‍, എല്‍.ഇ.ഡി. പൊസിഷന്‍ ലാമ്പ് എന്നിവ റെഗുലര്‍ മോഡലില്‍ നിന്ന് കടംകൊണ്ടവയാണ്.

എന്‍ ബാഡ്ജിങ്ങുള്ള അലോയി വീല്‍, റെഡ് ബ്രേക്ക് കാലിപ്പറുകള്‍, റെഡ് ഇന്‍സേര്‍ട്ട് നല്‍കിയിട്ടുള്ള സൈഡ് സ്‌കേര്‍ട്ട് എന്നിവയാണ് വശങ്ങള്‍ക്ക് വ്യത്യസ്തത നല്‍കുന്നത്. റെഗ് ഇന്‍സേര്‍ട്ടും ബ്ലാക്ക് ക്ലാഡിങ്ങും നല്‍കിയിട്ടുള്ള ബമ്പറാണ് പിന്‍ഭാഗത്തെ പ്രധാന ആകര്‍ഷണം. എന്‍ലൈന്‍ ബാഡ്ജിങ്ങ് ഹാച്ച്‌ഡോറിലും പതിപ്പിച്ചിട്ടുണ്ട്. ട്വിന്‍ എക്‌സ്‌ഹോസ്റ്റാണ് റിയറിലെ മറ്റൊരു ആര്‍ഷക ഘടകം. റൂഫ് സ്‌പോയിലര്‍, ടെയ്ല്‍ലാമ്പ് എന്നിവ റെഗുലര്‍ മോഡലിലേത് പറച്ചുനട്ടവയാണ്.

റെഗുലര്‍ മോഡലില്‍ നിന്ന് നിരവധി മാറ്റങ്ങളോടെയാണ് എന്‍ലൈന്‍ തീം ഇന്റീരിയര്‍ ഒരുങ്ങിയിരിക്കുന്നത്. എക്സ്റ്റീരിയര്‍ അലങ്കരിച്ചിരിക്കുന്ന ചുവപ്പ് നിറത്തിലുള്ള ഇന്‍സേര്‍ട്ടുകള്‍ ഇന്റീരിയറിലും നല്‍കിയിട്ടുണ്ട്. എന്‍ലൈന്‍ സ്റ്റിയറിങ്ങ് വീല്‍, സ്‌പോര്‍ട്ടി മെറ്റല്‍ പെഡലുകള്‍, എന്‍ ബാഡ്ജിങ്ങും റെഡ് ലൈനുകളും നല്‍കിയിട്ടുള്ള ഗിയര്‍ ലിവര്‍, റെഡ് സ്റ്റിച്ചിങ്ങിനൊപ്പം എന്‍ ലോഗോയും പതിപ്പിച്ചുട്ടുള്ള സീറ്റുകള്‍ എന്നിവയ്‌ക്കൊപ്പം കറുപ്പിന്റെ അഴകും ചേര്‍ന്നാണ് അകത്തളം അലങ്കരിക്കുന്നത്.